/kalakaumudi/media/media_files/2025/04/09/VA0BvNK4jM4mYLKSFoo5.jpg)
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ കുടുംബവീട്ടിലേക്ക് പോവാനായി വാടകയ്ക്കെടുത്ത ടെമ്പോയിലെ മുന്‍സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് വടക്കന്‍ ഡല്‍ഹിയിലെ തിമര്‍പൂര്‍ മേഖലയില്‍ അച്ഛനെ മകന്‍ വെടിവെച്ചു കൊന്നു.
പ്രതി ദീപക്കിനെ സംഭവസ്ഥലത്തുനിന്ന് അറസ്റ്റ് ചെയ്തു. ഇയാള്‍ക്ക് 26 വയസ്സുണ്ട്. കുറ്റകൃത്യത്തിന് ഉപയോഗിച്ച തോക്കും 11 തിരകളും കണ്ടെടുത്തതായി പോലീസ് പറഞ്ഞു.
വ്യാഴാഴ്ച വൈകുന്നേരം 7:30-ഓടെ തിമര്‍പൂരിലെ എംഎസ് ബ്ലോക്കിനടുത്താണ് സംഭവം. ഇവിടെ പട്രോളിംഗ് നടത്തുകയായിരുന്ന ഉദ്യോഗസ്ഥര്‍ വെടിയൊച്ച കേട്ട് സംഭവസ്ഥലത്തേക്ക് ഓടിയെത്തി. നടപ്പാതയില്‍ ചോരയില്‍ കുളിച്ചു കിടക്കുന്ന ഒരാളേയും പ്രതിയില്‍നിന്ന് തോക്ക് പിടിച്ചുവാങ്ങാന്‍ ശ്രമിക്കുന്ന നാട്ടുകാരെയും കണ്ടതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സിഐഎസ്എഫില്‍നിന്ന് വിരമിച്ച 60 വയസ്സുള്ള സബ് ഇന്‍സ്പെക്ടര്‍ സുരേന്ദ്ര സിങ് ആണ് മരിച്ചത്. ഇയാളെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സുരേന്ദ്ര സിങ്ങിന്റെ ഇടതുകവിളിലാണ് മകന്റെ വെടിയേറ്റത്.
ആറുമാസം മുന്‍പ് സിഐഎസ്എഫില്‍നിന്ന് വിരമിച്ച ശേഷം സുരേന്ദ്ര സിങ് കുടുംബസമേതം ഉത്തരാഖണ്ഡിലെ സ്വന്തം ഗ്രാമത്തിലേക്ക് താമസം മാറാന്‍ തയ്യാറെടുക്കുകയായിരുന്നു.
ടെമ്പോ വാടകയ്‌ക്കെടുത്തു സാധനങ്ങള്‍ കയറ്റുമ്പോഴാണ് മുന്‍സീറ്റില്‍ ആര് ഇരിക്കുമെന്നതിനെച്ചൊല്ലി സുരേന്ദ്രയും ദീപക്കും തമ്മില്‍ തര്‍ക്കമുണ്ടായത്. സാധനങ്ങള്‍ നിറച്ചതിനാല്‍ മുന്‍സീറ്റില്‍ ഇരിക്കണമെന്ന് സുരേന്ദ്ര നിര്‍ബന്ധം പിടിച്ചപ്പോള്‍ ദീപക് പ്രകോപിതനാവുകയും അച്ഛന്റെ തോക്കെടുത്ത് അദ്ദേഹത്തെ വെടിവെക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു.