/kalakaumudi/media/media_files/2024/10/26/6P3J9Sy9Qa0tcQBtXP1x.jpeg)
ദില്ലി: ന്യൂ ദില്ലി ഭോപ്പാല്‍ വന്ദേഭാരത് എക്‌സ്പ്രസില്‍ വിന്‍ഡോ സീറ്റ് നല്‍കാന്‍ വിസമ്മതിച്ച യാത്രക്കാരന് ട്രെയിനിനുള്ളില്‍ നേരിട്ടത് ക്രൂരമര്‍ദ്ദനം. സീറ്റ് മാറാന്‍ തയ്യാറാവാതിരുന്ന യാത്രക്കാരനെ ബിജെപി എംഎല്‍എയായ രാജീവ് സിംഗും അനുയായികളും ചേര്‍ന്നാണ് തല്ലിച്ചതച്ചത്. യാത്രക്കാരനെ ചിലര്‍ തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് സംഭവം പുറത്ത് അറിയുന്നത്. യൂണിഫോമിലുള്ള പൊലീസുകാരന്‍ അടക്കമുള്ളവ യാത്രക്കാരനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. എംഎല്‍എയുടെ സീറ്റ് മറ്റൊരു നിരയിലും ഒപ്പമുണ്ടായിരുന്ന കുടുംബത്തിന്റെ സീറ്റ് മറ്റൊരു നിരയിലുമായിരുന്നു.
കുടുംബത്തിനൊപ്പം സീറ്റുണ്ടായിരുന്ന ആളുമായി സീറ്റ് മാറാനുള്ള ശ്രമങ്ങള്‍ വാക്കേറ്റത്തിലും പിന്നാലെ കയ്യേറ്റത്തിലും കലാശിക്കുകയായിരുന്നു. വലിയ രീതിയിലുള്ള രാഷ്ട്രീയ വിവാദമായി മാറിയിരിക്കുകയാണ് ഈ സംഭവം. രക്തം പുരണ്ട ടീ ഷര്‍ട്ടുമായി മുഖത്ത് നിന്ന് രക്തം തുടയ്ക്കുന്ന യാത്രക്കാരന്റേതെന്ന പേരിലുള്ള ദൃശ്യങ്ങളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്.
കഴിഞ്ഞ ആഴ്ചയാണ് സംഭവം നടന്നത്. യാത്രക്കാരന്റെ ഭാഗത്തുനിന്നും മോശം പെരുമാറ്റം തനിക്കും കുടുംബത്തിനും ഉണ്ടായി എന്ന് എംഎല്‍എ ആരോപിക്കുന്നു . ഭാര്യയ്ക്കും മകനും ഒപ്പമായിരുന്നു ബിജെപി എംഎല്‍എ യാത്ര ചെയ്തിരുന്നത്.
ഉത്തര്‍പ്രദേശിലെ ജാന്‍സിയില്‍ നിന്നുള്ള ബിജെപി എംഎല്‍എയാണ് രാജീവ് സിംഗ്. ഭോപ്പാലിലേക്കാണ് മര്‍ദ്ദനമേറ്റ യാത്രക്കാരന്‍ ടിക്കറ്റെടുത്തിരുന്നത്. വന്ദേഭാരത് ജാന്‍സി സ്റ്റേഷനിലെത്തിയപ്പോള്‍ എംഎല്‍എയുടെ അനുയായികള്‍ ട്രെയിനില്‍ കയറി ഇയാളെ ആക്രമിക്കുകയായിരുന്നു.