ഉറക്കം കെടുത്തി അജ്ഞാതനായ യുവാവ്; ഭീതിയില്‍ കുറ്റിപ്പുറത്തുകാര്‍

വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ട ഇയാള്‍, തന്റെ കൈയില്‍ പണമുണ്ടെന്നും അത് തട്ടിയെടുക്കാന്‍ ആളുകള്‍ വരുന്നുണ്ടെന്നും പറഞ്ഞതായും വീട്ടുകാര്‍ പറയുന്നു

author-image
Jayakrishnan R
New Update
stranger

stranger

 

 

 

 

മലപ്പുറം: അര്‍ധരാത്രിയില്‍ അടിവസ്ത്രം മാത്രം ധരിച്ചെത്തുന്ന അജ്ഞാതനായ യുവാവ് കുറ്റിപ്പുറത്ത് നാട്ടുകാരെ ആശങ്കയിലാക്കുന്നു. വീടുകളിലെത്തി വീടിന്റെ ജനലും വാതിലും ശക്തമായി തല്ലിതുറക്കാനും ഇയാള്‍ ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കുറ്റിപ്പുറം നിള പാര്‍ക്കിന് സമീപം താമസിക്കുന്ന അധികാരത്ത് ഷാഹുല്‍ഹമീദിന്റെ വീട്ടിലും ടെക്നിക്കല്‍ ഹൈസ്‌കൂളിന്റെ സമീപത്തെ ഒരു വീട്ടിലുമാണ് സമാനമായ സംഭവമുണ്ടായത്.

ഷാഹുല്‍ ഹമീദിന്റെ വീട്ടില്‍ പുലര്‍ച്ചെ ശക്തമായ ശബ്ദം കേട്ട് അദ്ദേഹത്തിന്റെ ഇളയ മകന്‍ ജനലിലൂടെ നോക്കിയപ്പോഴാണ് അടിവസ്ത്രം മാത്രം ധരിച്ച നിലയില്‍ യുവാവിനെ കണ്ടത്. ഇയാള്‍ വീടിന്റെ ജനലിലും വാതിലിലും ശക്തമായി ചവിട്ടുകയും അടിക്കുകയും ചെയ്തു. വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ട ഇയാള്‍, തന്റെ കൈയില്‍ പണമുണ്ടെന്നും അത് തട്ടിയെടുക്കാന്‍ ആളുകള്‍ വരുന്നുണ്ടെന്നും പറഞ്ഞതായും വീട്ടുകാര്‍ പറയുന്നു . ഭയപ്പെട്ട  വീട്ടുകാര്‍ ഉടന്‍തന്നെ കുറ്റിപ്പുറം പൊലീസിനെ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും ഇയാള്‍ ഓടി രക്ഷപ്പെട്ടു.

സമാനമായ സംഭവം ടെക്നിക്കല്‍ ഹൈസ്‌കൂളിന്റെ സമീപത്തെ വീട്ടിലും നടന്നു. ഈ സമയം വീട്ടില്‍ ആളുണ്ടായിരുന്നില്ല. വിദേശത്തുള്ള മകന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഈ സംഭവം അറിഞ്ഞത്. ഈ സംഭവങ്ങള്‍ കുറ്റിപ്പുറം നിവാസികളില്‍ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും രാത്രികാലങ്ങളില്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

 

 

malappuram Crime