തിരുവനന്തപുരം ∙ അലങ്കാര ചെടി വിൽപ്പന കേന്ദ്രത്തിലെ ജോലിക്കാരിയായ വിനീത കൊല്ലപ്പെട്ട കേസിൽ പ്രതി രാജേന്ദ്രൻ കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം സെഷന്‍സ് കോടതിയുടേതാണ് കണ്ടെത്തൽ. ഈ മാസം 21നാണ് ശിക്ഷാവിധി.
കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. പ്രതിക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. എന്നാൽ പ്രതിയുടെ മാനസികനില കൂടി പരിശോധിച്ച ശേഷമാകും കോടതി ഇക്കാര്യത്തിൽ തീരുമാനമെടുക്കുക.
ജില്ലാ കലക്ടർ, സൈക്കോളജിസ്റ്റ്, ജയിൽ സൂപ്രണ്ട്, റവന്യൂ വകുപ്പ് എന്നിവരുടെ റിപ്പോർട്ടുകൾ പരിഗണിച്ച ശേഷമാകും ശിക്ഷ വിധിക്കുക.
2022 ഫെബ്രുവരി ആറിനാണ് തിരുവനന്തപുരം നഗരത്തെ നടുക്കി അമ്പലമുക്കിലെ അലങ്കാരച്ചെടി വില്‍പ്പന കേന്ദ്രത്തിലെ ജോലിക്കാരി വിനീത കൊല്ലപ്പെട്ടത്. തമിഴ്നാട് സ്വദേശിയായ രാജേന്ദ്രനായിരുന്നു പ്രതി. ഏപ്രില്‍ രണ്ടിന് വിചാരണ നടപടികള്‍ പൂര്‍ത്തിയായിരുന്നു.
വിനീതയുടെ കഴുത്തില്‍ കിടന്ന നാലരപ്പവന്‍റെ മാല സ്വന്തമാക്കാനായാണ് രാജേന്ദ്രന്‍ കൊലനടത്തിയത്. ഓണ്‍ലൈന്‍ ട്രേഡിങിനുള്ള പണം കയ്യില്‍ ഇല്ലാതെ വന്നതോടെ മോഷണവും കൊലപാതകവും നടത്താനിറങ്ങിയെന്നായിരുന്നു പൊലീസിന്‍റെ കണ്ടെത്തല്‍. അമ്പലമുക്ക് ജംക്ഷനില്‍ മറ്റൊരു സ്ത്രീയെ ലക്ഷ്യമിട്ടാണ് താന്‍ എത്തിയതെന്നായിരുന്നു രാജേന്ദ്രന്‍ പൊലീസിനു നല്‍കിയ മൊഴി.
സാമാന്യം വലിയ സ്വര്‍ണമാലയിട്ട അവരുടെ പിന്നാലെ നടന്നു. അനിയന്‍ ലെയ്നിലെ വളവ് തിരിയുന്നതിനിടെ കാഴ്ചയില്‍ നിന്ന് ഇവര്‍ മറഞ്ഞു. ഇവരെ തിരഞ്ഞ് മുന്നോട്ട് നടന്നതോടെയാണ് ചെടികള്‍ക്ക് വെള്ളം നനയ്ക്കുന്ന വിനീതയെ രാജേന്ദ്രന്‍ കണ്ടത്. ചെടി വാങ്ങാനെന്ന വ്യാജേനെ പ്രതി വിനീതയ്ക്ക് മുന്നിലെത്തുകയായിരുന്നു. ചെടി വാങ്ങാനല്ല, മാലയിലാണ് കണ്ണെന്ന് കണ്ടതോടെ വിനീത ബഹളം വച്ചു. തുടര്‍ന്ന് പിടിവലിയായി. ഇതോടെ കയ്യില്‍ കരുതിയ കത്തിയെടുത്ത് കുത്തി വീഴ്ത്തുകയായിരുന്നു.
മുട്ടടയിലെ കുളത്തിൽ കത്തി ഉപേക്ഷിച്ച ശേഷം ഇവിടെ നിന്ന് സ്കൂട്ടറില്‍ ലിഫ്റ്റ് ചോദിച്ച് ഉള്ളൂരിലെത്തി. തുടര്‍ന്ന് മറ്റൊരു ഓട്ടോറിക്ഷയില്‍ കയറി പേരൂര്‍ക്കടയില്‍ എത്തുകയായിരുന്നു. പേരൂർക്കട സർക്കാർ ആശുപത്രിക്ക് സമീപമുള്ള ചായക്കടയിലെ ജീവനക്കാരനായിരുന്നു രാജേന്ദ്രൻ. തമിഴ്നാട്ടിലും അരുംകൊലകൾ നടത്തിയ ശേഷമാണ് രാജേന്ദ്രൻ കേരളത്തിലേക്ക് എത്തിയത്.