/kalakaumudi/media/media_files/2025/08/11/kavarcha-2025-08-11-18-04-30.jpg)
കൊച്ചി: ട്രെയിനിന്റെ വാതില്‍ക്കലിരുന്ന് യാത്ര ചെയ്യുന്നവരെ ഉത്തരേന്ത്യന്‍ മാതൃകയില്‍ ആക്രമിച്ച് ഫോണും പണവും കവരുന്ന സംഘം അറസ്റ്റില്‍. എറണാകുളം, ആലുവ കേന്ദ്രീകരിച്ച് ഇത്തരത്തില്‍ പിടിച്ചുപറി നടത്തുന്ന ആലുവ, പെരുമ്പാവൂര്‍, മലപ്പുറം സ്വദേശികള്‍ ഉള്‍പ്പെടെ ആറു പേരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം എറണാകുളത്തുനിന്നു ഷൊര്‍ണൂരിലേക്ക് പോയ മലബാര്‍ എക്‌സ്പ്രസിന്റെ മുന്‍വശത്തെ ജനറല്‍ കോച്ചിന്റെ വാതിലില്‍ ഇരുന്ന് യാത്ര ചെയ്യുകയായിരുന്ന ചെറുപ്പക്കാരന്റെ കയ്യില്‍ വടികൊണ്ട് അടിച്ച് ഒരു ലക്ഷം രൂപ വിലവരുന്ന ആപ്പിള്‍ ഐഫോണ്‍ ഇവര്‍ കൈവശപ്പെടുത്തിയിരുന്നു. അടിയുടെ ആഘാതത്തില്‍ ട്രെയിനില്‍ നിന്ന് വീണ ചെറുപ്പക്കാരന്റെ പോക്കറ്റില്‍ നിന്ന് പണവും എയര്‍പോഡും ഇവര്‍ പിടിച്ചുപറിക്കുകയും ചെയ്തു.
തുടര്‍ന്ന് ആര്‍പിഎഫ് നടത്തിയ അന്വേഷണത്തിലാണ് ആറംഗ സംഘം പിടിയിലാവുന്നത്. ആലുവ റെയില്‍വേ സ്റ്റേഷന്റെ വടക്കേ അറ്റത്തുള്ള റോഡ് ഓവര്‍ ബ്രിജ് കേന്ദ്രമാക്കിയാണ് ഇവരുടെ പ്രവര്‍ത്തനം. ഇവിടെക്കൂടി രാത്രികാലങ്ങളില്‍ ട്രെയിനിന്റെ വാതിലില്‍ ഇരുന്ന് യാത്ര ചെയ്യുന്നവരുടെ മൊബൈല്‍ ഫോണുകള്‍ തട്ടിയിടുന്നത് പതിവാക്കിയ സംഘമാണിത്.
ആലുവ അശോകപുരം സ്വദേശിയായ 17 വയസ്സുകാരനു പുറമെ, മലപ്പുറം ആലത്തൂര്‍ പടി മേല്‍മുറി കണയംപിള്ളി വീട്ടില്‍ കെ.എ.ആഷിക്(21), പെരുമ്പാവൂര്‍ റയോണ്‍ പടയാട്ടില്‍ വീട്ടില്‍ ജോസ് വിന്‍ എല്‍ദോ (18), പെരുമ്പാവൂര്‍ അല്ലപ്ര പുലവത്ത് വീട്ടില്‍ സിറാജ് (26), കളമശേരി പെരിങ്കോട്ടു പറമ്പില്‍ മുഹമ്മദ് ഫസല്‍ (18), ആലുവ വാഴക്കുളം മലയിടംതുരുത്ത് കാമ്പായിക്കുടി ഷെഫിന്‍ (18) എന്നിവരെയാണ് റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തത്.
ആലുവ, പെരുമ്പാവൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ സിസിടിവി പരിശോധകളില്‍ നിന്നാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്. പിടിയിലായ ആലുവ സ്വദേശികള്‍ക്കെതിരെ മോഷണം, പിടിച്ചുപറി, കഞ്ചാവ് വില്‍പന തുടങ്ങിയ കേസുകളും നിലവിലുണ്ട്. എറണാകുളം, ആലുവ എന്നിവിടങ്ങളിലെ പ്രധാന പിടിച്ചുപറി സംഘമാണ് ഇവര്‍ എന്ന് പൊലീസ് പറയുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കാണപ്പെടുന്ന ഫോണ്‍ തട്ടിയെടുക്കലിന്റെ ഒട്ടേറെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലുണ്ട്. ഈ മാതൃകയാണ് ഇവരും അവലംബിച്ചത്.
എറണാകുളം-ആലുവാ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ രാത്രിയില്‍ ട്രെയിന്‍ വേഗത കുറച്ച് ഓടുന്ന സമയത്ത് വാതിലുകളില്‍ ഇരുന്ന് യാത്ര ചെയ്യുന്നവരുടെ ഫോണുകള്‍ വടിയുപയോഗിച്ച് തട്ടിയിടുന്നതാണ് രീതി. ഇതിനു പുറമെ ഒറ്റയ്ക്ക് സ്റ്റേഷന്‍ പരിസരങ്ങളില്‍ കാണുന്നവരെ ഇവര്‍ ഭീഷണിപ്പെടുത്തുകയും പിടിച്ചുപറിക്കുകയും ചെയ്യാറുണ്ട്. മോഷ്ടിച്ചു കിട്ടുന്ന വസ്തുക്കള്‍ എറണാകുളത്തും പെരുമ്പാവൂരിലും വിറ്റു ലഭിക്കുന്ന രൂപ ആര്‍ഭാട ജീവിതത്തിനും ലഹരി വസ്തുക്കള്‍ വാങ്ങുന്നതിനുമാണ് ഉപയോഗിക്കുന്നത്.