പണയസ്വര്‍ണം ഉടമ അറിയാതെ മറിച്ച് പണയംവച്ചു; ബാങ്ക് ജീവനക്കാരനെതിരെ പരാതി

2024 ജൂണിലാണ് വട്ടപ്പാറ ശിവജി നഗര്‍ സ്വദേശി ജോയിയും കുടുംബവും ദേശസാല്‍കൃത ബാങ്കിന്റെ മണ്ണന്തല ശാഖയില്‍ 13 പവന്‍ സ്വര്‍ണം പണയപ്പെടുത്തിയത്

author-image
Biju
New Update
ghh

തിരുവനന്തപുരം: തിരുവനന്തപുരത്ത് ദേശസാത്കൃത ബാങ്കില്‍ പണയം വച്ച സ്വര്‍ണം ഉടമ അറിയാതെ സ്വകാര്യ ഫിനാന്‍സില്‍ പണയപ്പെടുത്തിയതായി പരാതി. വട്ടപ്പാറ സ്വദേശി ജോയിയാണ് ബാങ്ക് മാനേജര്‍ക്കെതിരെ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയത്. പണയം തിരിച്ചെടുക്കാന്‍ ബാങ്കിലെത്തിയപ്പോള്‍ ഫിനാന്‍സ് സ്ഥാപനത്തെ സമീപിക്കാനാണ് ബാങ്ക് മാനേജര്‍ പറഞ്ഞതെന്നും എന്നാല്‍ ഫിനാന്‍സ് സ്ഥാപനം സ്വര്‍ണം തിരികെ നല്‍കാന്‍ തയ്യാറാകുന്നില്ലെന്നും പരാതിയില്‍ പറയുന്നു.

2024 ജൂണിലാണ് വട്ടപ്പാറ ശിവജി നഗര്‍ സ്വദേശി ജോയിയും കുടുംബവും ദേശസാല്‍കൃത ബാങ്കിന്റെ മണ്ണന്തല ശാഖയില്‍ 13 പവന്‍ സ്വര്‍ണം പണയപ്പെടുത്തിയത്. അന്ന് ബാങ്ക് മാനേജര്‍ അഭിലാഷ് ജോയിയ്ക്ക് നാല് ലക്ഷത്തി നാല്‍പ്പത്തി നാലായിരം രൂപ നല്‍കുകയും ചെയ്തു. മകന്റെ ചികിത്സക്കായാണ് കയ്യിലുണായിരുന്ന സ്വര്‍ണമത്രയും പണയപ്പെടുത്താന്‍ കുടുംബം തയ്യാറായത്. എന്നിട്ടും പണം തികയാതെ വന്നതിനാലാണ് സ്വര്‍ണത്തിന്മേല്‍ കൂടുതല്‍ തുക ആവശ്യപ്പെട്ട് വീണ്ടും ബാങ്കിനെ സമീപിച്ചത്.

എന്നാല്‍ ബാലരാമപുരത്തെ സ്വകാര്യ ഫിനാന്‍സ് സ്ഥാപനത്തെ സമീപിക്കാനാണ് ബാങ്ക് മാനേജര്‍ നിര്‍ദേശിച്ചത്. ഇതനുസരിച്ച് ഈ ഫിനാന്‍സില്‍ നിന്നും 47000 രൂപയും ജോയി കൈപ്പറ്റി . പക്ഷേ പണയം തിരിച്ചെടുക്കാന്‍ ചെന്നപ്പോള്‍ ബാങ്ക് മാനേജരും ഫിനാന്‍സ് സ്ഥാപനവും സ്വര്‍ണം തിരികെ നല്‍കാന്‍ തയ്യാറാകുന്നില്ലെന്നാണ് ജോയിയുടെ പരാതി.

അടുത്ത് ബന്ധുക്കളുടെ ഉള്‍പ്പെടെ സ്വര്‍ണം പണയം വച്ച കൂട്ടത്തിലുണ്ട്. ഇത് തിരികെ നല്‍കാന്‍ കഴിയാതെ പ്രതിസന്ധിയിലാണ് കുടുംബം. സംഭവത്തില്‍ ബാലരാമപുരം പൊലീസിനും മുഖ്യമന്ത്രിയ്ക്കും ജോയി പരാതി നല്‍കി. കേസില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ സ്വര്‍ണം എന്ന് തിരികെ ലഭിക്കും എന്ന കാര്യത്തില്‍ ഇതുവരെ നടപടിയായിട്ടില്ല.

 

gold loan