ലൈംഗികാതിക്രമത്തിനിടെ രക്തസ്രാവം, 34 കാരിയായ ടെക്കി യുവതിയുടെ മരണം കൊലപാതകം; 18 കാരനായ പ്രതി അറസ്റ്റില്‍

ജനുവരി 3 നാണ് 34 കാരിയായ ഷര്‍മിളയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാമമൂര്‍ത്തി നഗറിലെ സുബ്രഹ്മണി ലേഔട്ടിലുള്ള അപ്പാര്‍ട്ട്‌മെന്റിലായിരുന്നു യുവതി താമസിച്ചിരുന്നത്. ഇവിടെ തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന് യുവതി ശ്വാസംമുട്ടി മരിച്ചതാണെന്നാണ് പൊലീസ് ആദ്യം സംശയിച്ചിരുന്നത

author-image
Biju
New Update
tekki

ബെംഗളൂരു: നഗരത്തിലെ വാടക വീട്ടില്‍ ടെക്കി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. ലൈംഗിക പീഡനത്തിനിടെ 18 വയസുകാരനായ യുവാവാണ് 34 കാരിയായ യുവതിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തി. പ്രതി കര്‍ണാല്‍ കുറെ (18)യെ പൊലീസ് പിടികൂടി. ലൈംഗിക പീഡനം എതിര്‍ത്തതിനെ തുടര്‍ന്ന് യുവതിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതി കുറ്റസമ്മതം നടത്തിയിട്ടുണ്ട്.

ജനുവരി 3 നാണ് 34 കാരിയായ ഷര്‍മിളയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാമമൂര്‍ത്തി നഗറിലെ സുബ്രഹ്മണി ലേഔട്ടിലുള്ള അപ്പാര്‍ട്ട്‌മെന്റിലായിരുന്നു യുവതി താമസിച്ചിരുന്നത്. ഇവിടെ തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന് യുവതി ശ്വാസംമുട്ടി മരിച്ചതാണെന്നാണ് പൊലീസ് ആദ്യം സംശയിച്ചിരുന്നത്. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസ് റജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.

തുടര്‍ന്നുള്ള അന്വേഷണത്തിലാണ് യുവതിയെ കൊലപ്പെടുത്തിയത് സമീപവാസിയായ കര്‍ണാല്‍ ആണെന്ന് പൊലീസ് കണ്ടെത്തിയത്. ലൈംഗികാതിക്രമം നടത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് പ്രതി കര്‍ണാല്‍ ജനുവരി 3ന് രാത്രി 9 മണിയോടെ ഷര്‍മിള താമസിച്ചിരുന്ന വീട്ടിലേക്ക് കയറിയത്. സ്ലൈഡിങ് ജനാലയിലൂടെയാണ് വീട്ടില്‍ അതിക്രമിച്ച് കയറിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ലൈംഗികാതിക്രമം ഇര എതിര്‍ത്തതോടെ മര്‍ദിച്ചു. ബോധം പോയതോടെ യുവതിയുടെ വായും മൂക്കും മൂടിക്കെട്ടി. ഇതിനിടെ യുവതിക്ക് രക്തസ്രാവമുണ്ടായി.

തെളിവുകള്‍ നശിപ്പിക്കാനായി പ്രതി യുവതിയുടെ വസ്ത്രങ്ങളും മറ്റും കിടപ്പുമുറിയിലെ മെത്തയില്‍ ഇട്ട ശേഷം തീകൊളുത്തി ഓടി രക്ഷപ്പെടുകയായിരുന്നു. ഇതോടെയാണ് അപ്പാര്‍ട്ട്‌മെന്റില്‍ തീപിടിത്തമുണ്ടായത്. പ്രതിക്കെതിരെ ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) സെക്ഷന്‍ 103(1) (കൊലപാതകം), 64(2), 66, 238 (തെളിവുകള്‍ നശിപ്പിക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. കേസില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.