മലപ്പുറം: വീടിന് മുന്നില്‍ നിര്‍ത്തിയിട്ട കാര്‍ കത്തിച്ച സംഭവത്തില്‍ മകന് അറസ്റ്റില്‍. സംഭവത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മകന് അറസ്റ്റിലായത്. മലപ്പുറം കൊണ്ടോട്ടി സ്വദേശി ഡാനിഷ് മിന്‍ഹാജ് (21) ആണ് അറസ്റ്റിലായത്. കാര്‍ കത്തിച്ചെന്ന മിന്ഹാജിന്റെ പിതാവിന്റെ പരാതിയിലാണ് കൊണ്ടോട്ടി പൊലീസ് കേസെടുത്ത് അന്വേഷിച്ചത്. ഈ അന്വേഷണത്തിലാണ് പ്രതി മകനാണെന്ന് പൊലീസ് കണ്ടെത്തുന്നത്. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ മകനെ പൊലീസ് അറസ്റ്റു ചെയ്തു.
ലൈസന്‍സിലാത്ത മകന് കാര്‍ ഓടിക്കാന്‍ നല്‍കാത്തതിലുള്ള വൈരാഗ്യമാണ് കാര്‍ കത്തിക്കാന്‍ കാരണമെന്ന് പൊലീസ് കണ്ടെത്തി. ഇന്നലെ സുഹൃത്തുക്കള്‍ക്കൊപ്പം പുറത്തുപോകാന്‍ മകന് പിതാവിനോട് കാറിന്റെ താക്കോല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ താക്കോല്‍ കൊടുക്കാന്‍ പിതാവ് തയ്യാറായില്ല. ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു പിതാവ്. ഇതില്‍ പ്രകോപിതനായ മകന് കാര്‍ പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു.