/kalakaumudi/media/media_files/2025/11/22/konthu-2025-11-22-10-02-04.jpg)
കൊച്ചി: കോന്തുരുത്തി പള്ളിക്കു സമീപത്തെ വീട്ടുവളപ്പില്‍ സ്ത്രീയുടെ ജഡം ചാക്കുകൊണ്ട് മൂടിയ നിലയില്‍ കണ്ടെത്തി. ജോര്‍ജ് എന്ന വ്യക്തിയുടെ വീട്ടു വളപ്പിലാണ് മൃതദേഹം കണ്ടെത്തിയത്. സൗത്ത് പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പനംപള്ളി നഗറിനും കടവന്ത്രയ്ക്കും ഇടയ്ക്കുള്ള സ്ഥലമാണ് കോന്തുരുത്തി. ഹരിതകര്‍മ സേനാംഗങ്ങള്‍ രാവിലെ മാലിന്യം ശേഖരിക്കാനെത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ ജോര്‍ജ് മദ്യലഹരിയിലായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. വെളുപ്പിനെ ആറരയോടെ മാലിന്യശേഖരണത്തിന് എത്തിയ ഹരിതകര്‍മ സേനയില്‍പ്പെട്ട സ്ത്രീയാണ് മൃതദേഹം ആദ്യം കണ്ടത്. സമീപം ജോര്‍ജ് മതിലില്‍ ചാരിയിരുന്ന് ഉറങ്ങുന്നുണ്ടായിരുന്നു. തന്നെ ഒന്ന് പിടിച്ച് എഴുന്നേല്‍പ്പിക്കാമോയെന്ന് ജോര്‍ജ് ചോദിച്ചെന്നാണ് ഹരിത കര്‍മസേനാംഗം പറയുന്നത്. അവര്‍ ഉടന്‍ തന്നെ കൗണ്‍സിലറെ വിവരമറിയിക്കുകയായിരുന്നു. സംഭവത്തില്‍ ജോര്‍ജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജോര്‍ജിന്റെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെയും പൊലീസ് ചോദ്യം ചെയ്യുകയാണ്.
വെളുപ്പിനെ നാലരയോടെ ജോര്‍ജ് ചാക്ക് അന്വേഷിച്ച് അയല്‍വീടുകളില്‍ ചെന്നിരുന്നു. നായ ചത്തു കിടപ്പുണ്ടെന്നും ഇതിനെ മൂടാനാണ് എന്നുമാണ് ജോര്‍ജ് പറഞ്ഞത്. എന്നാല്‍ ഇവിടെ നിന്ന് ചാക്കു കിട്ടിയില്ല. തുടര്‍ന്ന് സമീപത്തെ ഒരു കടയിലെത്തി അവിടെ നിന്ന് രണ്ടു ചാക്ക് ശേഖരിച്ചു. ഇതാണ് മൃതദേഹം മൂടാനായി ഉപയോഗിച്ചത് എന്നാണ് കരുതുന്നത്.
സ്ത്രീ മലയാളിയല്ലെന്നും മുന്‍പ് കണ്ടിട്ടില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. '' ജോര്‍ജ് കുറേകാലമായി ഇവിടെ താമസിക്കുന്നുണ്ട്. ഭാര്യ അവരുടെ വീട്ടിലാണ്. മക്കള്‍ സ്ഥലത്തില്ല. വെളുപ്പിന് ഒച്ചകേട്ടതായി വാടകയ്ക്കു താമസിക്കുന്ന ആള്‍ പറഞ്ഞു''നാട്ടുകാരിലൊരാള്‍ മാധ്യമങ്ങളോട് പറഞ്ഞു.
''ജോര്‍ജിന്റെ വീട്ടില്‍നിന്ന് ശബ്ദം കേട്ടിരുന്നു. പൂച്ചയുടെ ശബ്ദമാണെന്നാണ് കരുതിയത്. അതിനാല്‍ പുറത്തിറങ്ങിയില്ല''ജോര്‍ജിന്റെ വീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന അതിഥി തൊഴിലാളി മാധ്യമങ്ങളോട് പറഞ്ഞു.
''ഹരിതകര്‍മസേനാംഗങ്ങള്‍ അറിയിച്ചത് അനുസരിച്ച് സ്ഥലത്ത് എത്തിയപ്പോള്‍ മൃതദേഹം ചാക്കു കൊണ്ട് മൂടിയ നിലയിലായിരുന്നു. മൃതദേഹം നഗ്‌നമായിരുന്നു. അടുത്ത് ജോര്‍ജ് ഇരിക്കുന്നുണ്ടായിരുന്നു. ഗേറ്റ് അടച്ചശേഷം പൊലീസിനെ അറിയിച്ചു. ജോര്‍ജ് മദ്യപിച്ചിട്ടുണ്ടായിരുന്നു. മരിച്ചയാള്‍ ഈ പ്രദേശവാസിയല്ല. ''കൗണ്‍സിലര്‍ പറഞ്ഞു.
പ്രായമായ ആളുകളെ പരിചരിക്കുന്ന ജോലിയാണ് ജോര്‍ജിന്. ജോര്‍ജിന്റെ മകന്‍ യു.കെയില്‍ ജോലി ചെയ്യുകയാണ്. മകളുടെ കുഞ്ഞിന്റെ പിറന്നാളിന് ഭാര്യ അവിടേക്ക് പോയിരുന്നതിനാല്‍ ഏതാനും ദിവസമായി ജോര്‍ജ് വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. ജോര്‍ജിന്റെ വീടിന്റെ ഒരു ഭാഗത്ത് ഫ്‌ലാറ്റും റോഡിന്റെ എതിര്‍ ഭാഗത്ത് ഹോസ്റ്റലുമാണ്. ഈ ഹോസ്റ്റലില്‍ നിന്നുള്ള സിസി ടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
