സുഗന്ധഗിരി വനംകൊള്ളയിൽ  മരം കടത്തിയ ക്രെയിൻ, ട്രാക്ടർ ജീവനക്കാർ ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ

സംഭവവുമായി ബന്ധപ്പെട്ട് നേരത്തേ കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ വയനാട് ജില്ലാ സെക്രട്ടറി കൂടിയായ കൽപറ്റ സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ കെ.കെ.ചന്ദ്രൻ, ഇതേ സംഘടനയിൽ അംഗമായ ഫോറസ്റ്റ് വാച്ചർ ആർ.ജോൺസൺ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു

author-image
Rajesh T L
New Update
sugandhagiri

സുഗന്ധഗിരി വനത്തിൽ മുറിച്ച മരങ്ങൾ

Listen to this article
0.75x 1x 1.5x
00:00 / 00:00

കോഴിക്കോട് : വയനാട് സുഗന്ധഗിരിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അറിവോടെ മരം മുറിച്ച സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ. കോഴിക്കോട് സ്വദേശി സുധീർ കുമാർ, കണിയാമ്പറ്റ സ്വദേശി പ്രിൻസ്, വൈത്തിരി സ്വദേശി അബു താഹിർ എന്നിവരാണ് അറസ്റ്റിലായത്. മുറിച്ച മരങ്ങൾ കടത്താൻ വേണ്ടി ഉപയോഗിച്ച ക്രെയിനിലെയും ട്രാക്ടറിലെയും ജീവനക്കാരാണ് അറസ്റ്റിലായവർ. മുൻപ് കേസിൽ പ്രതിചേർത്ത ആറു പേരേക്കൂടാതെയാണ് മൂന്നു പേർ അറസ്റ്റിലായത്. ഇതോടെ കേസിൽ പ്രതി ചേർക്കപ്പെട്ടവരുടെ എണ്ണം ഒൻപതായി.

സംഭവവുമായി ബന്ധപ്പെട്ട് നേരത്തേ, രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ വയനാട് ജില്ലാ സെക്രട്ടറി കൂടിയായ കൽപറ്റ സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ കെ.കെ.ചന്ദ്രൻ, ഇതേ സംഘടനയിൽ അംഗമായ ഫോറസ്റ്റ് വാച്ചർ ആർ.ജോൺസൺ എന്നിവർക്കെതിരെയായായിരുന്നു നടപടിയെടുത്തത് . സൗത്ത് വയനാട് ഡിവിഷനൽ ഫോറസ്റ്റ് ഓഫിസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സസ്പെൻഷൻ.

മരങ്ങൾ വെട്ടിക്കടത്ത് അന്വേഷിക്കാൻ മൂന്നു ഡിഎഫ്ഒമാർ ഉൾപ്പെടുന്ന ഉന്നതതല സമിതി രൂപീകരിച്ചു. ഫ്ളയിങ് സ്ക്വാഡ് ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർമാരായ മനു സത്യൻ (എറണാകുളം), അജിത് കെ.രാമൻ (കണ്ണൂർ), എ.പി.ഇംതിയാസ് (കോഴിക്കോട്) എന്നിവർക്കാണ് അന്വേഷണച്ചുമതല. കോട്ടയം ഫ്ളയിങ് സ്ക്വാഡ് ചീഫ് കൺസർവേറ്റർ എം.നീതു ലക്ഷ്മിയുടെ മേൽനോട്ടമുണ്ടാകും. വിജിലൻസ് അഡിഷനൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ എൽ.ചന്ദ്രശേഖർ അന്തിമ റിപ്പോർട്ട് നൽകും. മന്ത്രി എ.കെ.ശശീന്ദ്രന്റെ അധ്യക്ഷതയിൽ തലസ്ഥാനത്തു ചേർന്ന ഉന്നതതല യോഗത്തിലാണ് അടിയന്തര തീരുമാനം.

വീടുകൾക്ക് ഭീഷണിയായ 20 മരം മുറിക്കാൻ നൽകിയ പെർമിറ്റിന്റെ മറവിൽ 126 മരങ്ങൾ മുറിച്ചു കടത്തിയതായാണ് തിരിമറി നടത്തിയത് . സ്വകാര്യ ഡിപ്പോകൾക്ക് നൽകുന്ന ‘ഫോം–4 വെള്ള പാസുകൾ’ ഉപയോഗിച്ച് അവ ചെക്പോസ്റ്റ് കടത്തുകയും ചെയ്തു. വനം ഉദ്യോഗസ്ഥരിൽ ചിലർതന്നെ ഇതിനു സഹായം ചെയ്തതായാണു വിവരം.സുഗന്ധഗിരിയിൽ ഭൂരഹിതരായ ആദിവാസികൾക്ക് 5 ഏക്കർ വീതം പതിച്ചു കൊടുക്കാൻ ഉപയോഗിച്ച 1,086 ഹെക്ടറിലാണ് മരംകൊള്ള നടന്നത്. പതിച്ചു കൊടുത്തെങ്കിലും ഭൂമി ഇപ്പോഴും വനം വകുപ്പിന്റെ അധീനതയിലാണ്.

.

wayanadu sugandhagiri forest