വണ്ടിപ്പെരിയാര്‍ പീഡനം; മകള്‍ക്ക് എന്ന് നീതികിട്ടുമെന്ന് മാതാപിതാക്കള്‍.

വിധിക്കെതിരേ കുടുംബം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി ഒന്നരവര്‍ഷമായിട്ടും പ്രോസിക്യൂട്ടറെപോലും നിയമിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല.

author-image
Jayakrishnan R
New Update
jdslsdm

 

 

 


വണ്ടിപ്പെരിയാര്‍(ഇടുക്കി): ചുരക്കുളത്ത് പീഡനത്തിനിരയായി ആറു വയസ്സുകാരി കൊല്ലപ്പെട്ടിട്ട് നാലുവര്‍ഷം കഴിഞ്ഞു. പ്രതിയായ യുവാവിനെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടിട്ട് ഒന്നരവര്‍ഷവും പിന്നിട്ടു.

വിധിക്കെതിരേ കുടുംബം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി ഒന്നരവര്‍ഷമായിട്ടും പ്രോസിക്യൂട്ടറെപോലും നിയമിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. മുഖ്യമന്ത്രി നേരിട്ട് നല്‍കിയ ഉറപ്പ്, പാലിച്ചില്ലെന്ന് കുടുംബം കണ്ണീരോടെ പറയുന്നു.

2021 ജൂണ്‍ 30-നാണ് ചുരക്കുളത്തെ എസ്റ്റേറ്റ് ലയത്തില്‍ ആറ് വയസ്സുകാരിയെ കൊന്ന് കെട്ടിത്തൂക്കിയനിലയില്‍ കണ്ടെത്തിയത്. ആദ്യം അപകടമരണമെന്നാണ് കരുതിയത്. പോലീസിന്റെ സംശയത്തെത്തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടം നടത്തിയപ്പോള്‍, കുട്ടി പീഡനത്തിന് ഇരയായെന്നും കൊന്ന് കെട്ടിത്തൂക്കിയതാണെന്നും തെളിഞ്ഞു.

പെണ്‍കുട്ടിയുടെ അയല്‍വാസിയായ യുവാവാണ് പ്രതിയെന്നായിരുന്നു പോലീസ് കണ്ടെത്തല്‍.
2023 ഡിസംബര്‍ 14-ന് തെളിവുകളുടെ അഭാവത്തില്‍ ഇയാളെ കട്ടപ്പന അതിവേഗ പോക്‌സോ കോടതി വെറുതെവിട്ടു. പെണ്‍കുട്ടി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടതാണെന്നും എന്നാല്‍, പ്രതിയെ ശിക്ഷിക്കാന്‍ മതിയായ തെളിവുകള്‍ ഇല്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ കേസന്വേഷണത്തില്‍ ഗുരുതരമായ വീഴ്ച വരുത്തിയെന്നും കോടതി നിരീക്ഷിച്ചു.

തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥനെ സസ്പെന്‍ഡും ചെയ്തു. പെണ്‍കുട്ടിയുടെ കുടുംബം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും സര്‍ക്കാര്‍ പ്രോസിക്യൂട്ടറെ നിയമിക്കാത്തതാണ് ഇപ്പോള്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത്. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം, പെണ്‍കുട്ടിയുടെ കുടുംബം മൂന്ന് പ്രോസിക്യൂട്ടര്‍മാരുടെ പേരും സമര്‍പ്പിച്ചിരുന്നു.

പ്രതിയെന്ന് പോലീസ് കണ്ടെത്തിയ യുവാവ് ഡിവൈഎഫ്ഐ പ്രവര്‍ത്തകനായിരുന്നു. രാഷ്ട്രീയസ്വാധീനം കാരണമാണ് ഇയാള്‍ രക്ഷപ്പെട്ടതെന്ന ആരോപണം ഉയര്‍ന്നെങ്കിലും സിപിഎം നിഷേധിച്ചു.
പ്രോസിക്യൂട്ടറെ നിയമിക്കുന്നതിലെ നടപടികള്‍ വൈകുന്നതിലും രാഷ്ട്രീയ ഇടപെടല്‍ ഉണ്ടെന്നാണ് ആരോപണം. പോലീസ് കണ്ടെത്തിയ ആളല്ല യഥാര്‍ഥ പ്രതി എങ്കില്‍, പെണ്‍കുഞ്ഞിനെ പീഡിപ്പിച്ച് കൊന്നത് ആരാണെന്നുള്ള ചോദ്യവും അവശേഷിക്കുന്നു.

 

Crime murder