'എന്റെ ഗുണ്ടകള്‍ ഒരുത്തനെ തല്ലിക്കൊന്നിട്ടിട്ടുണ്ട്'; കുപ്രസിദ്ധമായ ഫോര്‍ട്ട് സ്‌റ്റേഷനിലെ ഇടിമുറി

ജിതകുമാര്‍, ശ്രീകുമാര്‍ എന്നീ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വധശിക്ഷയും തെളിവു നശിപ്പിച്ചതിന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരായിരുന്ന ടി. അജിത് കുമാര്‍, ഇ.കെ. സാബു, ടി.കെ. ഹരിദാസ് എന്നിവര്‍ക്ക് മൂന്നുവര്‍ഷം തടവും പിഴയും വിധിച്ചു

author-image
Biju
New Update
FORY

തിരുവനന്തപുരം: 20 വര്‍ഷം മുന്‍പൊരു സെപ്റ്റംബര്‍. ആക്രി വസ്തുക്കള്‍ വില്‍ക്കുന്ന കടയിലെ ചുമട്ടു ജോലി കഴിഞ്ഞ് അത്താഴമുണ്ണാന്‍ എത്തുന്ന ഏക മകനെയും കാത്തിരിക്കുകയായിരുന്നു ആ അമ്മ.  മകന്‍ എത്താത്തതിനാല്‍ അമ്മ ചോറുണ്ടില്ല, ഉറങ്ങിയുമില്ല. വീട്ടുമുറ്റത്തെ പടിയിലിരുന്ന അമ്മയുടെ മുന്നിലെത്തിയത് ഇരുമ്പു പൈപ്പുകൊണ്ട് ഉരുട്ടിയ മകന്റെ ചതഞ്ഞരഞ്ഞ ശരീരം. രണ്ടു പതിറ്റാണ്ടു മുന്‍പ് തുടങ്ങിയ കരമന നെടുങ്കാട് പള്ളിത്താനം 'ശിവശൈലത്തില്‍' ജെ.പ്രഭാവതിഅമ്മ(74)യുടെ കണ്ണീര്‍ ഇപ്പോഴും തോര്‍ന്നിട്ടില്ല. 

2005 സെപ്റ്റംബര്‍ 27. അന്ന് കേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വന്ന ദിവസമായിരുന്നു.  ഉച്ചയ്ക്ക് രണ്ടിനാണ് ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തിന് സമീപത്തെ പാര്‍ക്കില്‍നിന്ന് മോഷണ പശ്ചാത്തലമുള്ള മറ്റൊരാള്‍ക്കൊപ്പം ഉദയകുമാറിനെ പൊലീസ് പിടിച്ചത്. ഉദയന്റെ കയ്യില്‍ 4020 രൂപയുണ്ടായിരുന്നു. അത് മോഷ്ടിച്ചതാണെന്ന് ആരോപിച്ചായിരുന്നു ചോദ്യം ചെയ്യല്‍. തുടയിലെ രക്തധമനികള്‍ പൊട്ടി 2005 സെപ്റ്റംബര്‍ 27ന് രാത്രി പത്തരയോടെയാണു ഉദയന്‍ മരിച്ചത്. ഉദയനെ ക്രൂരമായ ലോക്കപ്പ് മര്‍ദനത്തിന് ഇരയാക്കി കൊന്നുവെന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍.  'എന്റെ ഗുണ്ടകള്‍ ഒരുത്തനെ തല്ലിക്കൊന്നിട്ടിട്ടുണ്ട്'സ്‌കൂളില്‍ സഹപാഠിയായിരുന്ന മേലുദ്യോഗസ്ഥനോടു ഫോര്‍ട്ട് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിളായിരുന്ന വിജയകുമാര്‍ ഫോണില്‍ പറഞ്ഞ വാചകമാണ് ഉരുട്ടിക്കൊലക്കേസില്‍ സിബിഐക്ക് നിര്‍ണായകമായത്. ഇതു മുഖ്യതെളിവില്‍ ഒന്നായി കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.  

22 ഗുരുതര പരുക്കുകള്‍ ഉദയകുമാറിന്റെ മൃതദേഹത്തില്‍ കണ്ടെത്തിയതും ഇതിന് ഉപയോഗിച്ച പൈപ്പ് കോടതിയില്‍ തിരിച്ചറിഞ്ഞതും തെളിവായി . മരിക്കുന്നതിന് 24 മണിക്കൂര്‍ മുന്‍പാണ് മാരക മര്‍ദനമേറ്റതെന്നു ഡോക്ടര്‍ മൊഴി നല്‍കി. 2018 ജൂലൈ 25ന് സിബിഐ കോടതി  പ്രതികളെ ശിക്ഷിച്ചപ്പോള്‍ ആശ്വസിച്ചു. ഇന്നലെ ഹൈക്കോടതി വിധി വന്നതോടെ പ്രഭാവതി അമ്മ വീണ്ടും കണ്ണീരിലായി. നിയമപോരാട്ടം തുടരാനാണ് പ്രഭാവതി അമ്മയുടെയും തുടക്കം മുതല്‍ കേസ് നടത്താന്‍ പ്രഭാവതിയമ്മക്കൊപ്പം നിന്ന നിലവിലെ ഡപ്യൂട്ടി മേയര്‍ പി.കെ.രാജുവിന്റെയും തീരുമാനം. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് പി.കെ.രാജു പറഞ്ഞു.

എന്റെ മകന്‍ മരിച്ച ശേഷം എനിക്കുറങ്ങാന്‍ കഴിഞ്ഞിട്ടില്ല. കണ്ണടച്ചാല്‍ അവന്റെ മുഖം തെളിയും. അമ്മാ.. എന്നുള്ള വിളിയും മുഴങ്ങും. എന്റെ ഒറ്റപ്പെട്ട ജീവിതത്തില്‍ എന്റെ മകന്‍ എന്നുമെത്താറുണ്ട്.  എന്റെ മകന് നീതി കിട്ടുന്നതിനു വേണ്ടി 3 ക്ഷേത്രങ്ങള്‍ വിളക്കുവയ്ക്കാമെന്ന് നേര്‍ച്ചയുണ്ടായിരുന്നു. വിളക്കുകളെല്ലാം വാങ്ങിവച്ചിരുന്നു. അത് അടുക്കി വയ്ക്കുന്നതിനിടെയാണ് ഇന്നലെ കോടതി വിധി അറിഞ്ഞത്. എന്റെ മകനു വേണ്ടി ഞാന്‍ ജീവിച്ചു. കുഞ്ഞിന് 2 മാസമുള്ളപ്പോള്‍ എന്റെ ഭര്‍ത്താവ് എന്നെ ഉപേക്ഷിച്ചു. അവനെ വളര്‍ത്തി ഞാന്‍ വലുതാക്കി. ഇന്നും എന്റെ മകനു വേണ്ടി ജീവിക്കുന്നു. മരിക്കും വരെയും അവനു വേണ്ടി ജീവിക്കും. നെടുങ്കാട് സര്‍ക്കാര്‍ അനുവദിച്ച 7 സെന്റിലെ വീട്ടില്‍  സഹോദരന്‍ പി.മോഹനന്‍ നായര്‍ക്കൊപ്പമാണ് പ്രഭാവതിഅമ്മ ഇപ്പോള്‍ താമസിക്കുന്നത്.

ആദ്യ ഉമ്മന്‍ചാണ്ടിസര്‍ക്കാരിനെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ നടന്ന ഉദയകുമാറിന്റെ ഉരുട്ടിക്കൊല കേസ്. 28 വയസ്സുകാരനെ, ശരീരത്തിലൂടെ ഇരുമ്പു പൈപ്പുകൊണ്ട് ഉരുട്ടി കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ പൊലീസുകാരെ രക്ഷിക്കാന്‍ തുടക്കം മുതല്‍ ശ്രമം നടന്നിരുന്നു.

ഇതോടെ സര്‍ക്കാരിനെതിരേ ഇടതുപക്ഷ യുവജനസംഘടനകളടക്കം രംഗത്തെത്തി. കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കുമെന്ന സിറ്റി പോലീസ് കമ്മിഷണര്‍ മനോജ് എബ്രഹാമിന്റെ ഉറപ്പിനെത്തുടര്‍ന്നാണ് അന്ന് സമരം അവസാനിച്ചത്.

Also Read:

https://www.kalakaumudi.com/kerala/thiruvannanthapuram-udayakumar-mu8rder-case-updates-9758927

അടുത്ത ദിവസങ്ങളില്‍ സംസ്ഥാനത്താകമാനം സമരപരമ്പരകള്‍ തീര്‍ത്ത് ഇടതുപക്ഷം പ്രതിരോധം തീര്‍ത്തു. നിയമസഭയിലും വിഷയം കത്തി. പക്ഷേ, പലപ്പോഴും പോലീസില്‍നിന്ന് പ്രതികളായ പോലീസുകാര്‍ക്കു സംരക്ഷണം ലഭിച്ചത് സര്‍ക്കാരിനെയും പ്രതിക്കൂട്ടിലാക്കി.

കസ്റ്റഡിയിലിരിക്കേ മര്‍ദനമേറ്റു മരിച്ചതിനു ശേഷമുള്ള സമയം വച്ച് ഉദയകുമാറിനെ അറസ്റ്റുചെയ്തുവെന്ന് ഫോര്‍ട്ട് പൊലീസ് വ്യാജ എഫ്ഐആര്‍ തയ്യാറാക്കി. മോഷണക്കുറ്റം ചുമത്തിയും വ്യാജരേഖകളുണ്ടാക്കി. ആശുപത്രിയിലും മര്‍ദനം മറച്ചുവയ്ക്കാനുള്ള ശ്രമം പോലീസ് നടത്തി.

ഉദയകുമാറിന്റെ തുടകളിലും ഉള്ളംകാലിലും അടിയേറ്റ പാടുകളുണ്ടായിരുന്നുവെന്നും ഇതു പരിശോധിച്ചപ്പോള്‍, ത്വഗ്രോഗമാണെന്നായിരുന്നു സമീപത്തു നിന്ന പോലീസുകാരന്‍ പറഞ്ഞതെന്നും ഇന്‍ക്വസ്റ്റ് നടത്തിയ ആര്‍ഡിഒ ആയിരുന്ന കെ.മോഹന്‍കുമാര്‍ പറഞ്ഞിരുന്നു.

എന്നാല്‍, അദ്ദേഹം ഇതു വിശദമായി പരിശോധിക്കാന്‍ ആവശ്യപ്പെടുകയും ദേശീയ മനുഷ്യാവകാശ കമ്മിഷന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു.

പൊലീസുകാര്‍ പ്രതികളും സാക്ഷികളുമായി വന്ന കേസില്‍ പ്രതികളെ രക്ഷപ്പെടുത്താന്‍ ഉന്നതോദ്യോഗസ്ഥരുടെ ഭാഗത്തുനിന്നടക്കം ശക്തമായ ഇടപെടലുണ്ടായി. യഥാര്‍ത്ഥ പ്രതികള്‍ക്കു പകരം കോടതില്‍ ഡമ്മി പ്രതികളെ ഹാജരാക്കിയതും വന്‍ വിവാദമായി. ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെപോലും വിശ്വാസ്യത നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാക്കി.

തുടര്‍ന്ന്, ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മയുടെ ശക്തമായ പോരാട്ടത്തിന്റെ ഭാഗമായിട്ടാണ് കേസ് സിബിഐ ഏറ്റെടുത്തത്. പക്ഷേ, അപ്പോഴും സാക്ഷികളായ പോലീസുകാരെല്ലാം കൂറുമാറി. ഉദയകുമാറിനൊപ്പം പോലീസ് കസ്റ്റഡിയിലെടുത്ത സുരേഷും കൂറുമാറിയെങ്കിലും സിബിഐ കോടതി പ്രതികള്‍ക്ക് പരമാവധി ശിക്ഷ വിധിച്ചിരുന്നു. പ്രതികളുടെ അപ്പീലില്‍ ഹൈക്കോടതിയില്‍ വിചാരണയ്ക്കിടെ രണ്ടാം പ്രതി ശ്രീകുമാര്‍ രോഗം ബാധിച്ചു മരിച്ചു.

തലസ്ഥാന നഗരത്തിലെ പൊലീസിന്റെ ഇടിമുറിയായി കുപ്രസിദ്ധി നേടിയതാണ് ഫോര്‍ട്ട് പൊലീസ് സ്റ്റേഷന്‍. ഇവിടത്തെ തുടര്‍ച്ചയായ ലോക്കപ്പ് മരണങ്ങളും പ്രതികള്‍ക്കുനേരേയുള്ള മൂന്നാംമുറയുമെല്ലാം സംസ്ഥാനമൊട്ടാകെ കുപ്രസിദ്ധമായിരുന്നു.

ഒടുവില്‍ ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസു കൂടിയായതോടെ പോലീസുകാര്‍തന്നെ ഇതിനൊരു പരിഹാരം തേടിയിറങ്ങി. ഒടുവില്‍ ഇവരെത്തിയത് ഒരു ജ്യോത്സ്യന്റെ മുന്നിലായിരുന്നു. പ്രശ്‌നങ്ങള്‍ക്കുകാരണം വാസ്തുദോഷമാണെന്നു പറഞ്ഞ് ലോക്കപ്പിന്റെ സ്ഥാനംമാറ്റാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. പിന്നീട് ഫോര്‍ട്ട് പോലീസ് സ്റ്റേഷന്‍ പുതിയ സ്റ്റേഷനിലേക്കു മാറ്റുകയും ചെയ്തു. ഇപ്പോള്‍ മാതൃകാ പോലീസ് സ്റ്റേഷനുമാണ്.

ഇരുമ്പുപൈപ്പ് ഉപയോഗിച്ച് തുടകളില്‍ ഉരുട്ടിയപ്പോള്‍ രക്തം കട്ടപിടിച്ചും ഞരമ്പുകള്‍ വലിഞ്ഞുമുറുകിയുമാണ് ഉദയകുമാര്‍ മരിച്ചത്. ശരീരത്താകമാനം ചവിട്ടേറ്റ പാടുകളും ഉണ്ടായിരുന്നു. ജിതകുമാര്‍, ശ്രീകുമാര്‍ എന്നിവരെക്കൂടാതെ സോമന്‍ എന്ന പോലീസുകാരനും ഉദയകുമാറിനെ മര്‍ദിക്കാനുണ്ടായിരുന്നു. സോമന്‍ വിചരണയ്ക്കിടെ മരിച്ചിരുന്നു.1980-ല്‍ പോലീസുകാരനില്‍നിന്ന് ഏത്തപ്പഴത്തിനു കൂടുതല്‍ വില ഈടാക്കിയെന്നപേരില്‍ ഫോര്‍ട്ട് പോലീസ് പിടികൂടിയ പെട്ടിക്കടക്കാരനായ ഭുവനേന്ദ്രനും കസ്റ്റഡിയില്‍ മരിച്ചു.

കസ്റ്റഡിയിലെടുത്ത് മൂന്നുമണിക്കൂറിനുള്ളില്‍ ഭുവനേന്ദ്രനും ക്രൂരമര്‍ദനത്തെത്തുടര്‍ന്നാണ് മരിച്ചത്.പിന്നീടും പലരും ഫോര്‍ട്ട് സ്റ്റേഷനില്‍ കസ്റ്റഡിയില്‍ മരിച്ച സംഭവങ്ങളുണ്ടായി. 2020-ല്‍ പൂന്തുറയില്‍നിന്ന് കസ്റ്റഡിയില്‍ എടുത്ത അന്‍സാരിയെ ശുചിമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു.

കേസ് അന്വേഷണത്തില്‍ പാലിക്കേണ്ട അടിസ്ഥാന നടപടിക്രമങ്ങള്‍ സിബിഐ മറന്നതാണ് ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ പ്രതികള്‍ രക്ഷപ്പെടാന്‍ ഇടയാക്കിയത്. കേസ് അന്വേഷണത്തിലും പ്രോസിക്യൂഷന്‍ നടപടിക്രമങ്ങളിലും സിബിഐയ്ക്ക് അടിമുടി പിഴച്ചെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. ക്രൈംബ്രാഞ്ച് അന്വേഷണംനടത്തി കുറ്റപത്രം നല്‍കിയ കേസില്‍ ഉദയകുമാറിന്റെ മാതാവ് പ്രഭാവതിയമ്മ നല്‍കിയ ഹര്‍ജിയില്‍ തുടരന്വേഷണം നടത്താനായിരുന്നു ഹൈക്കോടതി ഉത്തരവ്. എന്നാല്‍, സിബിഐ നടത്തിയ അന്വേഷണം പുനരന്വേഷണത്തിന് സമാനമായി മാറി.

കേസുമായി ബന്ധപ്പെട്ട രേഖകള്‍ തിരുവനന്തപുരം അഡീ. സെഷന്‍സ് (ഫാസ്റ്റ്ട്രാക്ക്) കോടതിയുടെ പരിഗണനയിലിരിക്കേ ഉദയകുമാറിനോടൊപ്പം പൊലീസ് പിടികൂടിയ സുരേഷ്‌കുമാറടക്കം ആറുപേരെ മാപ്പുസാക്ഷികളാക്കാന്‍ സിബിഐ സ്വീകരിച്ച നടപടികളടക്കം പാളി.

ദൃക്സാക്ഷിയായ സുരേഷ്‌കുമാറിനെ കൂട്ടുപ്രതിയും പിന്നീട് മാപ്പുസാക്ഷിയുമാക്കിയതും കേസ് സെഷന്‍സ് കോടതിയുടെ പരിഗണനയിലിരിക്കേ മാപ്പുസാക്ഷികളാക്കാന്‍ സിബിഐ സിജെഎം കോടതിയില്‍ അപേക്ഷ നല്‍കിയതും തെറ്റായ നടപടികളായി. പലരെയും പ്രതിയാക്കുമെന്ന് ഭയപ്പെടുത്തി തോക്കിന്‍മുനയില്‍ നിര്‍ത്തി മാപ്പുസാക്ഷിയാക്കുകയായിരുന്നുവെന്നാണ് കോടതിയുടെ വിലയിരുത്തല്‍. അന്വേഷണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് അധികാരപരിധിയിലല്ലാത്ത കോടതിയില്‍ നല്‍കിയതും വീഴ്ചയായി.

സാക്ഷികളുടെ മൊഴികള്‍ ക്രൈംബ്രാഞ്ച് നേരത്തേ രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, ഇത് പരിശോധിക്കുന്നതില്‍ സെഷന്‍സ് കോടതിക്ക് വീഴ്ചപറ്റി. വിചാരണ ഏതുരീതിയില്‍ വേണമെന്ന ഹൈക്കോടതി നിര്‍ദേശം പാലിക്കപ്പെട്ടില്ലെന്നും കോടതി കുറ്റപ്പെടുത്തി.

അനുമാനങ്ങളുടെയും ഊഹങ്ങളുടെയും അടിസ്ഥാനത്തില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് വിചാരണക്കോടതി കണ്ടെത്തിയത് തെറ്റാണെന്ന് ഹൈക്കോടതി പറഞ്ഞു. സംശയത്തിന്റെമാത്രം അടിസ്ഥാനത്തില്‍ പ്രതികളെ ശിക്ഷിക്കാനാകില്ല. എത്ര ഗുരുതര ആരോപണമാണെങ്കിലും വ്യക്തമായ തെളിവുവേണം. പോലീസ് ഉദ്യോഗസ്ഥരായ പ്രോസിക്യൂഷന്‍ സാക്ഷികളുടെ മൊഴികളില്‍ വലിയ വൈരുധ്യമുണ്ട് -കോടതി പറഞ്ഞു.

തിരുവനന്തപുരം സിബിഐ കോടതിയാണ് 2018 ജൂലായ് 25-ന് പ്രതികളെ ശിക്ഷിച്ചത്. ഇതിനെതിരേ പ്രതികള്‍ നല്‍കിയ അപ്പീലും വധശിക്ഷ ശരിവെക്കാന്‍ സര്‍ക്കാര്‍ നല്‍കിയ അപേക്ഷയുമാണ് ഹൈക്കോടതി പരിഗണിച്ചത്. ഒന്നാം പ്രതിക്കായി സീനിയര്‍ അഭിഭാഷകന്‍ പി. വിജയഭാനുവും മറ്റുപ്രതികള്‍ക്കായി അഡ്വ. എസ്. രാജീവ്, പി. മാര്‍ട്ടിന്‍ ജോസ് എന്നിവരും ഹാജരായി.

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട രണ്ടാം പ്രതിയും നര്‍ക്കോട്ടിക് സെല്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറുമായിരുന്ന നെയ്യാറ്റിന്‍കര സ്വദേശി എസ്.വി. ശ്രീകുമാര്‍ ശിക്ഷാകാലയളവിലും മൂന്നാംപ്രതി സോമന്‍ വിചാരണവേളയിലും മരിച്ചിരുന്നു.
2005-ലെ ഓണത്തിന് അമ്മ പ്രഭാവതിക്ക് ഓണക്കോടിയും വാങ്ങി വീട്ടിലേക്കു പോകുന്നതിനിടെ ശ്രീകണ്‌ഠേശ്വരം പാര്‍ക്കില്‍ പരിചയക്കാരനൊപ്പം സംസാരിച്ചിരുന്ന ഉദയകുമാറി(28)നെയാണ് ഫോര്‍ട്ട് പൊലീസ് പിടികൂടി ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയത്. 13 വര്‍ഷം പൊലീസ് സംവിധാനങ്ങള്‍ക്കെതിരേ ഉദയകുമാറിന്റെ അമ്മ നടത്തിയ നിയമപോരാട്ടത്തിനൊടുവില്‍ 2018-ല്‍ ഒരു ഓണക്കാലത്തിനു മുന്‍പാണ് സിബിഐ കോടതി രണ്ട് പോലീസുദ്യോഗസ്ഥര്‍ക്കു തൂക്കുമരം ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് ശിക്ഷ വിധിച്ചത്. വീണ്ടും ഏഴുവര്‍ഷത്തിനുശേഷം ഒരോണക്കാലത്തിനുമുന്നേ സിബിഐയുടെ പിടിപ്പുകേട് ചൂണ്ടിക്കാട്ടി കേസിലെ എല്ലാ പ്രതികളെയും ഹൈക്കോടതി വെറുതേവിടുകയാണ്.

2005 സെപ്റ്റംബര്‍ 27-ന് രാത്രി പത്തരയോടെയാണ് ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍വെച്ച് ക്രൂരമര്‍ദനത്തിനൊടുവില്‍ ഉദയകുമാര്‍ കൊല്ലപ്പെടുന്നത്. ഉച്ചയ്ക്കാണ് പരിചയക്കാരനായ സുരേഷിനൊപ്പം ഉദയകുമാറിനെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്.

സെപ്റ്റംബര്‍ 30: കസ്റ്റഡിയില്‍ ഉദയകുമാര്‍ മരിച്ചത് പൊലീസ് മര്‍ദനംമൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തി. പോലീസുകാരായ ജിതകുമാര്‍, ശ്രീകുമാര്‍ എന്നിവര്‍ക്കെതിരേ കൊലക്കുറ്റത്തിനു കേസെടുത്തു.

2005 ഒക്ടോബര്‍ 3: പ്രതികള്‍ പോലീസ് കമ്മിഷണര്‍ ഓഫീസില്‍ കീഴടങ്ങി.

ഒക്ടോബര്‍ 5: ഉരുട്ടിക്കൊലക്കേസ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചു.

ഒക്ടോബര്‍ 10: പ്രതികള്‍ക്കുപകരം ഡമ്മി പോലീസുകാരെ മുഖംമറച്ച് കോടതിയിലെത്തിച്ചു. സിഐ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് സസ്‌പെന്‍ഷന്‍

2006 ഫെബ്രുവരി 13: ക്രൈംബ്രാഞ്ച് കോടതിയില്‍ കുറ്റപത്രം നല്‍കി.

2007 ഒക്ടോബര്‍ 17: സിബിഐ പ്രാഥമികാന്വേഷണം ആരംഭിച്ചു.

2016 മാര്‍ച്ച് 31: ഉദയകുമാറിന്റെ അമ്മ പ്രഭാവതി അമ്മയ്ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്.

2017 ജൂണ്‍ 19: സിബിഐ കോടതിയില്‍ വിചാരണ ആരംഭിച്ചു.

2018 ഏപ്രില്‍ 25: കോടതിയില്‍ സാക്ഷിവിസ്താരം പൂര്‍ത്തിയായി.

2018 ജൂലായ് 24: ആറ്് പോലീസുകാരും കുറ്റക്കാരെന്ന് സിബിഐ കോടതി കണ്ടെത്തി.

ജൂലായ് 25: ജിതകുമാര്‍, ശ്രീകുമാര്‍ എന്നീ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വധശിക്ഷയും തെളിവു നശിപ്പിച്ചതിന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരായിരുന്ന ടി. അജിത് കുമാര്‍, ഇ.കെ. സാബു, ടി.കെ. ഹരിദാസ് എന്നിവര്‍ക്ക് മൂന്നുവര്‍ഷം തടവും പിഴയും വിധിച്ചു.

2018 ഓഗസ്റ്റ് 13: അവസാന മൂന്ന് പ്രതികളുടെ ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തു.