തമിഴ്‌നാട്ടിൽ വിവാദമായ പൊള്ളാച്ചി പീഡനക്കേസിൽ വിധി പ്രതികൾക്ക് മരണം വരെ തടവ്

ഇരുന്നൂറോളം യുവതികളെ പീഡിപ്പിച്ച കേസിൽ 9 പ്രതികൾക്കും മരണം വരെ തടവ്. 2026 നും 2019 നും ഇടയിൽ ഇരുന്നൂറോളം യുവതികളെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത് നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിലാണ് പ്രതികൾക്ക് എതിരെ കോടതി വിധി പറഞ്ഞത്

author-image
Rajesh T L
New Update
pollachi rape case

ഇരുന്നൂറോളം യുവതികളെ പീഡിപ്പിച്ച കേസിൽ 9 പ്രതികൾക്കും മരണം വരെ തടവ്. 2026 നും 2019 നും ഇടയിൽ ഇരുന്നൂറോളം യുവതികളെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത് നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിലാണ് പ്രതികൾക്ക് എതിരെ കോടതി വിധി പറഞ്ഞത്. കോയമ്പത്തൂരിലെ മഹിളാ കോടതിയാണ് വിധി പറഞ്ഞത്. ഡോക്ടർമാർ, കോളേജ് അധ്യാപകർ, വിദ്യാർഥികൾ തുടങ്ങി നിരവധി യുവതികളാണ് പ്രതികളുടെ പീഡനത്തിന് ഇരയായത്. തമിഴ് നാട്ടിൽ ഏറെ കോളിളക്കം സൃഷ്‌ടിച്ച കേസാണിത്.

 

 

ഇവർ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത 19 കാരിയായ കോളജ് വിദ്യാർത്ഥിനി തനിക്കു നേരിട്ട അതിക്രമം വീട്ടുകാരോട് തുറന്ന് പറഞ്ഞതിലൂടെയാണ് ഇത്രയും വലിയ അതിക്രമത്തിന്റെ കഥ പുറം ലോകം അറിയുന്നത്. കുട്ടിയുടെ വീട്ടുകാ പോലീസിൽ പരാതി നൽകി. നാല് ദിവസം മുൻപ് നാലുപേർ ചേർന്ന് ഓടുന്ന കാറിൽ വച്ച് തന്നെ പീഡിപ്പിച്ചെന്നും അതിന്റെ ദൃശ്യങ്ങൾ അവർ മൊബൈലിൽ പകർത്തിയെന്നും പെൺകുട്ടി പൊലീസിന് മൊഴി നൽകി. പെണ്കുട്ടിയുടെ സ്വർണമാലയും ഇവർ കവർന്നിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളുടെ ലാപ്ടോപ്പ് പരിശോധിച്ചപ്പോഴാണ് നിരവധി യുവതികളുടെ നഗ്ന ചിത്രങ്ങൾ പ്രതികൾ സൂക്ഷിച്ചിരുന്നെന്നും അതുപയോഗിച്ച് ഭീഷണിപ്പെടുത്തി പ്രതികൾ യുവതികളെ ചൂഷണം ചെയ്തിരുന്നു എന്നും വ്യക്തമാകുന്നത്. എന്നാൽ മിക്ക യുവതികളും ഇവർക്കെതിരെ പരാതി നൽകാൻ വിസമ്മതിച്ചിരുന്നു .

സർക്കാർ അഭിഭാഷകൻ 50-ലധികം സാക്ഷികളെയും 200-ലധികം രേഖകളും 400 ഡിജിറ്റൽ തെളിവുകളും ഹാജരാക്കി. എട്ട് അതിജീവിതമാർ കോടതിക്ക് മുന്നിൽ മൊഴി നൽകാൻ ഹാജരായി. പ്രതികൾ തങ്ങളുടെ പ്രായവും മാതാപിതാക്കളുടെ വാർധക്യവും ചൂണ്ടിക്കാട്ടി ദയ ആവശ്യപ്പെട്ടെങ്കിലും സ്ത്രീകൾക്കെതിരായ കൊടുംകുറ്റകൃത്യങ്ങൾ ഉൾപ്പെട്ട വളരെ അപൂർവമായ കേസാണിതെന്ന് വാദിച്ച പ്രോസിക്യൂഷൻ പരമാവധി ശിക്ഷ ആവശ്യപ്പെട്ടു.

മദ്രാസ് ഹൈക്കോടതിയുടെ നിർദേശമനുസരിച്ച് കോയമ്പത്തൂർ കോടതി സമുച്ചയത്തിൽ പ്രത്യേക കോടതി രൂപവത്കരിച്ചാണ് വിചാരണ തുടങ്ങിയത്. ഇരകളുടെയും സാക്ഷികളുടെയും സ്വകാര്യതയും സുരക്ഷയും മാനിച്ചായിരുന്നു നടപടികൾ.2023 ഫെബ്രുവരി 14-നാണ് വിചാരണ ആരംഭിച്ചത് . പലപ്പോഴും വീഡിയോ കോൺഫെറൻസ് വഴിയാണ് വാദം കേട്ടിരുന്നത്.

 

Verdict Pollachi