/kalakaumudi/media/media_files/2025/06/27/eipno3l46289-2025-06-27-23-17-46.jpg)
കൊല്ലം: കെടിഎം ബൈക്ക് സ്പെയർപാർട്‌സ് വെയർഹൗസില്‍ നടന്ന മോഷണ കേസിലെ പ്രതികളെ പിടികൂടി ഇരവിപുരം പോലീസ്. തിരുവനന്തപുരം മലയിൻകീഴ് അന്തിയൂർക്കോണം ഷൈൻ കോളേജിന് സമീപം പ്ലാവറ തല പുത്തൻവീട് കുറ്റിക്കാട് ഹൗസിൽ അലക്സ് ബാബു (26),മലയിൻകീഴ് കൊല്ലോട് അന്തിയൂർക്കോണം തെക്കേകുരുൻതോട്ടം പി.പി ഹൗസിൽ പ്രമോദ് ചന്ദ്രൻ (27)എന്നിവരാണ് പിടിയിലായത്.
ഈ മാസം പതിനഞ്ചാം തീയതിയാണ് വെയർഹൗസിൽ മോഷണം നടന്നത്. മോഷണത്തിൽ ഏകദേശം മൂന്നു ലക്ഷം രൂപയുടെ സ്പെയർ പാർട്‌സുകള്‍ നഷ്ടപ്പെട്ടിരുന്നു . തുടര്‍ന്ന് കൊല്ലം സിറ്റി കമ്മീഷണറായ കിരണ്‍ ഐപിഎസ് ന്റെയും കൊല്ലം അസിസ്റ്റന്റ് കമ്മീഷണര്‍ ഷരീഫിന്റെയും നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു . അന്വേഷണ സംഘത്തിന്റെ ചുമതലയുള്ള ഇൻസ്പെക്ടർ രാജീവിന്റെ നേതൃത്വത്തിൽ എസ്.ഐ ജയേഷ്, സിപിഒമാരായ അനീഷ്, സജിൻ, ഷാൻ അലി എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത് .സംഭവവുമായി ബന്ധപ്പെട്ട് വിവിധ ഭാഗങ്ങളിലെ 100 ലധികം സിസിടിവി ദൃശ്യങ്ങൾ പരിശോധനയ്ക്കു വിധേയമാക്കിയതോടെയാണ് പ്രതികളെ കുറിച്ചുള്ള തെളിവുകൾ ലഭിച്ചത്.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, രണ്ട് പ്രതികൾ ഒരു സ്‌കൂട്ടറിൽ വെയർഹൗസിൽ എത്തി മോഷണം നടത്തുന്ന ദൃശ്യങ്ങൾ ലഭിച്ചു. ഇവർ സഞ്ചരിച്ച സ്‌കൂട്ടറിന്റെ നമ്പർ തിരിച്ചറിഞ്ഞതിൽ നിന്നും ആർ.സി. വിവരങ്ങൾ ശേഖരിച്ച് സോഷ്യൽ മീഡിയയുടെ സഹായത്തോടെയായാണ് പ്രതികളെ തിരിച്ചറിഞ്ഞത്. തുടർന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ രാജീവിന്റെ നേതൃത്വത്തിൽ പ്രതികളുടെ താമസസ്ഥലത്ത് എത്തി പിടികൂടുകയായിരുന്നു.