/kalakaumudi/media/media_files/2026/02/18/valan-2026-02-18-09-22-40.jpg)
ചണ്ഡിഗഡ്: ഭര്‍ത്താവിനൊപ്പം വാലന്റൈന്‍സ് ദിനത്തില്‍ അത്താഴം കഴിച്ച് വീട്ടിലെത്തിയ യുവതി കൊല്ലപ്പെട്ട സംഭവത്തിലെ കള്ളക്കഥ പൊളിച്ച് പൊലീസ്. കവര്‍ച്ചക്കിടെ ഭാര്യ കൊല്ലപ്പെടുകയായിരുന്നുവെന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആയ ഭര്‍ത്താവിന്റെ വാദം പൊളിച്ചത് പൊലീസിന്റെ ഇടപെടലാണ്. ഭാര്യയുടെ കൊലപാതവും കവര്‍ച്ചയും എല്ലാം ആസുത്രണം നടത്തിയത് ഭര്‍ത്താവ് അന്‍ഷുല്‍ ധവാന്‍ തന്നെയാണ് എന്ന് പൊലീസ് കണ്ടെത്തി. ഹരിയാനയിലെ ഝജ്ജര്‍ ജില്ലയിലെ ബഹാദുര്‍ഗഡിലാണ് സംഭവം.
വാലന്റൈന്‍സ് ദിനത്തിലെ സായാഹ്നം ആഘോഷിച്ച ബാങ്ക് ജീവനക്കാരിയായ മഹക്കും അന്‍ഷുലും പുറത്തുനിന്ന് അത്താഴവും കഴിച്ച ശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്. പിന്നാലെയാണ് മഹക്കിനെ അന്‍ഷുല്‍ ക്രൂരമായി കൊലപ്പെടുത്തിയത്. രാത്രി 11 മണിയോടെ പൊലീസിനെ വിളിച്ച് അക്രമികള്‍ തങ്ങളെ കൊള്ളയടിക്കാന്‍ ശ്രമിച്ചെന്നും ഭാര്യയുടെ കഴുത്തറുത്ത് കൊന്നുവെന്നും അറിയിക്കുകയായിരുന്നു.
പൊലീസെത്തി അന്വേഷണം ആരംഭിച്ചതോടെ അന്‍ഷുലിന്റെ വാദം പൊളിഞ്ഞത്. അന്‍ഷുലിന്റെ മൊഴികളില്‍ വൈരുധ്യമുണ്ടായിരുന്നു. തുടര്‍ച്ചയായി ഇയാള്‍ മൊഴി മാറ്റിപ്പറഞ്ഞു. അക്രമികളെക്കുറിച്ചുള്ള പ്രാഥമിക വിവരം പോലും ഇയാള്‍ക്ക് നല്‍കാനായില്ല.
തുടര്‍ച്ചയായ ചോദ്യം ചെയ്യലില്‍, അന്‍ഷുല്‍ കുറ്റം സമ്മതിച്ചു. ഗുരുഗ്രാമിലെ എച്ച്.ഡി.എഫ്.സി ബാങ്കില്‍ ജോലി ചെയ്തിരുന്ന മഹക്കിനെ അന്‍ഷുലിന് സംശയമുണ്ടായിരുന്നു. ഇക്കാര്യം പറഞ്ഞ് ഇവര്‍ക്കിടയില്‍ വഴക്കുകള്‍ പതിവായിരുന്നു. ഈ സംശയമാണ് ഒടുവില്‍ മഹക്കിന്റെ കൊലപാതകത്തിലേക്ക് നയിച്ചത്.
തുടക്കം മുതല്‍ തന്നെ മഹക്കിന്റെ പിതാവ് അന്‍ഷുലിനെ സംശയിച്ചിരുന്നു. കൊലപാതക സമയത്ത്, വിരലടയാളം അവശേഷിപ്പിക്കാതിരിക്കാന്‍ അന്‍ഷുല്‍ കൈയുറകള്‍ ധരിച്ചിരുന്നു. ആദ്യം മഹക്കിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയും പിന്നീട് കത്രിക ഉപയോഗിച്ച് കഴുത്തറുക്കുകയുമായിരുന്നു.
ഹിസാര്‍ നിവാസിയായ അന്‍ഷുലും ഹന്‍സി നിവാസിയായ മഹാക്കും കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 25 നാണ് വിവാഹിതരായത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
