/kalakaumudi/media/media_files/2025/08/31/delhikola-2025-08-31-09-07-51.jpg)
ന്യൂഡല്‍ഹി: മകന്റെ ജന്മദിനത്തില്‍ കൈമാറിയ സമ്മാനത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നു ഭാര്യയെയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. ഡല്‍ഹിയിലെ രോഹിണിയില്‍ ശനിയാഴ്ചയാണ് സംഭവം. കുസും സിന്‍ഹ (63), മകള്‍ പ്രിയ സേഗല്‍ (34) എന്നിവരെ കൊലപ്പെടുത്തിയ യോഗേഷ് സേഗല്‍ (36) ആണ് അറസ്റ്റിലായത്. ഇരുവരെയും കത്രിയ ഉപയോഗിച്ച് യോഗേഷ് കുത്തിക്കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ഈ മാസം 28ന് യോഗേഷിന്റെയും പ്രിയയുടെയും മകന്റെ ജന്മദിനമായിരുന്നു. ഇതിന്റെ ആഘോഷച്ചടങ്ങിനാണ് കുസും മകളുടെ ഫ്‌ലാറ്റിലെത്തിയത്. ചടങ്ങിനിടെ മകനു നല്‍കിയ സമ്മാനത്തെച്ചൊല്ലി യോഗേഷും പ്രിയയും തമ്മില്‍ തര്‍ക്കമുണ്ടായതായി പൊലീസ് പറഞ്ഞു. ഇതു പരിഹരിക്കുന്നതിനു വേണ്ടി കുസും, സ്വന്തം വീട്ടിലേക്കു മടങ്ങാതെ മകള്‍ക്കൊപ്പം തങ്ങുകയായിരുന്നു. ശനിയാഴ്ച രാവിലെ കുസുമിനെയും പ്രിയയെയും ഫോണില്‍ വിളിച്ചിട്ടു കിട്ടാത്തതിനെ തുടര്‍ന്ന് കുസുമിന്റെ മകന്‍ മേഘ് സിന്‍ഹ, രോഹിണിയിലെ സെക്ടര്‍ -17ലുള്ള ഫ്‌ലാറ്റിലെത്തി.
ഫ്‌ലാറ്റ് പുറത്തുനിന്നു പൂട്ടിയിരിക്കുന്നതും വാതിലിനു സമീപം രക്തക്കറകളും കണ്ടതിനെ തുടര്‍ന്ന് ഇയാള്‍ പൊലീസില്‍ വിവരമറിയിച്ചു. പിന്നാലെ വാതില്‍ പൊളിച്ച് അകത്തു കടന്നപ്പോള്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന അമ്മയെയും സഹോദരിയെയുമാണ് കണ്ടത്. യോഗേഷിനെയും രണ്ടു മക്കളെയും ഫ്‌ലാറ്റില്‍ കണ്ടതുമില്ല. പൊലീസ് നടത്തിയ തിരച്ചിലില്‍ യോഗേഷിനെ പിടികൂടുകയായിരുന്നു. ഇരുവരും കൊലപ്പെടുത്തിയ ശേഷം യോഗേഷ് മക്കളുമായി സ്ഥലം വിടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ഫ്‌ലാറ്റില്‍നിന്ന് രക്തം പുരണ്ട വസ്ത്രങ്ങളും കൊലപാതകത്തിന് ഉപയോഗിച്ചെന്ന് കരുതുന്ന കത്രികയും പൊലീസ് കണ്ടെടുത്തു. ഫൊറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മുന്‍പ് ഒരു ജ്വല്ലറിയില്‍ ജോലി ചെയ്തിരുന്ന യോഗേഷ്, കുറച്ചു നാളായി ജോലിക്കു പോയിരുന്നില്ല. യോഗേഷിനൊപ്പമുണ്ടായിരുന്ന മക്കളെ പൊലീസ് ഷെല്‍ട്ടര്‍ ഹോമിലേക്കു മാറ്റി.