/kalakaumudi/media/media_files/2025/01/30/mixYcmdHGTjG1mAuP4QP.jpg)
Harikumar
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടര വയസ്സുകാരിയുടെ മൃതദേഹം കിണറ്റില്‍ കണ്ട സംഭവത്തില്‍ കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. കുട്ടി കിണറ്റില്‍ വീണു മുങ്ങി മരിച്ചതാണെന്നാണ് റിപ്പോര്‍ട്ട്.
കോട്ടുകാല്‍ക്കോണം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും മകള്‍ ദേവേന്ദു (രണ്ടര) ആണ് മരിച്ചത്. ഇതോടെ ദേവേന്ദുവിനെ കിണറ്റില്‍ എറിഞ്ഞു കൊന്നതാണെന്നുള്ള നിഗമനത്തിലേക്കാണു പൊലീസ് എത്തുന്നത്. കുട്ടിയുടെ അമ്മയുടെ സഹോദരനായ ഹരികുമാര്‍ കുറ്റം സമ്മതിച്ചിരുന്നു.
കുട്ടിയെ ഇയാള്‍ കിണറ്റില്‍ എറിഞ്ഞു കൊന്നെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയിരുന്നത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. കുട്ടിയുടെ ശരീരത്തില്‍ മുറിവുകള്‍ ഇല്ലെന്നു ദേഹപരിശോധനയില്‍ വ്യക്തമായി.
വീട്ടില്‍ തന്നെ ഉള്ള ആള്‍ തന്നെയാണ് കുട്ടിയെ അപായപ്പെടുത്തിയതെന്നു പൊലീസിന് ഉറപ്പായിരുന്നു. കുട്ടിയുടെ അമ്മ, അച്ഛന്‍, മുത്തശി എന്നിവരെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. ദേവേന്ദുവിന്റെ മൃതദേഹം വീട്ടില്‍ എത്തിച്ചു. സംസ്‌കാരം ഉടന്‍ നടത്തും. ബാലരാമപുരം പൊലീസ് സ്റ്റേഷനില്‍നിന്ന് ബന്ധുക്കളെ അന്തിമോപചാരം അര്‍പ്പിക്കാന്‍ വീട്ടിലേക്കു കൊണ്ടുവരും.
ഇന്നലെ രാത്രി വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങാന്‍ കിടന്ന കുട്ടിയെ ഇന്നു രാവിലെയാണ് കാണാനില്ലെന്നു മനസ്സിലാക്കുന്നത്. കുടുംബത്തിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ ആരംഭിച്ചെങ്കിലും പിന്നീട് മൃതദേഹം കിണറ്റില്‍ കണ്ടെത്തുകയായിരുന്നു.
കുഞ്ഞിനെ ജീവനോടെ കിണറ്റില്‍ എറിഞ്ഞു കൊന്നുവെന്നാണ് ഹരികുമാര്‍ പൊലിസിനോടു പറഞ്ഞിരിക്കുന്നത്. കുറ്റകൃത്യം ഒറ്റയ്ക്കാണ് ചെയ്തതെന്നും ഹരികുമാര്‍ പറയുന്നു. എന്നാല്‍ ആരെയെങ്കിലും സംരക്ഷിക്കാന്‍ വേണ്ടി ഹരികുമാര്‍ കുറ്റം ഏറ്റെടുത്തതാണോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്.
കുറ്റം ഏറ്റു പറഞ്ഞെങ്കിലും എന്തിനു വേണ്ടിയാണ് കുഞ്ഞിനെ കൊന്നതെന്ന ചോദ്യത്തിന് ഹരികുമാര്‍ കൃത്യമായ ഉത്തരം നല്‍കിയിട്ടില്ല. പൊലീസിനോടു കയര്‍ക്കുന്ന സമീപനമാണ് ഹരികുമാര്‍ സ്വീകരിച്ചത്. ഹരികുമാര്‍ ചെറിയ തോതില്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനാല്‍ കൂടുതല്‍ ചോദ്യം ചെയ്ത് മൊഴി ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
കുഞ്ഞിനെ പുലര്‍ച്ചെ പിതാവ് ശ്രീജിത്തിന്റെ അടുത്തു കിടത്തിയ ശേഷമാണ് ശുചിമുറിയിലേക്കു പോയതെന്നാണ് അമ്മ ശ്രീതു ആദ്യം പറഞ്ഞിരുന്നത്. ശ്രീജിത്തും ശ്രീതുവും തമ്മില്‍ അകല്‍ച്ചയിലായിരുന്നുവെന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.