ഗാന്ധിനഗർ : ലൈംഗിക പീഡനം ചെറുത്ത ആറുവയസ്സുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി സ്കൂൾ വളപ്പിൽ ഉപേക്ഷിച്ച കേസിൽ പ്രിൻസിപ്പൽ അറസ്റ്റിൽ. 55-കാരനായ ഗോവിന്ദ് നട്ടാണ് അറസ്റ്റിലായത്. ഗുജറാത്തിലെ ദാഹോദ് ജില്ലയിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം. കുട്ടിയുടെ മൃതദേഹം കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ടാണ് സ്കൂൾ പരിസരത്ത് കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിൽ ശ്വാസം മുട്ടിയാതാണ് മരണ കാരണമെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് 10 സംഘങ്ങൾ രൂപീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
മകൾ എല്ലാദിവസും ഗോവിന്ദിനൊപ്പമായിരുന്നു സ്കൂളിൽ പോയിരുന്നതെന്ന് കുട്ടിയുടെ മാതാവ് പോലീസിനോട് പറഞ്ഞതാണ് കേസിൽ നിർണായകമായത്. ഗോവിന്ദിനോട് ഇക്കാര്യം പോലീസ് ചോദിച്ചപ്പോൾ തന്നോടൊപ്പം പതിവുപോലെ കുട്ടി സ്കൂളിൽ എത്തിയെന്നായിരുന്നു മറുപടി.
എന്നാൽ പ്രിൻസിപ്പലിന്റെ മൊഴിയിൽ സംശയം തോന്നിയ പോലീസ്, ഇയാളുടെ മൊബൈൽ ഫോൺ ലൊക്കേഷൻ പരിശോധിച്ചു. സംഭവദിവസം വൈകിയാണ് പ്രിൻസിപ്പൽ സ്കൂളിലെത്തിയതെന്ന് ലോക്കേഷൻ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിൽ വ്യക്തമായി.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ- രാവിലെ 10.20-ഓടെ ആയിരുന്നു പ്രിൻസിപ്പലിന്റെ കാറിൽ കുട്ടിയെ അവളുടെ അമ്മ സ്കൂളിലേക്ക് പറഞ്ഞയച്ചത്. തുടർന്ന് സ്കൂളിലേക്കുള്ള വഴിയിൽ വെച്ച് പ്രതി ലൈംഗികമായി കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ പെൺകുട്ടി ബഹളം വെച്ചതോടെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവശേഷം സ്കൂളിലെത്തിയ പ്രതി, കുട്ടിയുടെ മൃതദേഹം കാറിൽതന്നെ ഒളിപ്പിച്ചു. വൈകീട്ട് അഞ്ചുമണി ആയതോടെ മൃതദേഹം കാറിൽനിന്ന് പുറത്തെടുത്ത് സ്കൂൾ വളപ്പിൽ ഉപേക്ഷിച്ചു. ബാഗും ചെരിപ്പും ക്ലാസ് റൂമിന് പുറത്ത് കൊണ്ടിടുകയും ചെയ്തു.