തിരുവനന്തപുരം: നാട്ടിലേക്ക് വരാൻ ശ്രമം നടത്തുന്നതായി തലസ്ഥാന നഗരിയെ ഞെട്ടിച്ച കൂട്ടക്കൊലപാതകത്തിലെ പ്രതി അഫാന്റെ പിതാവ് റഹീം. വീസ കാലാവധി തീർന്നതിനാലാണ് വരാൻ കഴിയാത്തത്. സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടെന്നും സന്നദ്ധ പ്രവർത്തകർ സഹായവുമായി ഒപ്പമുണ്ടെന്നും റഹീം മാധ്യമങ്ങളോട് പറഞ്ഞു.
ഇന്നലെയാണ് പെൺസുഹൃത്ത് ഫർസാനയെയും അനിയൻ അഫ്സാനെയും ഉമ്മുമ്മയെയും ബന്ധുക്കളായ ലത്തീഫിനെയും സാജിതയെയും അഫാൻ അതിക്രൂരമായി കൊലപ്പെടുത്തിയത്. അഞ്ച് കൊലപാതകത്തിന്റെ ഞെട്ടലിലാണ് നാട്.
അതേ സമയം അഫാന്റെ പിതാവിനെ സൗദിയിൽ നിന്ന് നാട്ടിലെത്തിക്കാൻ ശ്രമം നടക്കുന്നതായി സാമൂഹ്യപ്രവർത്തകനായ നാസ് വക്കം പ്രതികരിച്ചു. ഇഖാമ കാലാവധി തീർന്നതിനാൽ ഇത് പുതുക്കിയോ പിഴയടച്ചോ എത്തിക്കാനാണ് ശ്രമം. അധികം വൈകാതെ നടപടികൾ പൂർത്തിയാക്കാൻ ശ്രമിക്കുന്നതായി സാമൂഹ്യ പ്രവർത്തകൻ അറിയിച്ചു. ഞായറാഴ്ചക്കകം നാട്ടിലെത്തിക്കാനാണ് ശ്രമമെന്നും നാസ് വക്കം പറഞ്ഞു.