/kalakaumudi/media/media_files/2025/09/11/kyl-2025-09-11-07-54-26.jpg)
കോട്ടയം: കാണാതായ വിദ്യാര്‍ഥിയെ തണ്ണീര്‍മുക്കംബണ്ടിന് സമീപം വേമ്പനാട്ടുകായലില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വൈക്കം കുടവെച്ചൂര്‍ പുതുചിറയില്‍ മനുവിന്റെയും ദീപയുടെയും മകന്‍ കാര്‍ത്തിക് (15) ആണ് മരിച്ചത്. വൈക്കം വല്ലകം സെയ്ന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ഥിയാണ്.
ചൊവ്വാഴ്ച രാവിലെ മുതലാണ് കാര്‍ത്തിക്കിനെ കാണാതായത്. ബന്ധുക്കള്‍ സ്‌കൂളിന് മുമ്പിലായി കാര്‍ത്തിക്കിനെ കൊണ്ടുപോയിവിട്ടിരുന്നു. സ്‌കൂളില്‍നിന്ന് തിരികെ എത്തിയില്ല. തുടര്‍ന്ന് വൈക്കം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ബുധനാഴ്ച രാവിലെ വൈക്കം പൊലീസ് നടത്തിയ അന്വേഷണത്തില്‍ തണ്ണീര്‍മുക്കം ബണ്ടിന് നടുഭാഗത്തുനിന്നും കാര്‍ത്തിക്കിന്റെ ഒരുചെരുപ്പും ബാഗും മൊബൈല്‍ഫോണും കണ്ടെത്തി.
തുടര്‍ന്ന് വൈക്കം അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. സേന എത്തി കായലിന്റെ മധ്യഭാഗത്ത് സംശയംതോന്നിയ സ്ഥലത്ത് നടത്തിയ തിരച്ചിലില്‍ മറ്റൊരു ചെരുപ്പും കണ്ടെത്തി. വിശദമായ തിരച്ചിലില്‍ ഉച്ചയോടെ കാര്‍ത്തിക്കിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വൈക്കം പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
ഓണപ്പരീക്ഷയ്ക്ക് മാര്‍ക്ക് കുറയുമോ എന്ന ഭയത്തിലായിരുന്നു കാര്‍ത്തിക്കെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. സഹോദരന്‍: മിഥുന്‍.