/kalakaumudi/media/media_files/2025/02/08/zoCMoTrx9h1BKWFMjBXn.jpg)
Rep. Img.
കൊച്ചി: വാളയാറിലെ പ്രായപൂര്‍ത്തിയാകാത്ത മക്കളുടെ മുന്നില്‍ വച്ച് ഒന്നാം പ്രതി അമ്മയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന് സിബിഐയുടെ കുറ്റപത്രം. ഇതും പോരാഞ്ഞ് ഇളയ കുട്ടിയെ ഒന്നാം പ്രതിക്ക് പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിന് ഇരയാക്കാനും മാതാപിതാക്കള്‍ ഒത്താശ ചെയ്തുവെന്ന് സിബിഐ രണ്ടാഴ്ച മുമ്പ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തെ ഉദ്ധരിച്ചു കൊണ്ട് 'ദ ഹിന്ദു'വിന്റെ റിപ്പോര്‍ട്ടിലുള്ളത്. മൂത്തമകളുടെ ആത്മഹത്യക്ക് കാരണക്കാരന്‍ ഒന്നാം പ്രതിയാണെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് അമ്മ ഇളയ മകളെ ഈ കശ്മലന് കൂട്ടിക്കൊടുത്തത് എന്നാണ് സിബിഐ പറയുന്നത്.
അത്യന്തം സംഭ്രമജനകമായ വിവരങ്ങളാണ് കുറ്റപത്രത്തില്‍ സിബിഐ വിവരിക്കുന്നത്. കുഞ്ഞുങ്ങളുടെ മരണത്തില്‍ നീതി തേടി സമരത്തില്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്ന അമ്മ പ്രതിയായി എന്ന വിവരം മാത്രമാണ് സിബിഐ അന്വേഷണത്തെ സംബന്ധിച്ച് ഇതുവരെ പുറത്തുവന്നത്. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത കുഞ്ഞുങ്ങളുടെ ആത്മഹത്യക്ക് ഉത്തരവാദികള്‍ മാതാപിതാക്കള്‍ തന്നെയാണ് എന്നാണ് സിബിഐ അസന്നിഗ്ധമായി കുറ്റപത്രത്തില്‍ വിവരിക്കുന്നത്.
അവധി ദിവസങ്ങളില്‍ ഒന്നാം പ്രതിയെ വീട്ടില്‍ വിളിച്ചു വരുത്തി മദ്യം നല്‍കുകയും പ്രായപൂര്‍ത്തിയാകാത്ത മൂത്ത കുട്ടിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ സകല സൗകര്യങ്ങളും ഈ അമ്മ ഒരുക്കി കൊടുക്കുമായിരുന്നു. മകളെ ഇയാള്‍ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ച് മാതാവിന് തികഞ്ഞ ബോധ്യമുണ്ടായിരുന്നു. ബലാല്‍സംഗം ചെയ്യാന്‍ കുഞ്ഞുങ്ങളെ മാതാപിതാക്കള്‍ ഇട്ടു കൊടുക്കുകയായിരുന്നു എന്നാണ് സിബിഐ കുറ്റപത്രത്തില്‍ പറയുന്നത്.
ഒന്നാം പ്രതിക്കൊപ്പം സിബിഐ കുറ്റപത്രത്തില്‍ അമ്മ രണ്ടാം പ്രതിയും അച്ഛന്‍ മൂന്നാം പ്രതിയുമാണ്. 2016 ഏപ്രിലില്‍ മൂത്ത കുട്ടിയെ ഒന്നാം പ്രതി ബലാല്‍സംഗം ചെയ്യുന്നതിന് അമ്മ സാക്ഷ്യം വഹിച്ചു. രണ്ട് ആഴ്ച കഴിഞ്ഞ് അച്ഛനും ഹീനകൃത്യത്തിന് സാക്ഷിയായി. ഇക്കാര്യമൊന്നും മാതാപിതാക്കള്‍ പോലീസ് അന്വേഷണത്തില്‍ വെളിപ്പെടുത്തിയിരുന്നില്ല. അതുകൊണ്ട് തന്നെ ഇവര്‍ പ്രതിയായതുമില്ല. ഇവരുടെ തന്നെ ആവശ്യപ്രകാരം സിബിഐ നടത്തിയ അന്വേഷണമാണ് ഒടുവില്‍ ഇവര്‍ക്കെതിരെ തിരിഞ്ഞത്.
രണ്ട് കുഞ്ഞുങ്ങളും സ്വന്തം വീട്ടില്‍ തന്നെ ജീവന്‍ ഒടുക്കുകയായിരുന്നു. പതിനൊന്നുകാരിയായ മൂത്ത കുട്ടി 2017 ജനുവരി 13നും, ഒമ്പത് വയസുകാരിയായ ഇളയ കുഞ്ഞ് അതേ വര്‍ഷം മാര്‍ച്ച് നാലിനും തൂങ്ങി മരിച്ചു. കേരള പോലീസ് നടത്തിയ അന്വേഷണം പ്രതികള്‍ക്ക് അനുകൂലമായിരുന്നു എന്ന് ആരോപിച്ചാണ് ഇവര്‍ സിബിഐക്കായി ഹൈക്കോടതിയില്‍ എത്തിയത്. അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച ഉദ്യോഗസ്ഥന് ഐപിഎസ് നല്‍കുന്നതിന് എതിരെ ഇവര്‍ നല്‍കിയ ഹര്‍ജിയും അടുത്തയിടെ ഹൈക്കോടതി തള്ളിയിരുന്നു.
മാതാപിതാക്കള്‍ക്ക് നീതിക്കായി സമരസമിതി രൂപീകരിച്ച് പോരാട്ടങ്ങള്‍ നടത്തി വന്നവരെയും സിബിഐയുടെ വെളിപ്പെടുത്തലുകള്‍ വെട്ടിലാക്കും. 2021 ഫെബ്രുവരി മുതല്‍ തല മുണ്ഡനം ചെയ്ത് ഈ സമരത്തിന് മുന്‍പന്തിയില്‍ നിന്ന അമ്മക്കെതിരെ ആണ് ഒടുവില്‍ രാജ്യത്തെ പരമോന്നത അന്വേഷണ ഏജന്‍സി തെളിവുകള്‍ നിരത്തുന്നത്. ഇവരുടെ പോരാട്ടങ്ങളെയെല്ലാം പൊളിച്ചടുക്കുന്ന വിധത്തിലാണ് സിബിഐ കുറ്റപത്രം.