യാതൊരു കുറ്റബോധവുമില്ലാത്ത പ്രതി ചിരിച്ചുകൊണ്ടാണ് പൊലീസ് സ്റ്റേഷനിലെത്തി കാര്യങ്ങള്‍ വിശദീകരിച്ചത്

ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്ന് കേരളം കേള്‍ക്കുന്നതും ചര്‍ച്ച ചെയ്യുന്നതും കേഡല്‍ രാജ കേസിലൂടെയാണ്. 2017 ഏപ്രില്‍ 9-നാണ് ക്ലിഫ് ഹൗസിന് സമീപമുള്ള ബെയ്ന്‍സ് കോമ്പൗണ്ടിലെ 117-ാം നമ്പര്‍ വീട്ടില്‍ ആ പൈശാചിക കൃത്യം നടന്നത്. വീട്ടില്‍ നിന്ന് പുക ഉയരുന്നതുകണ്ടപ്പോള്‍ വീടിന് തീപിടിച്ചു എന്നാണ് നാട്ടുകാര്‍ കരുതിയത്.

author-image
Biju
New Update
ghghuyh

തിരുവനന്തപുരം: കേരളം മാത്രമല്ല... മനസാക്ഷിയുള്ള എല്ലാവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു കഴിഞ്ഞ ദിവസം വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിലെ വിവരങ്ങള്‍ പുറത്തുവന്നത്. ഒരു കൂസലുമില്ലാതെ ചിരിച്ചുകൊണ്ട് നില്‍ക്കുന്ന അഫാന്‍ എന്ന ചെറുപ്പക്കാരന്റെ മുഖം ചെകുത്താനുമായി താരതമ്യപ്പെടുത്തിക്കൊണ്ടുള്ള ചിത്രങ്ങള്‍ സോഷ്യില്‍ മീഡിയയിലടക്കം പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. 

സംഭവത്തിന് പിന്നിലെ ചുരുളഴിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ഒടുവില്‍ മുത്തശ്ശിയെ കൊലപ്പെടുത്തിയതിന് പ്രതിയുടെ ആദ്യ അറസ്റ്റും ഉണ്ടായിരിക്കുകയാണ്. എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് തലസ്ഥാനത്തെ ഞെട്ടിച്ചുകൊണ്ട് സമാന സംഭവവും അരങ്ങേറിയിരുന്നു.  2017 ഏപ്രിലിലാണ് ആ ഞെട്ടിക്കുന്ന വാര്‍ത്ത കേരളം കേട്ടത്. തിരുവനന്തപുരം നന്തന്‍കോട് ഒരുകുടുംബത്തിലെ നാലുപേരെ പൈശാചികമായ രീതിയില്‍ കൊലപ്പെടുത്തി. ആ കേസിലെ പ്രതിയുടെ പേര് കേരളം ഒരിക്കലും മറക്കാന്‍ സാധ്യതയില്ല, കേഡല്‍ ജിന്‍സണ്‍ രാജ. മലയാളി മനസ്സുകളില്‍ ഭീതിപരത്തിയ കേഡല്‍ നിലവില്‍ മാനസികാരോഗ്യ കേന്ദ്രത്തിലാണ്.

ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്ന് കേരളം കേള്‍ക്കുന്നതും ചര്‍ച്ച ചെയ്യുന്നതും കേഡല്‍ രാജ കേസിലൂടെയാണ്. 2017 ഏപ്രില്‍ 9-നാണ് ക്ലിഫ് ഹൗസിന് സമീപമുള്ള ബെയ്ന്‍സ് കോമ്പൗണ്ടിലെ 117-ാം നമ്പര്‍ വീട്ടില്‍ ആ പൈശാചിക കൃത്യം നടന്നത്. വീട്ടില്‍ നിന്ന് പുക ഉയരുന്നതുകണ്ടപ്പോള്‍ വീടിന് തീപിടിച്ചു എന്നാണ് നാട്ടുകാര്‍ കരുതിയത്.

വീടു പൊളിച്ചു അകത്തുകടന്ന പൊലീസ് ഞെട്ടി. കത്തിക്കരിഞ്ഞ അവസ്ഥയില്‍ മൂന്നു മൃതദേഹങ്ങള്‍. അതിനരികില്‍ ടാര്‍പ്പോളിനും ബെഡ്ഷീറ്റും കൊണ്ട് മൂടിക്കെട്ടിയ നിലയില്‍ പുഴുവരിച്ച നിലയില്‍ മറ്റൊരു മൃതദേഹം. അടുത്ത് പകുതി കത്തിയ നിലയില്‍ ഒരു ഡമ്മി.

പ്രൊഫസര്‍ രാജാ തങ്കം, ഭാര്യ ഡോക്ടര്‍ ജീന്‍പത്മ, മകള്‍ കരോളിന്‍, ബന്ധുവായ ലളിത എന്നിവരാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. രാജാ തങ്കത്തിന്റെ മകന്‍ കേഡല്‍ ജിന്‍സണ്‍ രാജയെ കാണാനില്ല. ഇത് പോലീസില്‍ സംശയം ജനിപ്പിച്ചു. കേരളം അരിച്ചുപെറുക്കി പോലീസ് അന്വേഷണം ആരംഭിച്ചു.

മൂന്നാംപക്കം കേഡല്‍ തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് പിടിയിലായി. ചെന്നൈയിലെ ഒളിവ് വാസത്തിന് ശേഷം നാട്ടിലേക്ക് വന്ന കേഡലിനെ പോലീസ് പിടികൂടി. ചോദ്യം ചെയ്യലിലാണ് ആ ഞെട്ടിക്കുന്ന കഥകള്‍ പുറത്തുവന്നത്. ആസ്ട്രല്‍ പ്രൊജക്ഷന്റെ ഞെട്ടിക്കുന്ന കഥകള്‍ കേട്ട് കേരളം തരിച്ചിരുന്നു. ആത്മാക്കള്‍ പരലോകത്തേക്ക് പറക്കുന്നത് കാണാന്‍ വേണ്ടിയായിരുന്നു സ്വന്തം കുടുംബത്തോട് ആരും ചെയ്യാന്‍ മടിക്കുന്ന തരത്തിലുള്ള ക്രൂരത ചെയ്തതെന്ന് കേഡല്‍ പോലീസിനോട് വെളിപ്പടുത്തി.

വിദേശത്ത് നിന്ന് ആഭിചാര പ്രക്രിയകളില്‍ ആകൃഷ്ടനായ താന്‍ 15 വര്‍ഷത്തോളമായി ആസ്ട്രല്‍ പ്രൊജക്ഷന്‍ പരിശീലിക്കുകയായിരന്നു എന്നും വീട്ടുകാരെ കൊലപ്പെടുത്താനായി മഴു അടക്കമുള്ളവ ഓണ്‍ലൈന്‍ വഴി വാങ്ങിയെന്നും കേഡല്‍ വ്യക്തമാക്കി. കുടുംബത്തിലെ ഓരോരുത്തരേയും വീടിന്റെ മുകള്‍ നിലയിലേക്ക് കൊണ്ടുപോയാണ് കൊലപാതകം നടത്തിയത്.

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ഏകാന്ത തടവില്‍ കഴിഞ്ഞിരുന്ന കേഡലിനെ, കടുത്ത മാനസിക വിഭ്രാന്തി കാണിച്ചതിനെ തുടര്‍ന്ന് മാനസികരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. വിചാരണക്ക് പറ്റിയ ശാരീരിക സ്ഥിതി അല്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തിയതിനാല്‍, വിചാരണ ആരംഭിക്കാന്‍ സാധിച്ചിട്ടില്ല.

ഉയര്‍ന്ന ജീവിത സാഹചര്യങ്ങളിലുള്ളവരായിരുന്നു കേഡലിന്റെ കുടുബം. അച്ഛന്‍ രാജ തങ്കം മാര്‍ത്താണ്ഡം ക്രിസ്ത്യന്‍ കോളജിലെ പ്രഫസര്‍ ആയിരുന്നു. അമ്മ ഡോ.ജീന്‍പത്മ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍നിന്നു സ്വയം വിരമിച്ചു. അതിനുശേഷം സൗദി അറേബ്യയിലും ബ്രൂണെയിലും ജോലി ചെയ്തു. മകള്‍ കരോളിന്‍ ചൈനയില്‍നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കി നാട്ടിലെത്തിയത് സംഭവം നടക്കുന്നതിനു മൂന്നു മാസം മുന്‍പാണ്.

കേഡല്‍ ജിന്‍സണ്‍ ഓസ്ട്രേലിയയില്‍നിന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പഠിച്ചയാളാണ്. ചോദ്യം ചെയ്യലിനിടെ പ്രതി അടിക്കടി മൊഴി മാറ്റിയത് ഉദ്യോഗസ്ഥരെ കുഴക്കിയിരുന്നു. ആദ്യം ആസ്ട്രല്‍ പ്രൊജക്ഷന്റെ കാര്യം പറഞ്ഞ ഇയാള്‍ പിന്നീട് വീട്ടുകാരുടെ തന്നോടുള്ള അവഗണനയും നിരാശയുമാണ് കൊലപാതകത്തിന് കാരണമെന്നാണ് വിശദീകരിച്ചത്.

അരുണാചല്‍ പ്രദേശില്‍ കൊല്ലപ്പെട്ട മൂന്നു മലയാളികളുടെ കാര്യത്തിലും ആദ്യ വിവരങ്ങള്‍ വിരല്‍ ചൂണ്ടുന്നത് ദുര്‍മന്ത്രവാദത്തിലേക്കാണ്. മൂവരുടേയും പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. നവീനാണ് രണ്ടു യുവതികളുടേയും ശരീരത്തില്‍ മുറിവുകള്‍ വരുത്തിയത് എന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം.

ഭാര്യയെയും സുഹൃത്തായ ആര്യയെയും വിചിത്ര വഴികളിലേക്ക് നയിച്ചത് നവീനാണെന്നാണ് സൂചന. മരണശേഷം പരലോകത്ത് ജീവിക്കാമെന്ന് നവീന്‍ ഇവരെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. ആര്യക്ക് നവീന്‍ മൃതദേഹത്തിന്റെയും രക്തത്തുള്ളികളുടെയും ചിത്രങ്ങള്‍ അയച്ചുകൊടുത്തിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇതാണ്, കൂട്ട മരണത്തിലേക്ക് നയിച്ചത് ദുര്‍മന്ത്രവാദമാണെന്ന സംശയം ഉയരാന്‍ കാരണമായത്.

അടുത്തമാസം ഏഴിന് ആര്യയുടെ വിവാഹം ഉറപ്പിച്ചിരുന്നു. ആര്യയും ദേവിയും തമ്മില്‍ നല്ല സൗഹൃദത്തിലായിരുന്നു. ആര്യയുടെ വിവാഹം ഉറപ്പിച്ചതിനുപിന്നാലെയാണ് ഇവര്‍ മരിക്കാന്‍ തീരുമാനിച്ചതെന്ന ആരോപണവുമുണ്ട്. ആര്യയെ കഴിഞ്ഞമാസം 27 മുതല്‍ കാണാനില്ലെന്ന് കാണിച്ച് പിതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു.

ആരും പോകാത്ത വിദൂരസ്ഥലങ്ങളെക്കുറിച്ച് സ്വപ്നത്തില്‍ കാണാറുണ്ടെന്നും ഇവിടേക്ക് പോകാറുണ്ടെന്നും ഇവര്‍ അടുത്ത സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. പൊതുവേ, സമൂഹത്തോട് ഇടപഴകാതെ മാറി നിന്നിരുന്ന ഇവര്‍ക്ക്, ചുരുക്കം ചില സുഹൃത്തക്കള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആര്യയും ദേവിയും ചില വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ വഴി ട്യൂഷന്‍ എടുത്തിരുന്നു. കുറച്ചുദിവസത്തേക്ക് ട്യൂഷനില്ലെന്നും അടുത്ത ട്യൂഷന്‍ സമയം അറിയിക്കാമെന്നും ഇവര്‍ വിദ്യാര്‍ഥികളോട് പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് അരുണാചലിലേക്ക് പോയത്.

ശ്രീകാര്യത്തെ സ്വകാര്യ സ്‌കൂളില്‍ അധ്യാപികയാണ് ആര്യ. ദേവി മുന്‍പ് ഇവിടെ അധ്യാപികയായി ജോലി ചെയ്തിരുന്നു. മാര്‍ച്ച് 27ന് ആണ് മൂവരും അരുണാചലിലേക്കു പോയത്. അരുണാചലിന്റെ തലസ്ഥാനമായ ഇറ്റാനഗറില്‍നിന്ന് 100 കിലോമീറ്റര്‍ മാറി സിറോയിലെ ഹോട്ടലിലാണ് മുറിയെടുത്തത്. കുടുംബമാണെന്നും ആര്യ മകള്‍ ആണെന്നും പറഞ്ഞാണ് ഇവര്‍ മുറിയെടുത്തത്.

കഴിഞ്ഞദിവസങ്ങളില്‍ റസ്റ്ററന്റിലെത്തി ആഹാരം കഴിച്ച ഇവരെ ഇന്നലെ രാവിലെ 10 കഴിഞ്ഞിട്ടും പുറത്തു കാണാതിരുന്നതോടെ ഹോട്ടല്‍ ജീവനക്കാര്‍ അന്വേഷിച്ചു ചെല്ലുകയായിരുന്നു. മുറിയില്‍ ആര്യ കട്ടിലിലും ദേവി നിലത്തും കൈഞരമ്പ് മുറിഞ്ഞനിലയില്‍ മരിച്ചുകിടക്കുകയായിരുന്നു. നവീന്റെ മൃതദേഹം ശുചിമുറിയിലായിരുന്നു. ദേഹമാസകലം വ്യത്യസ്ത തരത്തിലുള്ള മുറിവുകളുണ്ടാക്കി രക്തം വാര്‍ന്നാണ് മൂവരുടെയും മരണം. പശസ്ത വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫര്‍ ബാലന്‍ മാധവന്റെയും ക്രൈസ്റ്റ് നഗര്‍ സ്‌കൂളിലെ യോഗ അധ്യാപിക ലതയുടെയും മകളാണു ദേവി. ലാറ്റക്‌സ് റിട്ട. ഉദ്യോഗസ്ഥന്‍ അനില്‍കുമാറിന്റെയും ജിബാലാംബികയുടെയും മകളാണ് ആര്യ.

സമാനമായ സംഭവം തന്നെയാണ് ഇപ്പോള്‍ വെഞ്ഞാറമൂട്ടിലും സംഭവിച്ചിരിക്കുന്നത്. യാതൊരു കുറ്റബോധവുമില്ലാത്ത പ്രതി ചിരിച്ചുകൊണ്ടാണ് പൊലീസ് സ്റ്റേഷനിലെത്തി കാര്യങ്ങള്‍ വിശദീകരിച്ചത്. കാരണങ്ങള്‍ പലതും നിരത്തുന്നുണ്ട്. 

കടം കയറി മുങ്ങിയ കുടുംബം കൂട്ട ആത്മഹത്യയുടെ വക്കില്‍ നിന്നുമാണ് അഫാന്‍ ഒരു കൊടുംകുറ്റവാളിയായി മാറുന്നത്. സിനിമകളെ ഇഷ്ടപ്പെട്ടിരുനന്ന യുവാവ് കൂടിയാണ് അഫാന്‍ എന്നതു കൊണ്ട് തന്നെ അടുത്തിടെ പുറത്തിറങ്ങിയ രക്തരൂക്ഷിതമായ സിനിമകള്‍ അയളെ സ്വാധീനിച്ചിരുന്നോ എന്ന വിധത്തിലും ചര്‍ച്ചകള്‍ പോകുന്നുണ്ട്. മദ്യപിക്കുമെങ്കിലും മറ്റ് മയക്കുമരുന്ന് ഉപയോഗം ഇയാള്‍ക്ക് ഉണ്ടായിരുന്നില്ലെന്നാണ വ്യക്തമാകുന്ന വിവരം.

സിനിമാ പ്രേമിയായ അഫാന്‍ കൂടുതലും ഇഷ്ടപ്പെട്ടിരുന്നത് പ്രതികാര ദാഹിയായ നായകന്‍മാരെയാണ്. താനുമായി അടിപിടി കൂടിയ യുവാവിനെ തിരികെ മര്‍ദ്ദിക്കുന്നതുവരെ ചെരുപ്പിടാതെ നടന്നത് സ്‌കൂള്‍ പഠന കാലത്താണെന്നാണ് നാടുകാരായ സുഹൃത്തുക്കള്‍ പറുനന്ത്. 'മഹേഷിന്റെ പ്രതികാരം ' എന്ന സിനിമയിലെ നായകനെപ്പോലെ പക മനസ്സില്‍ കെടാതെ സൂക്ഷിക്കുകയായിരുന്നു. ഇപ്പോഴത്തെ അരുംകൊലയിലും സിനിമാ സ്വാധീനമുണ്ടോ എന്ന ആശങ്കയാണ് പലര്‍ക്കും.

സിനിമയുടെ സ്വാധീനം അന്വേഷണ ഉദ്യോഗസ്ഥരും സംശയിക്കുന്നുണ്ട് .സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് എലി വിഷം കഴിച്ചിട്ടുണ്ട്. ബുള്ളറ്റ് വാങ്ങി കൊടുക്കാത്തതിന്റെ പേരില്‍ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്യാന്‍ ഒരിക്കല്‍ ശ്രമിച്ചിരുന്നു. മറ്റൊരിക്കല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യാനും ശ്രമിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു. കടക്കണി കാരണം പലപ്പോഴും വീട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ടെന്ന് ചില ബന്ധുക്കള്‍ സൂചന നല്‍കുന്നു.

ആഡംബര ഭ്രമം കടക്കെണി വര്‍ദ്ധിപ്പിച്ചിട്ടും നിറുത്താന്‍ തയ്യാറായില്ല. ബുള്ളറ്റ് വിറ്റാണ് ഹിമാലയ ബൈക്ക് വാങ്ങിയത്. അടുത്തിടെ ഐ ഫോണും വാങ്ങി. ഇതെല്ലാം കടം വാങ്ങിയാണ് സ്വന്തമാക്കിയത്. കടക്കാര്‍ നിരന്തരം ബുദ്ധിമുട്ടിക്കുമ്പോള്‍ നമുക്ക് ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്ന് ഷെമി മക്കളോട് പറയാറുണ്ടായിരുന്നത്രെ.

പുതിയ മൊബൈല്‍ ഫോണുകളോടും ബൈക്കുകളോടുമായിരുന്നു അഫാന് കമ്പം. അഫാന്‍ പറഞ്ഞത് അനുസരിച്ചാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് വീട്ടില്‍ കാര്‍ വാങ്ങുന്നത്. കൊവിഡിന് മുമ്പുവരെ പിതാവ് അബ്ദുറഹീമിന്റെ ഗള്‍ഫിലെ ബിസിനസ് നല്ല നിലയിലാണ് പോയിരുന്നത്. ആ സമയത്ത് ആഡംബര ജീവിതമായിരുന്നു അഫാന്റേത്. കുടുംബത്തിന് കടബാദ്ധ്യത വന്നതോടെ എല്ലാം തകിടം മറിഞ്ഞു. അമ്മയ്ക്ക് അര്‍ബുദം കൂടി ബാധിച്ചതോടെ കുടുംബം കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നു.അതിനിടെ അഫാന്റെ ബുള്ളറ്റും കാറും വിറ്റു.

അതിനുശേഷം കുറേനാള്‍ കഴിഞ്ഞാണ് ഒന്നരലക്ഷം രൂപയ്ക്ക് പുതിയ ബൈക്കും ഫോണും വാങ്ങിയത്. കടം കൂടിയതോടെ ഇതെല്ലാം നഷ്ടപ്പെടുമെന്ന് അഫാന് ആശങ്കയുണ്ടായിരുന്നതായും വിലയിരുത്തുന്നുണ്ട്. പാണാവൂരിലെ കോളേജില്‍ ബികോം പഠനം പാതിവഴിയില്‍ നിറുത്തിയ അഫാന് സുഹൃത്തുക്കള്‍ കുറവാണ്. മാതാവ് ഷെമിയുടെ നാടായ പേരുമലയില്‍ സ്ഥലം വാങ്ങി 10 വര്‍ഷം മുന്‍പാണ് കുടുംബം വീട് വച്ചത്. പിതാവിന്റെ മാതാവിനെ കൊലപ്പെടുത്തിയശേഷം കവര്‍ന്ന മാല പണയംവച്ച് കിട്ടിയ തുകയില്‍ നിന്ന് നാല്‍പ്പതിനായിരം രൂപ കടം വീട്ടാന്‍ അഫാന്‍ ഉപയോഗിച്ചെന്നും അറിയുന്നു.

ഫര്‍സാനയുടെ മാലയുംവാങ്ങി പണയം വച്ചുഅഫാന്റെ കടുത്ത സാമ്പത്തിക ബാദ്ധ്യത കാമുകി ഫര്‍സാനയ്ക്കും അറിയാമായിരുന്നു എന്നാണ് വിവരം. ഫര്‍സാനയുടെ ഒരു സ്വര്‍ണമാല വാങ്ങിയും അഫാന്‍ പണയം വച്ചിരുന്നു. ഇക്കാര്യം വീട്ടില്‍ അറിയാതിരിക്കാന്‍ സ്വര്‍ണം പൂശിയ മറ്റൊരു മാല ഫര്‍സാനയ്ക്ക് വാങ്ങി നല്‍കി. അഫാന്റെ സാമ്പത്തിക ബാദ്ധ്യതയെപ്പറ്റി ഫര്‍സാന തന്റെ അമ്മയോട് പറഞ്ഞിരുന്നു. അഫാനുമായി പ്രണയത്തിലാണെന്ന കാര്യം ഫര്‍സാനയുടെ കുടുംബത്തിലെ ചിലര്‍ക്ക് അറിയാമായിരുന്നെന്നും സൂചനയുണ്ട്. അഫാന് നല്ലൊരു ജോലി ലഭിച്ചശേഷം വിവാഹത്തെക്കുറിച്ച് അച്ഛനോട് സംസാരിക്കാം എന്ന നിലപാടിലായിരുന്നു ഫര്‍സാന.

അഞ്ചുനേരം നിസ്‌കരിക്കും,പിന്നെങ്ങനെ മാറിദിവസവും അഞ്ച് നേരം നിസ്‌കരിക്കുന്ന വിശ്വാസിയായ ചെറുപ്പക്കാരന്‍ എങ്ങനെയാണ് ഇത്ര വലിയ കൊലപാതകിയായതെന്ന് അമ്പരക്കുകയാണ് നാട്ടുകാര്‍. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കല്യാണങ്ങള്‍ക്ക് അമ്മയും രണ്ടു മക്കളും ഒന്നിച്ചാണ് പങ്കെടുത്തിരുന്നത്. അത്രയ്ക്ക് ഇഴയടുപ്പമുണ്ടായിരുന്ന കുടുംബത്തില്‍ ഒറ്റദിവസം കൊണ്ട് എന്താണ് സംഭവിച്ചിട്ടുണ്ടാകുക എന്നാണ് ഇവര്‍ ആശ്ചര്യപ്പെടുന്നത്.

മാത്രമല്ല, ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഷെമിന തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ഇവരുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ട സാഹചര്യത്തിലാണ് ഇന്ന് മൊഴി എടുക്കാന്‍ ഡോക്ടര്‍മാര്‍ പൊലീസിന് അനുമതി നല്‍കിയത്.

കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വഴി ഇല്ലാതായത്തോടെ കൊലപാതകങ്ങള്‍ നടത്തേണ്ടി വന്നു എന്നാണ് അഫാന്‍ പൊലീസിന് മൊഴി നല്‍കിയത്. ഇതു തന്നെയാണ് കാരണം എന്ന നിഗമനത്തിലാണ് അന്വേഷണവും മുന്നോട്ട് പോകുന്നത്. അഫാന്റെ മൊഴിയെ ശരിവെക്കുന്ന വിധത്തിലാണ് ഇതുവരെ പുറത്തുവന്ന വിവരങ്ങള്‍.

അതേസമയം കേരള പൊലീസ് ഇതുവരെ കൈകാര്യം ചെയ്ത കൂട്ടക്കൊലപാതക കേസുകളില്‍നിന്ന് ഏറെ വ്യത്യസ്തവും അപൂര്‍വവുമാണു വെഞ്ഞാറമൂട് കൂട്ടക്കൊലയെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നത്. ഈ സാഹചര്യത്ില്‍ സംഭവം പ്രത്യേക കേസ് സ്റ്റഡി ആയി പൊലീസ് പഠിക്കും. ഇരകളെയെല്ലാം ഒന്നിച്ചു കൊലപ്പെടുത്തുന്ന രീതിയാണ് ഭൂരിഭാഗം കേസുകളിലുമുള്ളത്. എന്നാല്‍, വെഞ്ഞാറമൂട് കേസില്‍ പ്രതി അഫാന്‍ ഒരു പകല്‍ മുഴുവന്‍ നീണ്ട ആക്രമണ പരമ്പരയിലൂടെയാണ് 3 വീടുകളിലായി 5 പേരെ കൊലപ്പെടുത്തിയത്.

ഇതിനായി ഇയാള്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ചു. കൊലപാതകങ്ങള്‍ക്ക് ഇടവേളകളെടുത്തു വിശ്രമിച്ചു; മദ്യപിച്ചു. എല്ലാറ്റിനും ശേഷം കുളിച്ചു വസ്ത്രം മാറി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ക്രിമിനല്‍ പശ്ചാത്തലമോ സമൂഹത്തില്‍ മുന്‍പു പ്രശ്നങ്ങളോ സൃഷ്ടിക്കാത്ത അഫാന്‍ എങ്ങനെ ഈ രീതിയില്‍ പെരുമാറിയെന്നതിനു പൊലീസിന്റെ പക്കല്‍ വ്യക്തമായ ഉത്തരമില്ല. പുതിയ കാലത്തെ ലഹരിമരുന്നുകളുടെ അടിമയാണ് അഫാനെന്ന വാദങ്ങളുണ്ടെങ്കിലും അതു സ്ഥിരീകരിക്കാനുള്ള തെളിവുകള്‍ പൊലീസിനു ലഭിച്ചിട്ടില്ല. താന്‍ വല്ലപ്പോഴും മാത്രം മദ്യപിക്കുന്ന ആളാണെന്നാണ് ഇയാള്‍ പൊലീസിനോടു പറഞ്ഞിരിക്കുന്നത്.

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തില്‍ പ്രതിയായ അഫാന്റെ മൊഴിയിലെ നിര്‍ണായക വിവരങ്ങള്‍ ഇന്നലെ പുറത്തുവന്നിരുന്നു കൊലപാതകത്തിന് കാരണം സാമ്പത്തിക ബാധ്യതയെന്നാണ് അഫാന്‍ പോലീസിന് നല്‍കിയ മൊഴിയിലുള്ളത്. കൊലപാതകങ്ങള്‍ക്കുശേഷം വിഷം കഴിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള അഫാന്റെ മൊഴി ഔദ്യോഗികമായി പോലീസ് രേഖപ്പെടുത്തുകയായിരുന്നു. അതീവരഹസ്യമായി ചൊവ്വാഴ്ചയാണ് അന്വേഷണസംഘം മൊഴിയെടുത്തത്. ഈ മൊഴിയില്‍ കൊലപാതകവുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും അഫാന്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

വീട്ടിലെ ചെലവുകള്‍ക്കും മറ്റുമായി ഉമ്മ നിരന്തരം പണംകടം വാങ്ങുമായിരുന്നു എന്നാണ് അഫാന്‍ പറയുന്നത്. ഏകദേശം 65 ലക്ഷം രൂപയുടെ ബാധ്യതയായി ഇത് മാറി. പ്രധാനമായും 12 പേരില്‍നിന്നാണ് പലപ്പോഴായി പണം കടം വാങ്ങിയിരുന്നത്. ഒരാളില്‍നിന്ന് വാങ്ങിയ കടം വീട്ടിയിരുന്നത് മറ്റൊരാളില്‍നിന്ന് വീണ്ടും കടം വാങ്ങിയിട്ടായിരുന്നു. ഇതായിരുന്നു കടബാധ്യത തീര്‍ക്കാന്‍ ഉപയോഗിച്ച പതിവ് രീതി.

എന്നാല്‍ ഒരു ഘട്ടത്തില്‍ കടം വാങ്ങിയ പണം തിരിച്ചുകൊടുക്കാനാകാത്ത സ്ഥിതിയുണ്ടായി. പണം നല്‍കിയവര്‍ തിരികെ ചോദിക്കാന്‍ ആരംഭിച്ചതോടെ കുടുംബം കൂട്ട ആത്മഹത്യ ചെയ്യാമെന്ന തീരുമാനമെടുത്തു. ഉമ്മയ്ക്കും സഹോദരനുമൊപ്പം താനും ജീവനൊടുക്കാനായിരുന്നു പദ്ധതി. എന്നാല്‍ ആത്മഹത്യ ചെയ്യുമ്പോള്‍ എല്ലാവരും മരിച്ചില്ലെങ്കിലോ എന്ന ആശങ്കയുണ്ടായി. ഇതോടെയാണ് എല്ലാവരേയും താന്‍ തന്നെ കൊല്ലാമെന്ന നിഗമനത്തിലെത്തിയത് എന്നും അഫാന്‍ പോലീസിനോട് പറഞ്ഞു. ഉമ്മയേയും സഹോദരനേയും ഇല്ലാതാക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടതെന്നും മൊഴിയിലുണ്ട്.

കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്നതിനിടയിലും, പിതാവിന്റെ സഹോദരനും ഭാര്യയും മുത്തശ്ശിയും നിരന്തരം തന്റെ കുടുംബ പ്രശ്നങ്ങളില്‍ ഇടപെടുമായിരുന്നു എന്നാണ് അഫാന്‍ പറയുന്നത്. കട ബാധ്യതകള്‍ തീര്‍ക്കാന്‍ സഹായിക്കാതെ നിരന്തരം ശാസിക്കുകയും കുറ്റപ്പെടുത്തുകയും മാത്രമാണ് ഇവര്‍ ചെയ്തത്. ഈ കാരണത്താല്‍ ഇവരോട് അഫാന് പകയുണ്ടായിയിരുന്നു. ഇതാണ് മൂന്നുപേരേയും ഇല്ലാതാക്കാനുള്ള കാരണമായത്. 'ഞാനില്ലെങ്കില്‍ അവളും വേണ്ട' എന്ന തീരുമാനമാണ് ഫര്‍സാനയെ കൊല്ലുന്നതിലേക്ക് തന്നെ എത്തിച്ചത് എന്നും മൊഴിയില്‍ പറയുന്നു.

സംഭവദിവസം ആദ്യം ആക്രമിച്ചത് ഉമ്മയെ ആണെന്നാണ് മൊഴി. രാവിലെ 11 മണിയോടെ ഉമ്മ ഷെമിയുടെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്താന്‍ ശ്രമിച്ചു. ബോധരഹിതയായപ്പോള്‍ മരിച്ചെന്ന് കരുതി അവരെ മുറിയില്‍ പൂട്ടിയിട്ട് പുറത്തേക്ക് പോവുകയായിരുന്നു. മറ്റുള്ളവരെ കൊലപ്പെടുത്താനുള്ള ആയുധം സംഘടിപ്പിക്കാനായിരുന്നു പിന്നീട് ശ്രമിച്ചത്.

അതിനായി വെഞ്ഞാറമൂട്ടിലുള്ള ധനകാര്യ സ്ഥാപനത്തിലെത്തി 1500 രൂപ കടം വാങ്ങി. തുടര്‍ന്ന് അവിടെതന്നെയുള്ള ഒരു കടയില്‍പോയി ഭാ?രം കൂടിയ ചുറ്റിക വാങ്ങി. മറ്റ് കടകളില്‍ പോയി ബാഗും എലി വിഷവും വാങ്ങി. ഇതെല്ലാമായി വീട്ടിലെത്തിയപ്പോഴാണ് ഉമ്മ തല ഉയര്‍ത്തി തന്നെ നോക്കുന്നത് അഫാന്‍ കാണുന്നത്. ഉടന്‍ ചുറ്റിക ഉപയോഗിച്ച് ഉമ്മയുടെ തലയ്ക്ക് അടിച്ചു. മരിച്ചെന്ന ധാരണയില്‍ വീടിനു പുറത്തേക്ക് പോയി. പിന്നീട് പാങ്ങോടുള്ള മുത്തശ്ശിയുടെ വീട്ടിലെത്തി ഇതേ ചുറ്റിക ഉപയോഗിച്ച് അവരെ കൊലപ്പെടുത്തി. ശേഷം മുത്തശ്ശിയുടെ സ്വര്‍ണമാല കൈക്കലാക്കി വെഞ്ഞാറമൂട്ടിലെത്തി.

ധനകാര്യ സ്ഥാപനത്തില്‍ സ്വര്‍ണമാല പണയംവെച്ച് 74500 രൂപ വാങ്ങി. ഈ പണത്തില്‍നിന്ന് കടം വാങ്ങിയ വ്യക്തിക്ക് ഓണ്‍ലൈന്‍ വഴി 40000 രൂപ കൈമാറി. ഇതിനുശേഷം എസ്.എന്‍.പുരത്തെത്തി പിതാവിന്റെ സഹോദരനേയും ഭാര്യയേയും കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് വെഞ്ഞാറമൂട്ടിലെത്തി ഒരു ബാറില്‍നിന്ന് മദ്യപിച്ചു. ഒരു ബോട്ടില്‍ മദ്യം ബാറില്‍നിന്ന് വാങ്ങുകയും ചെയ്തു. പിന്നീട് കാമുകിയായ ഫര്‍സാനയെ വിളിച്ച് ബൈക്കില്‍ ഇരുവരും വീട്ടിലേക്ക് എത്തി. എന്നാല്‍ ഇതിനു മുന്‍പ്, സഹോദരനായ അഫ്സാന്‍ വീട്ടിലുണ്ടെന്ന് മനസ്സിലാക്കിയ അഫാന്‍ കുഴിമന്തി വാങ്ങാന്‍ അഫ്സാനെ വെഞ്ഞാറമൂട്ടിലേക്ക് പറഞ്ഞയച്ചിരുന്നു. തുടര്‍ന്ന് വീട്ടിനുള്ളില്‍വെച്ച് ഫര്‍സാനയെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ഇതിനുശേഷമാണ് താന്‍ വിഷം കഴിച്ചത് എന്നാണ് അഫാന്‍ പറയുന്നത്. തുടര്‍ന്ന് സഹോദരനായ അഫ്സാന്‍ കുഴിമന്തിയുമായി തിരികെ വീട്ടിലേക്ക് എത്തി. ഇതോടെ സഹോദരനേയും വകവരുത്തിയ ശേഷം വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു എന്നാണ് മൊഴിയിലുള്ളത്. ചൊവ്വാഴ്ച അതീവ രഹസ്യമായി മൊഴി രേഖപ്പെടുത്തിയിരുന്നെങ്കിലും കൃത്യത്തിലേക്ക് നയിച്ചതിന് പിന്നില്‍ മറ്റു കാരണങ്ങള്‍ ഉണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ടായിരുന്നു. ഇതാണ് മൊഴിയുടെ വിശദാംശങ്ങള്‍ പുറത്തുവരാന്‍ വൈകിയത്.

നന്തന്‍കോട് അന്ന് നടന്നതിനോളം, അല്ലെങ്കില്‍ അതിനെക്കാള്‍ ക്രൂരമായ മറ്റൊരു കൂട്ടക്കൊലയാണ് വെഞ്ഞാറമ്മൂട് നടന്നത്. അഫാന്‍ എന്ന 23 കാരന്‍ 14 വയസ് മാത്രം പ്രായമുള്ള സ്വന്തം സഹോദരന്‍ ഉള്‍പ്പെടെ അഞ്ചു പേരെയാണ് കൊന്നൊടുക്കിയത്. അമ്മ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. കേഡലിനെ കൊലയാളിയാക്കിയത് സത്താന്‍ സേവയാണെങ്കില്‍ അഫാന്റെ കാര്യത്തില്‍ കാരണം വ്യക്തമായിട്ടില്ല. പണമോ പ്രണയമോ, അതോ ലഹരിയോ എന്നിങ്ങനെ പല ചോദ്യങ്ങളും ഉയര്‍ന്നിട്ടുണ്ടെങ്കിലും ഒന്നിലും വ്യക്തത വന്നിട്ടില്ല.

അഫാന്‍ പെട്ടെന്നുള്ള പ്രകോപനത്തിന്റെ പുറത്താണോ, അതോ തീരുമാനിച്ചുറപ്പിച്ചാണോ കൊലകള്‍ നടത്തിയതെന്നു വ്യക്തമായിട്ടില്ല. എന്നാല്‍ കേഡല്‍ കൂട്ടകൊലയ്ക്കായി തയ്യാറെടുത്തിരുന്നു. കൊലയ്ക്ക് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ മാതാപിതാക്കളുടെ ഡമ്മി ഉണ്ടാക്കി പരിശീലനം നടത്തിയിരുന്നു. യൂട്യൂബില്‍ മനുഷ്യന്റെ കഴുത്ത് മുറിക്കുന്നതിന്റെ വീഡിയോസും കണ്ടിരുന്നു. ഇത്തരം വീഡിയോകള്‍ കേഡലിന്റെ ലാപ്ടോപ്പില്‍ നിന്നും പൊലീസ് കണ്ടെത്തിയിരുന്നു. കത്തിയും മഴുവും പെട്രോളുമെല്ലാം നേരത്തെ തന്നെ കരുതിവച്ചിരുന്നു.

വെഞ്ഞാറമ്മൂടില്‍ അഫാന്‍, മൂന്നു വീടുകളിലായി അഞ്ചുപേരെ തലതല്ലിപ്പൊളിച്ചും മുഖം വികൃതമാക്കിയും ക്രൂരമായി കൊന്നിട്ടും അയല്‍ക്കാര്‍ പോലും ഒന്നും അറിഞ്ഞിരുന്നില്ല. ഒരു നിലവിളി ശബ്ദം പോലും കേട്ടിരുന്നില്ല. ഒടുവില്‍ അഫാന്‍ തന്നെ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി കാര്യങ്ങള്‍ വെളിപ്പെടുത്തിയശേഷം പൊലീസ് വീട്ടില്‍ എത്തുമ്പോഴായിരുന്നു കൊലപാതക വിവരങ്ങള്‍ നാട്ടുകാര്‍ അറിയുന്നത്. വീട് പൂട്ടി ഗ്യാസ് സിലണ്ടറും തുറന്നിട്ടിട്ടാണ് അഫാന്‍ സ്റ്റേഷനില്‍ എത്തിയത്.

നന്തന്‍കോട്ടെ സ്ഥിതി മറ്റൊന്നായിരുന്നു. രാത്രി 11 മണിയോടെ മുഖ്യന്ത്രിയുടെ ഔദ്യോഗിക ഭവനത്തിന് സമീപമുള്ള ഡോക്ടര്‍ ജീന്‍ പത്മയുടെ വീട്ടില്‍ തീ പിടിച്ചെന്ന് വാര്‍ത്തയാണ് ആദ്യം പരന്നത്. എന്താണ് സംഭവിച്ചതെന്ന് അറിയാതെ പരിസര വാസികള്‍ പഞ്ഞടുത്തു. ശക്തമായ തീയും പുകയും പൊട്ടിത്തെറിയും കേട്ടാണ് അയല്‍വാസികള്‍ അറിയുന്നത്. ഫയര്‍ഫോഴ്സിനെ ബന്ധപ്പെട്ടെങ്കിലും ഒടുവില്‍ മ്യൂസിയം പോലീസില്‍ വിവരമറിയിച്ചാണ് ഫയര്‍ഫോഴ്സ് എത്തുന്നത്.

ഫയര്‍ ഫോഴ്സ് എത്തുമ്പോള്‍ സിറ്റൌട്ടില്‍ തീ പടരുകയായിരുന്നു. 45 മിനുട്ടോളം പരിശ്രമിച്ചതിന് ശേഷമാണ് തീ കെടുത്താന്‍ സാധിച്ചത്. സോഫയും ബെഡും ഒക്കെ കത്തിയത് കൊണ്ട് പുക മൂടിയത് കാരണം അകത്ത് ഒന്നും കാണാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല. അകത്തു ആളുകള്‍ ഉണ്ടോ എന്നും തുടക്കത്തില്‍ മനസിലായില്ല. 

പിന്നീട് അകത്തെ മുറിയില്‍ അലമാര കത്തുന്നത് കണ്ട് തീ അണക്കാന്‍ പോയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തീ പിടുത്തത്തില്‍ മരിച്ചതായിരിക്കാം എന്നായിരുന്നു പോലീസ് ആദ്യം കരുതിയത്. എന്നാല്‍ ഡോക്ടര്‍ പദ്മയുടെയും ബന്ധു ലളിതയുടെയും മൃതദേഹം ബെഡ്ഷീറ്റില്‍ പൊതിഞ്ഞതായി കണ്ടതാണ് കൊലപാതകം എന്ന സംശയത്തിലേക്ക് പോലീസ് എത്തിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മൃതദേഹങ്ങള്‍ വെട്ടി മുറിച്ചതായി കണ്ടെത്തിയതോടെ കൂട്ടക്കൊല സ്ഥീരീകരിക്കുകയായിരുന്നു.

കൂട്ടക്കൊല നടത്തിയിരിക്കുന്നത് കൃത്യമായ ആസൂത്രണത്തോടെയാണ് എന്നു പോലീസിനു മനസിലായി. കൊല്ലപ്പെട്ട പ്രൊഫസര്‍ രാജരങ്കത്തിന്റെയും ഡോക്ടര്‍ പത്മയുടെയും മൃതദേഹത്തിന് സമീപത്ത് നിന്ന് മകന്‍ കേഡല്‍ ജിന്‍സന്‍ രാജിന്റെ രൂപത്തിലുള്ള ഡമ്മി, പാതി കത്തിയ നിലയില്‍ കണ്ടെത്തിയതാണ് ആസൂത്രണത്തിന്റെ സാധ്യതയിലേക്ക് വെളിച്ചം വീശിയത്. തുണി, ഇരുമ്പ്, പ്ലാസ്റ്റിക് എന്നിവകൊണ്ട് ഉണ്ടാക്കിയ മനുഷ്യ രൂപമായിരുന്നു കിട്ടിയത്. 

വീടിന് തീ കൊടുത്ത് മുഴുവന്‍ പേരും വെന്തു മരിച്ചു എന്ന തെറ്റിദ്ധാരണ ഉണ്ടാക്കാനാണ് ഡമ്മി കത്തിച്ചത്. സംഭവത്തിന് കേഡല്‍ അപ്രത്യക്ഷനായതും കൊലപാതകം നടത്തിയത് അയാളാണെന്നു പൊലീസിന് മനസിലാക്കാന്‍ സാധിച്ചു. കേഡല്‍ ഒളിവില്‍ പോയെങ്കില്‍, അഫാന്‍ നേരിട്ട് പൊലീസിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു. കേഡലിലും അഫാനിലും പൊതുവായി കണ്ടൊരു കാര്യമുണ്ട്; ഇത്രവലിയ ക്രൂരത ചെയ്തിട്ടും ഒരുകുലുക്കവുമില്ലാത്ത, യാതൊരു പശ്ചാത്താപവും ഇല്ലാതെയാണവര്‍ നിന്നത്. 

 

murder venjaramoodu