/kalakaumudi/media/media_files/dDH2yXCVpur884gc0bIz.jpeg)
തിരുവനന്തപുരം: വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് കോടികള്‍ തട്ടിയ കേസില്‍ റിക്രൂട്ട്മെന്റ് കമ്പനിയുടെ ഉടമകളായ അമ്മയും മകനും അറസ്റ്റില്‍. ഡോള്‍സി ജോസഫൈന്‍ സജു, മകന്‍ രോഹിത് സജു എന്നിവരെയാണ് മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തത്.
രാത്രി ഓഫീസ് കെട്ടിടത്തില്‍ നിന്ന് സാധനങ്ങള്‍ മാറ്റുന്നതിനിടെ കെട്ടിട ഉടമ പോലീസിനെ അറിയിക്കുകയായിരുന്നു. പിന്നാലെ പോലീസ് സ്ഥലത്തെത്തി ഇവരെ കസ്റ്റഡിയിലെടുത്തു. ശാസ്തമംഗലത്ത് പ്രവര്‍ത്തിക്കുന്ന ബ്രൂക്ക്പോര്‍ട്ട് ട്രാവല്‍ ആന്‍ഡ് ലോജിസ്റ്റിക്സ് എന്ന സ്ഥാപനമാണ് ഇവര്‍ നടത്തിയിരുന്നത്.
ദമ്പതികളും മകനും നടത്തുന്ന റിക്രൂട്ട്മെന്‍ഡ് കമ്പനി അഞ്ച് കോടിയോളം രൂപ തട്ടിയെന്നാണ് ആരോപണം. ഡോള്‍സി ജോസഫൈന്‍ സജു, ഇവരുടെ ഭര്‍ത്താവ് സജു, മകന്‍ രോഹിത് സജു എന്നിവര്‍ ചേര്‍ന്നാണ് സ്ഥാപനം നടത്തുന്നത്.
വിദേശരാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിച്ചുവെന്ന് കാട്ടി 43 പേരാണ് വിവിധ പോലീസ് സ്റ്റേഷനുകളിലായി പരാതി നല്‍കിയത്. ഇതില്‍ തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇപ്പോള്‍ അറസ്റ്റ് നടന്നത്. പ്രതിയെ തിരിച്ചറിയാന്‍ തട്ടിപ്പിന് ഇരയായ മഹേഷിനോട് സ്റ്റേഷനില്‍ എത്താന്‍ അറിയിച്ചിട്ടുണ്ട്