ഐബി ഉദ്യോഗസ്ഥ ലൈംഗികാതിക്രമത്തിന് ഇരയായെന്ന് പിതാവ്, സുകാന്തിനായി ലുക്കൗട്ട് നോട്ടിസ്

സുകാന്തിന് എതിരെ ഇതുവരെയും കേസ് റജിസ്റ്റര്‍ ചെയ്തിട്ടില്ല. നിലവിലെ അന്വേഷണം തൃപ്തികരമെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. ഒളിവില്‍ കഴിയുന്ന സുകാന്തിനെ പിടികൂടാന്‍ പൊലീസ് സംഘം കൊച്ചിയിലും മലപ്പുറത്തും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല

author-image
Biju
New Update
SDF

തിരുവനന്തപുരം: ട്രെയിന്‍ തട്ടി മരിച്ച ഇന്റലിജന്‍സ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥയെ സഹപ്രവര്‍ത്തകനായ സുകാന്ത് ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്ന് ഉദ്യോഗസ്ഥയുടെ പിതാവ്. ഇതു സംബന്ധിച്ച തെളിവുകള്‍ പൊലീസിന് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സുകാന്ത് 3.5 ലക്ഷം രൂപയോളം മകളില്‍നിന്നു തട്ടിയെടുത്തെന്നും പിതാവ് ആരോപിച്ചു.

സുകാന്തിന് എതിരെ ഇതുവരെയും കേസ് റജിസ്റ്റര്‍ ചെയ്തിട്ടില്ല. നിലവിലെ അന്വേഷണം തൃപ്തികരമെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. ഒളിവില്‍ കഴിയുന്ന സുകാന്തിനെ പിടികൂടാന്‍ പൊലീസ് സംഘം കൊച്ചിയിലും മലപ്പുറത്തും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതേത്തുടര്‍ന്ന് പൊലീസ് ഇയാള്‍ക്കെതിരെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു.

തിരുവനന്തപുരം വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥയായിരുന്ന 23 വയസ്സുകാരി മാര്‍ച്ച് 23നാണ് തിരുവനന്തപുരത്ത് ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയത്. കൊച്ചി വിമാനത്താവളത്തില്‍ ഐബി ഉദ്യോഗസ്ഥനാണ് മലപ്പുറം സ്വദേശിയായ സുകാന്ത്. ഐബി പരിശീലന കാലത്താണ് ഇരുവരും അടുപ്പത്തിലായത്. പിന്നീട് പലവട്ടമായി ഇയാള്‍ ഐബി ഉദ്യോഗസ്ഥയില്‍നിന്ന് പണം വാങ്ങിയെന്നും ശമ്പളമുള്‍പ്പെടെ പൂര്‍ണമായും സുകാന്തിന്റെ അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്‌തെന്നുമാണ് വിവരം.

സുകാന്തുമായുള്ള അടുപ്പം ഉദ്യോഗസ്ഥ വീട്ടില്‍ അറിയിക്കുകയും വീട്ടുകാര്‍ സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിവാഹക്കാര്യത്തില്‍നിന്ന് സുകാന്ത് ഒഴിഞ്ഞുമാറിയതിനെ തുടര്‍ന്ന് പെണ്‍കുട്ടി മാനസിക സംഘര്‍ഷത്തിലായിരുന്നു. തുടര്‍ന്നാണ് ജോലി കഴിഞ്ഞ് വരവേ സുകാന്തിനെ ഫോണില്‍ വിളിച്ച് സംസാരിച്ചതിനുശേഷം ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കിയത്. സംഭവത്തില്‍ പേട്ട പൊലീസും ഐബിയും അന്വേഷണം തുടരുകയാണ്.

 

megha ib officer