എടക്കര: പ്രണയം നടിച്ച് വീഡിയോ കോള്‍ വഴി യുവതിയുടെ നഗ്‌നചിത്രം പകര്‍ത്തി സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച ഇരട്ടസഹോദരങ്ങളെ എടക്കര പോലീസ് അറസ്റ്റ് ചെയ്തു. കാളികാവ് അഞ്ചച്ചവടി കാണാഞ്ചേരി ഹസൈനാര്‍ (21), ഹുസൈന്‍ (21) എന്നിവരാണ് പിടിയിലായത്.
നിലമ്പൂര്‍ ചന്തക്കുന്നില്‍ വാടകയ്ക്ക് താമസിക്കുന്നതിനിടയില്‍ പരിചയപ്പെട്ട യുവതിയോട് ഹസൈനാരാണ് ആദ്യം പ്രണയം നടിച്ചത്. തുടര്‍ന്ന് സഹോദരങ്ങള്‍ വയനാട് ചുള്ളിയോട്ടിലേക്ക് താമസം മാറിയിരുന്നു. ഇതിനിടയില്‍ ഹുസൈനുമായും യുവതി പരിചയത്തിലായി. തുടര്‍ന്ന് ഹുസൈനും യുവതിയോട് മൊബൈല്‍ഫോണ്‍ വഴി പ്രണയാഭ്യര്‍ഥന നടത്തി. തുടര്‍ന്ന് സഹോദരങ്ങള്‍ ചേര്‍ന്ന് യുവതിയെ പ്രലോഭിപ്പിച്ച് രാത്രിയില്‍ വീഡിയോ കോള്‍ വഴി നഗ്‌നചിത്രം പകര്‍ത്തുകയും തങ്ങളെ വിവാഹം കഴിച്ചില്ലെങ്കില്‍ സുഹൃത്തുക്കള്‍ക്കും വീട്ടുകാര്‍ക്കും വീഡിയോ അയച്ചുകൊടുക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് യുവതി ബന്ധത്തില്‍നിന്ന് പിന്‍മാറി. ഇതിന്റെ വിരോധത്തിലാണ് നഗ്‌നദൃശ്യം പ്രചരിപ്പിച്ചത്.
ഇന്‍സ്പെക്ടര്‍ എന്‍.ബി. ഷൈജു, എ.എസ്.ഐ. ഷാജഹാന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സാബിറലി, അരുണ്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. മഞ്ചേരി കോടതി റിമാന്‍ഡ് ചെയ്തു