അഫാനുമായി തെളിവെടുപ്പ് നടത്തി

അഫാന്‍ നടത്തിയ ആദ്യ കൊലപാതകം സല്‍മാബീവിയുടേതായിരുന്നു. ഇവരുടെ കഴുത്തില്‍നിന്നു മാലയും മോഷ്ടിച്ചു. വീട്ടിലെത്തി തെളിവെടുത്തശേഷം, മാല പണയംവച്ച സ്ഥാപനത്തിലും തെളിവെടുപ്പുണ്ടായേക്കും.

author-image
Biju
New Update
zdhg

തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാനുമായി പാങ്ങോട് പൊലീസ് തെളിവെടുപ്പ് നടത്തി. താഴേപാങ്ങോട് താമസിച്ചിരുന്ന മുത്തശ്ശി സല്‍മാബീവിയെ കൊലപ്പെടുത്തിയ കേസില്‍ ചോദ്യം ചെയ്യുന്നതിനാണു മൂന്നുദിവസത്തേക്കു കസ്റ്റഡിയില്‍ ലഭിച്ചത്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഇന്നലെ ഉച്ചയോടെ പാങ്ങോട് സ്റ്റേഷനിലെത്തിച്ച് ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു. ആത്മഹത്യയ്ക്കു ശ്രമിച്ച പ്രതിയായതിനാല്‍ ക്യാമറ ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ചു പ്രതിയെ സ്റ്റേഷനില്‍ നിരീക്ഷിക്കുന്നുണ്ട്.

അഫാന്‍ നടത്തിയ ആദ്യ കൊലപാതകം സല്‍മാബീവിയുടേതായിരുന്നു. ഇവരുടെ കഴുത്തില്‍നിന്നു മാലയും മോഷ്ടിച്ചു. വീട്ടിലെത്തി തെളിവെടുത്തശേഷം, മാല പണയംവച്ച സ്ഥാപനത്തിലും തെളിവെടുപ്പുണ്ടായേക്കും. ആള്‍ക്കൂട്ടമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കനത്ത സുരക്ഷയൊരുക്കും. മറ്റു കേസുകളില്‍ വെഞ്ഞാറമൂട് പൊലീസ് ഇന്നു കസ്റ്റഡി അപേക്ഷ നല്‍കും. പാങ്ങോട് പൊലീസിന്റെ കസ്റ്റഡി നാളെ അവസാനിച്ചാലുടന്‍ കസ്റ്റഡിയിലെടുക്കാനാണു വെഞ്ഞാറമൂട് പൊലീസിന്റെ നീക്കം.

ഇന്നലത്തെ ചോദ്യം ചെയ്യലില്‍, കൊലപാതകങ്ങള്‍ താന്‍ തന്നെയാണ് ചെയ്തതെന്ന് സമ്മതിച്ച അഫാന്‍ കൊലപാതക പരമ്പരയിലേക്കു നയിച്ചത് കടബാധ്യതയെന്ന മൊഴി ആവര്‍ത്തിച്ചുവെന്നാണ് പൊലീസ് പറയുന്നത്. കുടുംബം കടബാധ്യതയില്‍ മുങ്ങി നില്‍ക്കുമ്പോള്‍ പിതൃമാതാവിനോടു സാമ്പത്തിക സഹായം ആവശ്യപ്പെട്ടുവെങ്കിലും ലഭിച്ചില്ല. ഇവരുടെ കൈവശം രണ്ട് സ്വര്‍ണമാലകള്‍ ഉണ്ടായിരുന്നുവെന്നും പിന്നീട് ഒരു മാല കാണാതായെന്നും അഫാന്‍ പറഞ്ഞു. ബന്ധുവായ മറ്റൊരാള്‍ക്കു മാല കൊടുത്തെന്നു മനസ്സിലായതോടെ വൈരാഗ്യം തോന്നി. സിനിമകള്‍ കാണാറുണ്ടെങ്കിലും കൊലപാതകത്തിനു സിനിമ പ്രചോദനമായിട്ടില്ല എന്നാണ് അഫാന്‍ പറഞ്ഞതെന്നു പൊലീസ് പറയുന്നു.

പൊലീസിനൊപ്പം അഫാനും ഓടിനാടിനെ നടുക്കിയ കൊലക്കേസുകളില്‍ ഇന്നലെ കോടതിയില്‍ ഹാജരാക്കിയ അഫാന്റെ ചിത്രമെടുക്കാന്‍ മൊബൈല്‍ ഫോണുമായി കാത്തുനിന്നവരില്‍ സ്ത്രീകളടക്കമുണ്ടായിരുന്നു. ആരെയും അടുത്തുവരാന്‍ സമ്മതിക്കാതെ കനത്ത സുരക്ഷയിലാണു പൊലീസ് അഫാനെ കോടതിയില്‍ എത്തിച്ചതും മടക്കിയതും. പൊലീസിന്റെ വേഗത്തിനൊപ്പം അഫാനും ഓടേണ്ടിവന്നു. പിന്നാലെ മൊബൈല്‍ ഫോണുകളുമായി കൂടി നിന്നവരും ഓടി. ചാനല്‍ ക്യാമറകളെയും വെട്ടിക്കാനായിരുന്നു പൊലീസിന്റെ ഓട്ടം. കെട്ടിടത്തില്‍ രണ്ടാം നിലയിലെ കോടതി മുറിയിലെത്തിച്ച് അഞ്ചുമിനിറ്റിനകം നടപടികള്‍ പൂര്‍ത്തിയാക്കി തിരിച്ചിറങ്ങി.

murder venjaramoodu