കൊല്ലത്ത് വിദ്യാര്‍ഥിനികള്‍ തൂങ്ങിമരിച്ച സംഭവം: 2 പേരുടെയും പോക്കറ്റുകളില്‍ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി

കൊല്ലം ഈസ്റ്റ് സിഐയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റിനു ശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. വൈഷ്ണവിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. സാന്ദ്രയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്നു പൂര്‍ത്തിയാക്കി വൈകിട്ടു സംസ്‌കാരം നടത്തും

author-image
Biju
New Update
sai kk

കൊല്ലം: സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായ്) കൊല്ലം ഹോസ്റ്റലില്‍ 2 വിദ്യാര്‍ഥിനികളെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കടലുണ്ടി പേടിയാട്ടുകുന്ന് അമ്പാളി രവിയുടെ മകള്‍ സാന്ദ്ര (18), തിരുവനന്തപുരം മുദാക്കല്‍ വാളക്കാട് ഇളമ്പത്തടം വിഷ്ണു ഭവനില്‍ വേണുവിന്റെ മകള്‍ വൈഷ്ണവി (15) എന്നിവരാണു മരിച്ചത്. സ്വകാര്യ സ്‌കൂളില്‍ വൈഷ്ണവി 10ാം ക്ലാസിലും സാന്ദ്ര പ്ലസ് വണ്ണിനും ആണു പഠിച്ചിരുന്നത്. 2 പേരുടെയും പോക്കറ്റുകളില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയെന്നു പൊലീസ് പറഞ്ഞു. 

വൈഷ്ണവിയുടെ മുറി താഴത്തെ നിലയിലും സാന്ദ്രയുടെ മുറി മൂന്നാം നിലയിലുമാണ്. പുലര്‍ച്ചെ 5നു പരിശീലനം ആരംഭിച്ചപ്പോള്‍ വൈഷ്ണവിയും സാന്ദ്രയും എത്തിയിരുന്നില്ല. ഇവരെ അന്വേഷിച്ചു സാന്ദ്രയുടെ മുറിയില്‍ എത്തിയപ്പോള്‍ അകത്ത് നിന്നു കുറ്റി ഇട്ടിരുന്നു. തുടര്‍ന്നു സെക്യൂരിറ്റിയും പരിശീലകരും എത്തി വാതില്‍ പൊളിച്ച് അകത്തു കടന്നപ്പോള്‍ ആണ് ഇരുവരെയും 2 ഫാനുകളിലായി തൂങ്ങിമരിച്ച  നിലയില്‍ കണ്ടെത്തിയത്. 

കൊല്ലം ഈസ്റ്റ് സിഐയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റിനു ശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. വൈഷ്ണവിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. സാന്ദ്രയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്നു പൂര്‍ത്തിയാക്കി വൈകിട്ടു സംസ്‌കാരം നടത്തും. വൈഷ്ണവിയുടെ അമ്മ അനീഷ, സഹോദരന്‍ വിഷ്ണു. സാന്ദ്രയുടെ അമ്മ സിന്ധു. സഹോദരന്‍ ശ്രീദില്‍. 

വൈഷ്ണവി കബഡി താരവും സാന്ദ്ര സ്പ്രിന്റ് താരവും ആണ്. സാന്ദ്ര 4 വര്‍ഷം മുന്‍പും വൈഷ്ണവി ഒന്നര വര്‍ഷം മുന്‍പും ആണ് സായ് ഹോസ്റ്റലിലെത്തിയത്. ബുധനാഴ്ച ഉച്ചയ്ക്കു ശേഷം കല്ലുവാതുക്കലില്‍ നടന്ന കബഡി ടൂര്‍ണമെന്റില്‍ വൈഷ്ണവി പങ്കാളിയായ ടീം വിജയിച്ചിരുന്നു.

അതിന്റെ ആവേശത്തിലാണു മടങ്ങിയത് എന്നാണു പരിശീലകര്‍ പറയുന്നത്. ബുധനാഴ്ച രാത്രി 10.30നു ഫോണില്‍ വിളിച്ചപ്പോള്‍ ഈ കാര്യം വൈഷ്ണവി പറഞ്ഞിരുന്നതായി പിതാവ് വേണു പറഞ്ഞു. സാന്ദ്ര കഴിഞ്ഞ 2 സ്‌കൂള്‍ അത്‌ലറ്റിക് മീറ്റുകളിലും മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. അമച്വര്‍ അസോസിയേഷന്‍ ചാംപ്യന്‍ഷിപ്പില്‍ മികച്ച അത്ലീറ്റ് ആകുകയും ചെയ്തു. പഠനത്തിലും ഇരുവരും മുന്നിലായിരുന്നു എന്ന് അധ്യാപകര്‍ പറഞ്ഞു.

അതേസമയം എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി സിറ്റി പൊലീസ് അറിയിച്ചു. കൊല്ലം തഹസില്‍ദാര്‍ സ്ഥലത്തെത്തി പൊലീസിന്റെയും സയന്റിഫിക് അസിസ്റ്റന്റിന്റെയും സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് തയാറാക്കി. സംഭവം അറിഞ്ഞപ്പോള്‍ തന്നെ കലക്ടര്‍ എന്‍.ദേവീദാസും സിറ്റി പൊലീസ് കമ്മിഷണര്‍ കിരണ്‍ നാരായണനും സ്ഥലത്തെത്തിയിരുന്നു. 

ഇന്‍ക്വസ്റ്റ് വേളയില്‍ ഇരു കുട്ടികളുടെയും പോക്കറ്റുകളില്‍ നിന്ന് ആത്മഹത്യ കുറിപ്പുകള്‍ കണ്ടെടുത്തിരുന്നു. കുറിപ്പിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍, മരിച്ച കുട്ടികളുടെ മുറിയിലെ താമസക്കാരായ കുട്ടികളുടെയും ഹോസ്റ്റല്‍ വാര്‍ഡന്‍ ഉള്‍പ്പെടെയുള്ളവരുടെയും മൊഴി രേഖപ്പെടുത്തി. പൊലീസ് നിര്‍ദേശപ്രകാരം 5 കൗണ്‍സലര്‍മാര്‍ ഹോസ്റ്റലില്‍ എത്തി കുട്ടികളില്‍ നിന്നു വിവരങ്ങള്‍ ശേഖരിച്ചു. 

പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം അതിന്റെ വിവരങ്ങള്‍ കൂടി ശേഖരിച്ചു സംഭവമായി നേരിട്ടും അല്ലാതെയും ബന്ധമുള്ളവരുടെ മൊഴി രേഖപ്പെടുത്തി വിശദമായ അന്വേഷണം നടത്തുമെന്നും സിറ്റി പൊലീസ് അറിയിച്ചു.ഇതിനിടെ, സായ് ഹോസ്റ്റലിലെ അവസ്ഥയാണ് ഇത്തരം സംഭവങ്ങള്‍ക്കിടയാക്കുന്നത് എന്ന ആരോപണവുമായി നേരത്തെ സായ് പരിശീലകനായിരുന്ന ഒളിംപ്യന്‍ അനില്‍കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് എത്തി. കുട്ടികളുടെ മരണ വിവരമറിഞ്ഞ് മറ്റ് കുട്ടികളുടെ മാതാപിതാക്കളും പരിശീലകരും എത്തിയിരുന്നു.

ഇവരെ അകത്തേക്ക് കടത്തിവിടാതിരുന്നതും നേരിയ തര്‍ക്കത്തിനിടയാക്കി. പരിശീലകരും ബന്ധുക്കളും പുറത്തെത്തിയത് അറിഞ്ഞ് ഓടിയെത്തിയ കുട്ടികള്‍ ഗേറ്റിനുള്ളില്‍ നിന്നുതന്നെ അവരോടു സംസാരിച്ചു. കഴിഞ്ഞ ദിവസം രാത്രി കല്ലുവാതുക്കലില്‍ കബഡി ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ പോയി വിജയിച്ചാണു വൈഷ്ണവി എത്തിയതെന്നും സാന്ദ്രയുടെ പെരുമാറ്റത്തിലും അസ്വാഭാവികം ആയി ഒന്നും കണ്ടില്ലെന്നും കുട്ടികള്‍ രക്ഷിതാക്കളോടു പറയുന്നുണ്ടായിരുന്നു.