/kalakaumudi/media/media_files/NLDAJuOwfAVMA3ZyC2tj.jpg)
അജിത്ത് ബിജു
ആലപ്പുഴ: സമൂഹമാദ്ധ്യമങ്ങളിലൂടെ സ്ത്രീകളെ പരിചയപ്പെട്ട് പണവും സ്വർണവും കൈക്കലാക്കിയ യുവാവ് അറസ്റ്റിൽ. ഇടുക്കി പീരുമേട് സ്വദേശി അജിത്ത് ബിജുവെന്ന പർപ്പിൾമാൻ ആണ് അറസ്റ്റിലായത്. ആലപ്പുഴയിൽ വച്ചാണ് ഇയാൾ പൊലീസിന്റെ പിടിയിലായത്.പണവും സ്വർണവും തട്ടിയെടുത്തെന്ന് ചെങ്ങന്നൂർ സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്.
സമൂഹമാദ്ധ്യമങ്ങളിൽ സജീവമായ അജിത്ത് ഇതിനുമുമ്പും സമാന കേസുകളിൽ അറസ്റ്റിലായിട്ടുണ്ടെന്ന് പോലീസ് പറയുന്നു. ടിക്ക്‌ടോക്കിൽ സജീവമായിരുന്ന ഇയ്യാൾ ടിക്ക്ടോക്ക് നിരോധിച്ചതോടെ ഇൻസ്റ്റഗ്രാമിലാണ് സജീവമായി. പർപ്പിൾ മെൻ മിസ്റ്റർ അജിത്കൃഷ്ണ എന്നാണ് ഇൻസ്റ്റഗ്രാം ഐഡി.
ഇൻസ്റ്റഗ്രാം മുഖേന പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിക്കുകയും പിന്നീട് പ്രണയം നടിച്ച് ദുരിതങ്ങൾ പറഞ്ഞ് പണവും സ്വർണവും തട്ടിയെടുക്കുന്നതുമാണ് രീതി. തിരികെ ചോദിക്കുന്നതോടെ ഭീഷണിയുടെ സ്വരമാകും. ഇത്തരത്തിൽ ചെങ്ങന്നൂർ സ്വദേശിനിയുടെ കയ്യിൽ നിന്ന് ഒന്നര ലക്ഷം രൂപയും സ്വർണാഭരണവും തട്ടിയെടുത്തതോടെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്.
മലപ്പുറം കരിപ്പൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ഇയാൾ ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പിന്നീട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്ത്രീകളെ വലയിൽ വീഴ്‌ത്തി. രണ്ട് വർഷം മുമ്പ് നടന്ന സംഭവത്തിൽ പ്രതി ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ചതോടെയാണ് യുവതി പരാതി നൽകിയത്.