/kalakaumudi/media/media_files/2025/08/14/mala-2025-08-14-16-12-10.jpg)
കൊല്ലം: മലപ്പുറത്ത് നിന്ന് തട്ടിക്കൊണ്ടുപോയ യുവ പ്രവാസി വ്യവസായിയെ കൊല്ലത്ത് നിന്നും കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രിയാണ് പാണ്ടിക്കാട് സ്വദേശിയായ വി.പി. ഷമീറിനെ (40) തട്ടിക്കൊണ്ടു പോയത്. ഷമീറിനെയും, പ്രതികളായ നാലു പേരേയും മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കൊല്ലം ജില്ലയിലെ അഞ്ചല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുരിവിക്കോണം എന്ന സ്ഥലത്ത് നിന്നുമാണ് കസ്റ്റഡിയിലെടുത്തത്.
തട്ടിക്കൊണ്ടു പോയവര്‍ മോചനദ്രവ്യമായി ഒന്നരക്കോടി രൂപയോളം ആവശ്യപ്പെട്ടതായി വീട്ടുകാര്‍ പൊലീസിനു മൊഴി നല്‍കിയിരുന്നു. ചൊവ്വാഴ്ച രാത്രി എട്ടിനാണ് കാറിലെത്തിയ സംഘം വട്ടിപ്പറമ്പന്‍ ഷമീറിനെ തട്ടിക്കൊണ്ടു പോയത്. വീട്ടിലേക്ക് ബൈക്കില്‍ മടങ്ങുന്നതിനിടെ വഴിയില്‍ വച്ച് കാറിടിച്ചു തെറിപ്പിച്ച് ബലമായി കയറ്റിക്കൊണ്ടു പോവുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കാറില്‍ ബലം പ്രയോഗിച്ചു കയറ്റാനുള്ള ശ്രമത്തിനിടെ ഷമീര്‍ ബഹളം വയ്ക്കുന്നതും കുതറിയോടാന്‍ ശ്രമിക്കുന്നതും ദൃശ്യത്തിലുണ്ട്.
പെരിന്തല്‍മണ്ണ ഡിവൈഎസ്പി എ. പ്രേംജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കഴിഞ്ഞദിവസം രാത്രിയും ഇന്നലെ പകലും പാണ്ടിക്കാട്ടെ വീട്ടിലെത്തി ഭാര്യയുടെയും മറ്റും മൊഴി ശേഖരിച്ചിരുന്നു. ജില്ലാ പൊലീസ് മേധാവി ആര്‍. വിശ്വനാഥും സ്ഥലത്തെത്തിയിരുന്നു.
ദുബായില്‍ കൂട്ടുസംരംഭമായി ഫാര്‍മസി ബിസിനസ് നടത്തുകയാണ് ഷമീര്‍. 60ഓളം ഫാര്‍മസികളും 3 റസ്റ്ററന്റുകളും ഇവരുടെ കീഴിലുണ്ട്. മുന്‍ പാര്‍ട്ണര്‍മാരുമായുള്ള സാമ്പത്തിക ഇടപാടുകളും അതിനെത്തുടര്‍ന്നുണ്ടായ കോടതി വ്യവഹാരങ്ങളുമാണ് നിലവിലെ സംഭവത്തിനു പിന്നിലെന്നാണ് പൊലീസിന്റെ നിലവിലെ നിഗമനം. കുടുംബസമേതം വിദേശത്തു കഴിയുന്ന ഷമീര്‍ കഴിഞ്ഞ നാലിനാണ് നാട്ടിലെത്തിയത്. അടുത്ത 18നു മടങ്ങാന്‍ ഇരിക്കുകയായിരുന്നു.