/kalakaumudi/media/media_files/2026/02/11/lakshmi-2026-02-11-08-01-03.jpg)
തിരുവനന്തപുരം: തലസ്ഥാനത്തെ പത്തുകോടിയുടെ ഭൂമിതട്ടിപ്പിനൊടുവില്‍ സബ് രജിസ്ട്രാര്‍ കൂടി അറസ്റ്റിലായപ്പോള്‍ ചിത്രം പൂര്‍ണമായി. അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ സ്ത്രീയുടെ തിരുവനന്തപുരം ജവഹര്‍ നഗറിലെ ഭൂമിയും വീടും രൂപസാദൃശ്യമുള്ളവരെ ഉപയോഗിച്ചും വ്യാജരേഖകളുണ്ടാക്കിയും കൈക്കലാക്കി മറിച്ചുവിറ്റ കേസിലാണ് വനിതാ സബ് രജിസ്ട്രാറെ പൊലീസ് അറസ്റ്റ് ചെയ്തത്.
ആധാരമെഴുത്തുകാരന്‍ മുഖ്യസൂത്രധാരനായ തട്ടിപ്പ് സംഘത്തിനു കൂട്ടുനിന്ന ശാസ്തമംഗലം സബ് രജിസ്ട്രാര്‍ കള്ളിക്കാട് സ്വദേശി കെ.എസ്.ലക്ഷ്മിയാണ് കഴിഞ്ഞദിവസം മ്യൂസിയം പോലീസിന്റെ പിടിയിലായത്. ഏറെനാളത്തെ നിരീക്ഷണത്തിനും കൃത്യമായ തെളിവുശേഖരണത്തിനും ശേഷമായിരുന്നു ഈ ഉദ്യോഗസ്ഥയുടെ അറസ്റ്റ്. ആധാരമെഴുത്തുകാരനും കോണ്‍ഗ്രസ് പ്രാദേശിക നേതാവുമായ പ്രധാന പ്രതി മണികണ്ഠനില്‍നിന്ന് 10 ലക്ഷം രൂപയും 10 മൊബൈല്‍ഫോണുകളും ഇവര്‍ കൈക്കൂലിയായി വാങ്ങിയെന്നാണ് പോലീസ് പറയുന്നത്. പ്രമാണത്തിനായി ഹാജരാക്കിയ പ്രതികളുടെ തിരിച്ചറിയല്‍ കാര്‍ഡുള്‍പ്പെടെ വ്യാജമായി നിര്‍മിച്ചവയായിരുന്നു. ഇവ പരിശോധിച്ച് ഉറപ്പുവരുത്തിയത് ലക്ഷ്മിയായിരുന്നു. ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍ ശാസ്തമംഗലം സബ് രജിസ്ട്രാര്‍ ഓഫീസിനു പുറത്തുവെച്ചായിരുന്നു പ്രമാണത്തില്‍ പ്രതികളെക്കൊണ്ട് ഒപ്പിടീച്ചത്. ഏറ്റവുമൊടുവിലാണ് നിര്‍ണായകമായ രജിസ്ട്രേഷന്‍ തട്ടിപ്പിന് കൂട്ടുനിന്ന സബ് രാജിസ്ട്രാര്‍ അറസ്റ്റിലായത്.
അമേരിക്കയില്‍ താമസിക്കുന്ന ഡോറയുടെ ഉടമസ്ഥതയിലുള്ള 14.5 സെന്റ് വസ്തുവും വീടും വെറും ആറുമാസത്തെ ആസൂത്രണത്തിനൊടുവിലാണ് തട്ടിയെടുത്തത്. ഡോറയുമായി രൂപസാദൃശ്യമുള്ള ആളെ കണ്ടെത്തുകയായിരുന്നു തട്ടിപ്പിന്റെ ആദ്യപടി. വട്ടപ്പാറ കരകുളം മരുതൂര്‍ ചീനിവിള പാലയ്ക്കാടു വീട്ടില്‍ വസന്ത (76) യെ കണ്ടെത്തി പണം നല്‍കി വശത്താക്കി. രജിസ്ട്രാര്‍ ഓഫീസില്‍െവച്ച് വസന്ത, ഡോറയായി ആള്‍മാറാട്ടം നടത്തി പ്രമാണ രജിസ്‌ട്രേഷന്‍ നടത്തി. ഡോറയുടെ വളര്‍ത്തുമകളാണ് എന്ന വ്യാജേനെ മറ്റൊരു പ്രതി മെറിന് ഈ വസ്തു ധനനിശ്ചയം ചെയ്തു. തുടര്‍ന്ന് മറ്റൊരു പ്രതി അനില്‍തമ്പിയുടെ ഭാര്യാപിതാവായ ചന്ദ്രസേനന് വിലയാധാരമായി എഴുതി നല്‍കുകയായിരുന്നു. ഡോറയുടെ കെയര്‍ടേക്കര്‍ കരമൊടുക്കാന്‍ പോയപ്പോഴാണ് വസ്തു മറ്റൊരാളുടെ പേരിലാണെന്നു അറിയുന്നതും തട്ടിപ്പ് പുറത്തുവരുന്നതും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
