വടക്കഞ്ചേരി (പാലക്കാട്): ടൗണിലെ വീട്ടില്‍ മോഷണവും രണ്ട് ക്ഷേത്രങ്ങളില്‍ മോഷണശ്രമവും നടത്തിയയാളെ വടക്കഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. കള്ളന്‍മാര്‍ക്കിടയില്‍ 'പ്രൊഫസര്‍' എന്നറിയിപ്പെടുന്ന കൊല്ലം വടക്കേവിള പുത്തന്‍വിളവീട്ടില്‍ നജുമുദ്ദീന്‍ (52) ആണ് അറസ്റ്റിലായത്.
വടക്കഞ്ചേരി വിനായക സ്ട്രീറ്റില്‍ ഉഷാദേവിയുടെ വീട്ടില്‍നിന്ന് പണവും വാച്ചും കവര്‍ന്നതിനും ഗണപതി-മാരിയമ്മന്‍ ക്ഷേത്രങ്ങളില്‍ മോഷണശ്രമം നടത്തിയതിനുമാണ് കേസ്. ജൂണ്‍ 15-നായിരുന്നു മോഷണം. ഗണപതിക്ഷേത്രത്തിലെ വഴിപാട് കൗണ്ടര്‍ പൊളിക്കാന്‍ ശ്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു.
തുടര്‍ന്നുനടത്തിയ അന്വേഷണത്തില്‍ കോട്ടയത്തുനിന്നാണ് നജുമുദ്ദീനെ പിടികൂടിയത്.
സംസ്ഥാനത്തൊട്ടാകെ അന്‍പതോളം മോഷണക്കേസുകളില്‍ പ്രതിയാണ് നജുമുദ്ദീന്‍. ഒറ്റപ്പാലത്തെ വീട്ടില്‍നിന്ന് എട്ടരപ്പവന്‍ കവര്‍ന്നുവെന്നും ഇയാള്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു. സ്‌ക്രൂഡ്രൈവറാണ് നജുമുദ്ദീന്റെ പ്രധാന ആയുധമെന്നും ഇതുപയോഗിച്ച് വിദഗ്ധമായി പൂട്ടുതകര്‍ത്ത് അകത്ത് കയറുന്നതാണ് രീതിയെന്നും വടക്കഞ്ചേരി പോലീസ് പറഞ്ഞു.
വടക്കഞ്ചേരി പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.പി. ബെന്നി, എസ്.ഐ. സി. മധു ബാലകൃഷ്ണന്‍, സീനിയര്‍ സിപിഒ ബ്ലസണ്‍ ജോസ്, സിപിഒമാരായ റിനു മോഹന്‍, അഭിജിത്ത്, സ്‌ക്വാഡംഗം കൃഷ്ണദാസ് തുടങ്ങിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. നജുമുദീനെ ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.