കല്ലമ്പലത്ത് കഞ്ചാവ് ശേഖരവുമായി യുവാവ് പിടിയില്‍ ;

ഇരുചക്ര വാഹനത്തില്‍ ആന്ധ്രപ്രദേശില്‍ നിന്നും രണ്ട് വലിയ ട്രാവല്‍ ബാഗുകളില്‍ കഞ്ചാവ് ശേഖരവുമായി തിരുവനന്തപുരത്തേക്ക് വരികയായിരുന്ന പ്രതിയെ കല്ലമ്പലം തട്ടുപാലത്തിന് സമീപം വച്ച് ഇന്ന് രാവിലെ ഡാന്‍സാഫ് സംഘം പിടികൂടുകയായിരുന്നു.

author-image
Jayakrishnan R
New Update
crime

കല്ലമ്പലം: തിരുവനന്തപുരം കല്ലമ്പലത്ത് ഇരുചക്ര വാഹനത്തില്‍ കടത്താന്‍ ശ്രമിച്ച വന്‍ കഞ്ചാവ് ശേഖരം പിടികൂടി. തിരുവനന്തപുരം ബാലരാമപുരം തണ്ണിക്കുഴി സ്വദേശിയായ  42 വയസ്സുള്ള അരുണ്‍ പ്രകാശ് ആണ് 10 കിലോയിലധികം കഞ്ചാവ് ശേഖരവുമായി ഇന്ന് ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായത്. ഇരുചക്ര വാഹനത്തില്‍ ആന്ധ്രപ്രദേശില്‍ നിന്നും രണ്ട് വലിയ ട്രാവല്‍ ബാഗുകളില്‍ കഞ്ചാവ് ശേഖരവുമായി തിരുവനന്തപുരത്തേക്ക് വരികയായിരുന്ന പ്രതിയെ കല്ലമ്പലം തട്ടുപാലത്തിന് സമീപം വച്ച് ഇന്ന് രാവിലെ ഡാന്‍സാഫ് സംഘം പിടികൂടുകയായിരുന്നു.

ദിവസങ്ങളായി നിരീക്ഷണത്തിലായിരുന്ന അരുണ്‍ പ്രകാശിനെ വാഹനത്തില്‍ പിന്തുടര്‍ന്നെത്തിയ ഡാന്‍സാഫ് സംഘം അതിസാഹസികമായാണ് പിടികൂടിയത്. അരുണ്‍ പ്രകാശ് വിശാഖപട്ടണത്ത് മയക്കുമരുന്ന് കേസില്‍പ്പെട്ട് നാലര വര്‍ഷം ആന്ധ്ര ജയിലില്‍ കിടന്നിരുന്നു. ശിക്ഷ കഴിഞ്ഞ് ഇറങ്ങിയതിന് ശേഷം  വീണ്ടും  ഇയാളെ ബാലരാമപുരത്ത് നിന്ന്  10 കിലോയിലധികം കഞ്ചാവ് കടത്താന്‍ ശ്രമിച്ച കേസില്‍  അറസ്റ്റ് ചെയ്തിരുന്നു. 60 ദിവസം ജയിലില്‍ കിടന്ന ഇയാള്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ ശേഷമാണ് ഇപ്പോള്‍ വീണ്ടും കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്.

ഓപ്പറേഷന്‍ ഡീ-ഹണ്ടിന്റെ ഭാഗമായി നടത്തി വരുന്ന കര്‍ശന പരിശോധനയിലാണ് റൂറല്‍ ജില്ലാ പൊലീസ് മേധാവി സുദര്‍ശന്‍ ഐപിഎസിന്റെ നിയന്ത്രണത്തിലുള്ള ഡാന്‍സാഫ് സംഘം പ്രതിയെ പിടികൂടിയത്. നര്‍ക്കോട്ടിക് സെല്‍ ഡി വൈ എസ് പി പ്രദീപിന്റെ നിര്‍ദ്ദേശാനുസരണം ഡാന്‍സാഫ് എസ്.ഐ മാരായ റസ്സല്‍ രാജ്, സാഹില്‍, ബിജുകുമാര്‍, പ്രേമന്‍, എഎസ്‌ഐ മാരായ ദിലീപ്, രാജീവ് എസ് സി പി ഓ മാരായ അരുണ്‍ അനൂപ്, വിനീഷ്, അനീഷ്, ദിനോര്‍, റിയാസ്, സി പി ഒ മാരായ അരുണ്‍, സുനില്‍രാജ് എന്നിവരടങ്ങിയ തിരുവനന്തപുരം റൂറല്‍ ഡാന്‍സാഫ് സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കല്ലമ്പലം പൊലീസിന് കൈമാറി.

Crime ganja case