ഗായകന്‍ സുബീന്‍ ഗാര്‍ഗിന്റെ മരണം: മാനേജരും സംഘാടകനും അറസ്റ്റില്‍

ഗാര്‍ഗിന്റെ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസിലെ മുഖ്യപ്രതികളായ മഹന്തയ്ക്കും ശര്‍മ്മയ്ക്കും ഒക്ടോബര്‍ 6 ന് നേരിട്ട് ഹാജരാകാന്‍ അസം സിഐഡി സമന്‍സ് അയച്ചിരുന്നു. സംഭവത്തിന് ശേഷം ഇരുവരും സിംഗപ്പൂരില്‍നിന്ന് അസമിലേക്ക് മടങ്ങിയിരുന്നില്ല

author-image
Biju
New Update
garg

ഗുവാഹത്തി: ഗായകന്‍ സുബീന്‍ ഗാര്‍ഗിന്റെ മരണവുമായി ബന്ധപ്പെട്ട് നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവല്‍ സംഘാടകന്‍ ശ്യാംകാനു മഹന്തയെയും ഗാര്‍ഗിന്റെ മാനേജര്‍ സിദ്ധാര്‍ത്ഥ ശര്‍മ്മയെയും അസം പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ ഇന്നു രാവിലെ ഗുവാഹത്തിയില്‍ എത്തിച്ചതായി ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ദി ഇന്ത്യന്‍ എക്‌സ്പ്രസിനോട് സ്ഥിരീകരിച്ചു. 

ഗാര്‍ഗിന്റെ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസിലെ മുഖ്യപ്രതികളായ മഹന്തയ്ക്കും ശര്‍മ്മയ്ക്കും ഒക്ടോബര്‍ 6 ന് നേരിട്ട് ഹാജരാകാന്‍ അസം സിഐഡി സമന്‍സ് അയച്ചിരുന്നു. സംഭവത്തിന് ശേഷം ഇരുവരും സിംഗപ്പൂരില്‍നിന്ന് അസമിലേക്ക് മടങ്ങിയിരുന്നില്ല. സിംഗപ്പൂരില്‍ നിന്ന് എത്തിയ മഹന്തയെ ഡല്‍ഹി വിമാനത്താവളത്തില്‍വച്ചാണ് അറസ്റ്റ് ചെയ്തത്. ഗുഡ്ഗാവില്‍ വെച്ചാണ് ശര്‍മ്മയെ അറസ്റ്റ് ചെയ്തത്.

സെപ്റ്റംബര്‍ 19 ന് നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിനായി സിംഗപ്പൂരിലെത്തിയപ്പോഴാണ് 52 കാരനായ ഗാര്‍ഗ് മരിച്ചത്. സ്‌കൂ ഡൈവിങ്ങിനിടെ അദ്ദേഹത്തിന് ബോധം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് സിംഗപ്പൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. എന്നാല്‍, സിംഗപ്പൂര്‍ അധികൃതര്‍ നല്‍കിയ മരണ സര്‍ട്ടിഫിക്കറ്റില്‍നിന്നാണ് മുങ്ങിമരിച്ചതാണെന്ന് വ്യക്തമായത്. 

ഗാര്‍ഗിന് ഒപ്പമുണ്ടായിരുന്ന മഹന്തയ്ക്കും ശര്‍മ്മയ്ക്കും മറ്റുള്ളവര്‍ക്കുമെതിരെ നിരവധി പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്ന്, ക്രിമിനല്‍ ഗൂഢാലോചന, കൊലപാതകത്തിന് തുല്യമല്ലാത്ത മനഃപൂര്‍വമായ നരഹത്യ, അശ്രദ്ധമൂലം മരണം എന്നിവയുമായി ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം അസം സിഐഡി കേസ് രജിസ്റ്റര്‍ ചെയ്തത്.

പൊതുജനരോഷം തങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാകുമെന്ന് ഭയന്ന് അസമിലേക്ക് മടങ്ങുന്നത് ഒഴിവാക്കുകയാണെന്ന് ശര്‍മ്മയും മഹന്തയും നേരത്തെ പ്രസ്താവനകള്‍ ഇറക്കിയിരുന്നു. തുടര്‍ന്ന് അന്വേഷണത്തില്‍ സഹായം തേടി ആഭ്യന്തര മന്ത്രാലയം ചൊവ്വാഴ്ച സിംഗപ്പൂര്‍ സര്‍ക്കാരിന് കത്തെഴുതിയിരുന്നു.

അസമിലെ ഏറ്റവും സ്വാധീനമുള്ള സംഗീത കലാകാരനായിരുന്ന ഗാര്‍ഗ്, ബോളിവുഡിലും ജനപ്രിയനായിരുന്നു. തൊണ്ണൂറുകളില്‍ അസമീസ് ഭാഷയില്‍ പ്രശസ്തിയിലേക്ക് എത്തിയ സുബീന്‍, 2006 ല്‍ പുറങ്ങിയ 'ഗാങ്സ്റ്റര്‍' എന്ന ബോളിവുഡ് ചിത്രത്തിലെ 'യാ അലി' എന്ന ഗാനത്തിലൂടെയാണ് രാജ്യമൊട്ടാകെ ശ്രദ്ധനേടിയത്. ഇന്ത്യയ്ക്കു പുറമേ തെക്കനേഷ്യന്‍ രാജ്യങ്ങളിലും ഗള്‍ഫ് രാജ്യങ്ങളിലും ഗാനം ഏറെ ശ്രദ്ധനേടിയിരുന്നു.