/kalakaumudi/media/media_files/2025/08/04/sudha-ramakrishnan-2025-08-04-21-48-09.webp)
ന്യൂഡല്‍ഹി: അതീവ സുരക്ഷാ മേഖലയായ രാജ്യതലസ്ഥാനത്തെ ചാണക്യപുരിയില്‍ ലോക്‌സഭാംഗം സുധ രാമകൃഷ്ണന്റെ സ്വര്‍ണ്ണമാല കവര്‍ന്നു. തമിഴ്‌നാട്ടിലെ മയിലാടുതുറൈയില്‍നിന്നുള്ള കോണ്‍ഗ്രസ് എംപി ആയ സുധ നിലവില്‍ താമസിക്കുന്ന തമിഴ്നാട് ഭവന് സമീപമാണ് സംഭവം. പുലര്‍ച്ചെ പുറത്തിറങ്ങിയ സുധയുടെ കഴുത്തില്‍നിന്ന് മോഷ്ടാവ് മാല പിടിച്ചുപറിക്കുകയായിരുന്നു.ഒട്ടേറെ വിദേശ എംബസികളും വിഐപി വസതികളുമുള്ള ഡല്‍ഹിയിലെ ഏറ്റവും സുരക്ഷിതമായ മേഖലയായിട്ടും അക്രമിക്ക് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടാന്‍ കഴിഞ്ഞു. ഡല്‍ഹി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ തിരിച്ചറിയുന്നതിനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്. കുറ്റവാളിയെ കണ്ടെത്താന്‍ ഒന്നിലധികം സംഘങ്ങളെയും രൂപീകരിച്ചിട്ടുണ്ട്.
സംഭവത്തെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് സുധ കത്തെഴുതി. ചാണക്യപുരിയിലെ പോളണ്ട് എംബസിക്ക് സമീപത്തുവെച്ച് രാവിലെ തന്റെ സ്വര്‍ണ്ണമാല കവര്‍ന്നെന്നും സംഭവത്തില്‍ തനിക്ക് പരിക്കേറ്റെന്നും കത്തില്‍ അവര്‍ വ്യക്തമാക്കി.മാല പിടിച്ചുപറിച്ചപ്പോള്‍ കഴുത്തിനു പരുക്കേറ്റതായും ചുരിദാര്‍ കീറുകയും ചെയ്തതായി അവര്‍ കത്തില്‍ പറയുന്നു.