/kalakaumudi/media/media_files/2025/08/11/rames-2025-08-11-20-37-03.jpg)
കൊച്ചി: കോതമംഗലത്ത് ടിടിഐ വിദ്യര്‍ഥിനിയായ 23 വയസ്സുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്ത് പറവൂര്‍ ആലങ്ങാട് തോപ്പില്‍പറമ്പില്‍ റമീസ് (24) അറസ്റ്റിലായതിന് പിന്നാലെ നടക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. വിവാഹ വാഗ്ദാനം നല്‍കി പീഡനം, ദേഹോപദ്രവം, ആത്മഹത്യാ പ്രേരണ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. യുവതിയെ മര്‍ദിക്കാന്‍ കൂട്ടുനിന്നതിന് റമീസിന്റെ മാതാപിതാക്കളെ അടക്കം കേസില്‍ പ്രതി ചേര്‍ക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്.
ആലുവയിലെ സ്വകാര്യ കോളജില്‍ പഠിക്കുന്ന കാലത്താണ് യുവതിയും റമീസും ഇഷ്ടത്തിലാകുന്നത്. ഏതാനും വര്‍ഷം മുന്‍പാണ് റമീസിന്റെ കുടുംബം ആലങ്ങാട് പാനായിക്കുളം ഭാഗത്തു താമസം തുടങ്ങിയത്. ഇറച്ചിവെട്ടാണ് പിതാവ് റഹീമിന്റെ ജോലി. പലയിടങ്ങളിലായി ഇറച്ചി സ്റ്റാളുകളുണ്ട്. ഇടയ്ക്ക് റമീസും ഇറച്ചി വെട്ടാന്‍ പോകാറുണ്ടായിരുന്നു. കുടുംബം സാമ്പത്തികമായി മെച്ചപ്പെട്ട സ്ഥിതിയിലാണെന്നും നാട്ടുകാര്‍ പറയുന്നു. യുവതിയും റമീസും തമ്മില്‍ ഇഷ്ടത്തിലായതിനെ തുടര്‍ന്ന് കുടുംബങ്ങള്‍ ഇടപെട്ട് വിവാഹാലോചന നടത്തിയിരുന്നു.
എന്നാല്‍, വിവാഹം നടക്കണമെങ്കില്‍ മതം മാറണമെന്നു റമീസിന്റെ കുടുംബം ആവശ്യപ്പെട്ടെന്നാണ് യുവതിയുടെ മാതാവും സഹോദരനും പറയുന്നത്. മതംമാറാന്‍ സമ്മതമാണെന്ന് യുവതി വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ചേരാനെല്ലൂരിലെ ലോഡ്ജില്‍ വച്ച് അനാശാസ്യ പ്രവൃത്തിക്ക് റമീസ് പൊലീസിന്റെ പിടിയിലായത്. തുടര്‍ന്ന്, മതം മാറാന്‍ സാധിക്കില്ലെന്നും റജിസ്റ്റര്‍ വിവാഹം കഴിക്കാമെന്നും യുവതി നിലപാടെടുത്തിരുന്നു. ഇക്കാര്യം യുവതി ആത്മഹത്യക്കുറിപ്പില്‍ സൂചിപ്പിച്ചിട്ടുണ്ട്. റമീസിനു മറ്റു സ്ത്രീകളുമായും ബന്ധമുണ്ടായിരുന്നെന്നു നാട്ടുകാര്‍ പറയുന്നുണ്ട്.
റമീസിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് ആത്മഹത്യക്കുറിപ്പില്‍ യുവതി ഉന്നയിച്ചിരിക്കുന്നത്. മതം മാറാന്‍ സമ്മതിച്ചതിനു ശേഷവും റമീസും സുഹൃത്തുക്കളും വീട്ടുകാരും തന്നോടുള്ള ക്രൂരത തുടര്‍ന്നെന്നാണ് കുറിപ്പില്‍ പറയുന്നത്. ഇരുവരും തമ്മിലുള്ള തര്‍ക്കങ്ങളുടെ വാട്‌സാപ് ചാറ്റുകളും മറ്റും പൊലീസിന് ലഭിച്ചിട്ടുണ്ട്. മര്‍ദനത്തിന്റെയും മതംമാറ്റത്തിന്റെയും കാര്യം ഈ ചാറ്റുകളിലുണ്ട്. റജിസ്റ്റര്‍ വിവാഹം കഴിക്കാനാണെന്നു പറഞ്ഞാണ് സുഹൃത്തിന്റെ വീട്ടില്‍നിന്നു റമീസ് യുവതിയെ വിളിച്ചു കൊണ്ടു പോയതെന്ന് അമ്മ പറയുന്നു. എന്നാല്‍ തന്റെ വീട്ടിലേക്കാണ് റമീസ് യുവതിയെ കൊണ്ടുപോയത്.
വീട്ടിലെത്തിയ ഉടന്‍, മതം മാറണമെന്നും ഇതിനായി പൊന്നാനിയില്‍ പോകാന്‍ വാഹനം തയാറാണെന്നും റമീസ് പറഞ്ഞെന്നും സമ്മതിക്കാത്തതുകൊണ്ട് മര്‍ദിച്ചെന്നും മുറിയില്‍ പൂട്ടിയിട്ടെന്നും യുവതി പറഞ്ഞതായി സുഹൃത്ത് വെളിപ്പെടുത്തിയിട്ടുണ്ട്. താന്‍ സഹോദരനെ വിളിക്കുമെന്നു പറഞ്ഞപ്പോഴാണ് തുറന്നു വിട്ടതെന്നും യുവതി പറഞ്ഞതായി അമ്മ പറയുന്നു. റമീസിന്റെ കുടുംബക്കാരും സുഹൃത്തുക്കളുമെല്ലാം ഈ സമയം വീട്ടിലുണ്ടായിരുന്നെന്നും യുവതി പറഞ്ഞിരുന്നു.
അവിടെനിന്നു തിരിച്ചു വന്ന ശേഷവും മതംമാറ്റം അടക്കമുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട് റമീസ് നിരന്തരം യുവതിയെ സമ്മര്‍ദത്തിലാക്കിയിരുന്നതായി പൊലീസ് പറയുന്നു. ഈ സമ്മര്‍ദം താങ്ങാന്‍ കഴിയാതെ താന്‍ പിതാവിന്റെ അടുക്കലേക്ക് പോകുന്നു എന്നാണ് യുവതിയുടെ കുറിപ്പ് അവസാനിക്കുന്നത്. മൂന്നു മാസം മുന്‍പു വീടിനടുത്തുള്ള കുളക്കരയില്‍ മരിച്ച നിലയില്‍ യുവതിയുടെ പിതാവിനെ കണ്ടെത്തുകയായിരുന്നു.