മെല്‍ബണ്‍: നവജാത ശിശുക്കളേയും അഞ്ച് വയസ് വരെയുള്ള കുട്ടികളുടേയും സംരക്ഷണ കേന്ദ്രത്തില്‍ നടന്നത് ക്രൂരമായ ലൈംഗിക പീഡനം. ജീവനക്കാരന്‍ അറസ്റ്റിലായതിന് പിന്നാലെ 1200 കുഞ്ഞുങ്ങള്‍ക്ക് ലൈംഗിക രോഗങ്ങളുണ്ടോയെന്ന് പരിശോധിക്കാനൊരുങ്ങി ഓസ്‌ട്രേലിയ. ശിശുസംരക്ഷണ കേന്ദ്രത്തിലെ ജീവനക്കാരനായ ജോഷ്വാ ബ്രൗണ്‍ മെയ് മാസത്തിലാണ് ലൈംഗിക പീഡനം അടക്കമുള്ള 70ലേറെ കുറ്റങ്ങള്‍ക്ക് പിടിയിലായത്. അഞ്ച് മാസം മുതല്‍ 2 വയസ് വരെ പ്രായമുള്ള എട്ട് കുട്ടികളെയാണ് ഇയാള്‍ പീഡിപ്പിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
മെല്‍ബണിലെ പശ്ചിമ മേഖലകളിലെ ശിശു സംരക്ഷണ കേന്ദ്രത്തിലായിരുന്നു പീഡനം നടന്നത്. 12 വയസില്‍ താഴെ പ്രായമുള്ള കുട്ടികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുക, 12 വയസില്‍ താഴെ പ്രായമുള്ള കുട്ടികളുമായി ലൈംഗിക ബന്ധം പുലര്‍ത്താന്‍ ശ്രമിക്കുക, ലൈംഗിക പീഡനം, കൃത്യവിലോപം അടക്കമുള്ള കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ജോഷ്വാ ബ്രൗണ്‍ അറസ്റ്റിലായതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ ജോലി ചെയ്തിരുന്ന 20ലേറെ ശിശുസംരക്ഷണ കേന്ദ്രങ്ങളിലും സമാന രീതിയിലുള്ള കുറ്റകൃത്യങ്ങള്‍ ഇയാള്‍ ചെയ്തതായി വ്യക്തമായത്. 2017 ജനുവരി മുതല്‍ 2025 മെയ് മാസം വരെയാണ് ഇയാള്‍ വിവിധ ശിശു സംരക്ഷണ കേന്ദ്രങ്ങളില്‍ ജോലി ചെയ്തത്.
ഇക്കാലയളവില്‍ ഈ ശിശു സംരക്ഷണ കേന്ദ്രങ്ങളില്‍ കഴിഞ്ഞിരുന്ന കുട്ടികള്‍ക്ക് എച്ച്‌ഐവി അടക്കമുള്ള ലൈംഗിക രോഗങ്ങള്‍ ഇല്ലെന്ന് ഉറപ്പ് വരുത്താനുള്ള ശ്രമത്തിലാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ നിലവിലുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് 2600ഓളം കുടുംബങ്ങളെ ബന്ധപ്പെട്ടതായും 1200 കുട്ടികളെ ലൈംഗിക രോഗങ്ങളുണ്ടോയെന്ന പരിശോധനയ്ക്ക് വിധേയമാക്കാന്‍ തീരുമാനിച്ചതായുമാണ് വിക്ടോറിയയിലെ ചീഫ് ഹെല്‍ത്ത് ഓഫീസറായ ഡോ. ക്രിസ്റ്റ്യന്‍ മഗ്രാത്ത് വിശദമാക്കിയത്.
മുന്‍കരുതലെന്ന നിലയിലാണ് പരിശോധനകളെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് ഡോ. ക്രിസ്റ്റ്യന്‍ മഗ്രാത്ത് അന്തര്‍ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയത്. എന്നാല്‍ എന്തെല്ലാം രോഗങ്ങള്‍ക്കുള്ള പരിശോധനകളാണ് കൃത്യമായി നടത്താന്‍ ഉദ്ദേശിക്കുന്നതെന്ന് ഡോ. ക്രിസ്റ്റ്യന്‍ മഗ്രാത്ത് വിശദമാക്കിയില്ല.
കുട്ടികളുടെ സംരക്ഷണവും ആരോഗ്യ പരിശോധനയും ലക്ഷ്യമിട്ടാണ് ജോഷ്വാ ബ്രൗണിന്റെ പേരുവിവരങ്ങള്‍ പുറത്ത് വിട്ടതെന്നാണ് പൊലീസ് വിശദമാക്കുന്നത്. അതിക്രമത്തില്‍ മറ്റ് ജീവനക്കാര്‍ക്ക് പങ്കുള്ളതായി നിലവില്‍ തെളിവുകളില്ല. 70ഓളം കേസുകളാണ് ജോഷ്വാ ബ്രൗണിനെതിരെ തെളിഞ്ഞിട്ടുള്ളത്. വൈദ്യ പരിശോധനയില്‍ ഇയാള്‍ക്ക് ലൈംഗിക രോഗങ്ങളുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇതിനാലാണ് ഇയാള്‍ ജോലി ചെയ്ത കാലഘട്ടത്തില്‍ ശിശുക്ഷേമ കേന്ദ്രത്തിലെത്തിച്ച എല്ലാ കുട്ടികളെയും എസ്റ്റിഡി പരിശോധനയ്ക്ക് വിധേയരാക്കുന്നത്. കുഞ്ഞുങ്ങളെ ചൂഷണം ചെയ്യുന്ന ദൃശ്യങ്ങള്‍ ഇയാള്‍ പകര്‍ത്തുകയും പ്രചരിപ്പിക്കുന്നതായും അന്വേഷണത്തില്‍ നിന്ന് വ്യക്തമായിട്ടുണ്ട് .