/kalakaumudi/media/media_files/2025/03/25/lcP1ExwexY89x8szpizN.jpg)
പാലക്കാട്: കേരളത്തെ നടുക്കിയ നെന്‍മാറ പോത്തുണ്ടി ഇരട്ടക്കൊലപാതക കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ആലത്തൂര്‍ കോടതിയിലാണ് 480 പേജുള്ള കുറ്റപത്രം അന്വേഷണ സംഘം സമര്‍പ്പിച്ചിരിക്കുന്നത്. കേസില്‍ ഏകദൃക്‌സാക്ഷിയായ സുധീഷിന്റെ മൊഴിയാണ് നിര്‍ണായകമായത്.
132 സാക്ഷികളും 30 ലധികം ശാസ്ത്രീയ തെളിവുകളുമാണുള്ളത്. ലക്ഷ്മിയെ കൊലപ്പെടുത്തുന്നത് കണ്ടതായാണ് ദൃക്‌സാക്ഷി മൊഴി നല്‍കിയിരിക്കുന്നത്. കൊലയ്ക്ക് ഉപയോഗിച്ച കൊടുവാളില്‍ നിന്ന് മരിച്ചവരുടെ ഡിഎന്‍എയും കണ്ടെത്തിയിട്ടുണ്ട്. കൊടുവാളിന്റെ പിടിയില്‍ നിന്നും പ്രതി ചെന്താമരയുടെ ഡിഎന്‍എയും കണ്ടെടുത്തിട്ടുണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
കൂടാതെ ചെന്താമരയുടെ വസ്ത്രത്തില്‍ സുധാകരന്റെയും ലക്ഷ്മിയുടെയും രക്തക്കറയും കണ്ടെത്തിയിരുന്നു. പ്രതിയുടെ കുടുംബം തകര്‍ത്തതിലുള്ള പകയാണ് കൊലയ്ക്ക് കാരണം. സുധാകരനെ കൊലപ്പെടുത്താനാണ് പ്രതി പദ്ധതിയിട്ടത്.
അമ്മ ലക്ഷ്മി ബഹളം വെച്ചപ്പോള്‍ അവരെയും കൊലപ്പെടുത്തുകയായിരുന്നു എന്നും കുറ്റപത്രത്തിലുണ്ട്. പ്രതി മാനസിക രോഗിയല്ലെന്ന് തെളിയിക്കുന്ന രേഖകളും കുറ്റപത്രത്തിലുണ്ട്. സാക്ഷികളുടെ ഗൂഗിള്‍ ടൈം ലൈന്‍ ഉള്‍പ്പെടെ കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.