പൂനെ: മഹാരാഷ്ട്രയില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിക്ക് അശ്ലീല സന്ദേശമയച്ച അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. രക്ഷിതാക്കള്‍ പരാതി പറഞ്ഞിട്ടും നടപടിയെടുക്കാത്ത സ്‌കൂള്‍ പ്രിന്‍സിപ്പലും പിടിയില്‍. പൂനെ റൂറലിലെ ദൗണ്ട് തഹസില്‍ ഗ്രാമത്തിലെ സ്‌കൂളിലാണ് സംഭവം.
ഓഗസ്റ്റ് 15നാണ് അധ്യാപകന്‍ വിദ്യാര്‍ത്ഥിനിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചത്. പെണ്‍കുട്ടിയുടെ പിതാവ് ഫോണ്‍ നോക്കുമ്പോഴാണ് സന്ദേശം കാണുന്നത്. ഇതോടെ, പെണ്‍കുട്ടിയുടെ പിതാവ് സ്‌കൂളിലെത്തി അധ്യാപകനെതിരെ പ്രിന്‍സിപ്പലിനോട് പരാതി പറഞ്ഞു. എന്നാല്‍ പ്രിന്‍സിപ്പല്‍ തന്റെ പരാതി ചെവികൊണ്ടില്ലെന്നും അധ്യാപകനെതിരെ നടപടിയെടുത്തില്ലെന്നും പെണ്‍കുട്ടിയുടെ പിതാവ് പറയുന്നു.
തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഗ്രാമത്തിലെത്തി നടത്തിയ അന്വേഷണത്തില്‍ പൊലീസ് വ്യാഴാഴ്ച പൂനെ റൂറല്‍ പൊലീസ് സ്വമേധയാ കേസെടുത്തു. പിന്നാലെ അധ്യാപകനെയും കേസ് മൂടിവെക്കാന്‍ ശ്രമിച്ച സ്‌കൂള്‍ പ്രിന്‍സിപ്പലിനെയും അറസ്റ്റ് ചെയ്തു.