ശ്രീജു ഭാര്യ പ്രീത(39), മകൾ ശ്രീനന്ദ(14)
കൊല്ലം: കൊല്ലം പരവൂരിൽ ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ ആത്മഹത്യക്ക് ശ്രമിച്ചു. ഭാര്യ പ്രീത(39), മകൾ ശ്രീനന്ദ(14) എന്നിവരാണ് മരിച്ചത്.കടബാധ്യതയെ തുടർന്നാണ് ക്രൂരകൃത്യമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
തിങ്കളാഴ്ച രാത്രിയിലായിരുന്നു കൊലപാതകം. പ്രീത പൂതക്കുളം സർവീസ് ബാങ്കിലെ കളക്ഷൻ ഏജന്റാണ്.മകൾ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്.അച്ഛൻ ശ്രീജു മക്കളെയും ഭാര്യയെയും വിഷം കൊടുത്ത ശേഷം കഴുത്തറുക്കുകയായിരുന്നു. മകൻ ശ്രീരാഗ് പ്ലസ് ടു വിദ്യാർഥിയാണ്.ഗുരുതരമായി പരിക്കേറ്റ ശ്രീരാഗിനെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലും അച്ഛൻ ശ്രീജുവിനെ തിരുവനന്തപുരം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരുവരുടെയും നില ഗുരുതരമാണെന്നാണ് വിവരം.
ചൊവ്വാഴ്ച രാവിലെ അയൽവാസിയായ ബന്ധു വീടിന്റെ വാതിൽ തുറക്കാത്തത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നോക്കിയപ്പോഴാണ് മുറിക്ക് പുറത്തുകൂടി ചോര ഒഴുകുന്നത് കണ്ടത്.തുടർന്ന് വാതിൽ പൊളിച്ച് ബന്ധുക്കൾ അകത്ത് കടന്നപ്പോഴാണ് നാലുപേരെയും മുറിയിൽ കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.
അച്ഛന്റെയും മകന്റെയും ശരീരത്തിൽ ജീവന്റെ തുടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് ഉടൻ സമീപത്തെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.അമ്മയും മകളും സംഭവസ്ഥലത്തുവച്ചു തന്നെ മരണപ്പെട്ടിരുന്നു.സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.