മുത്തങ്ങയില്‍ വന്‍മയക്കുമരുന്ന് ശേഖരവുമായി യുവാവ് അറസ്റ്റില്‍

കാസര്‍ഗോഡ് അംഗടിമൊഗര്‍ സ്വദേശി ബക്കംവളപ്പ് വീട്ടില്‍ അബ്ദുല്‍ നഫ്സല്‍ (36) ആണ് പിടിയിലായത്. 308.30 ഗ്രാം എംഡിഎംഎയാണ് ഇയാളില്‍ നിന്ന് കണ്ടെടുത്തത്

author-image
Punnya
New Update
MDMA CASE

പിടിയിലായ പ്രതി അബ്ദുല്‍ നഫ്സല്‍

സുല്‍ത്താന്‍ബത്തേരി: വയനാട്ടില്‍ വീണ്ടും ലഹരി മരുന്ന് വേട്ട. മുത്തങ്ങയില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ വന്‍മയക്കുമരുന്ന് ശേഖരവുമായി യുവാവിനെ അറസ്റ്റ് ചെയ്തു. കാസര്‍ഗോഡ് അംഗടിമൊഗര്‍ സ്വദേശി ബക്കംവളപ്പ് വീട്ടില്‍ അബ്ദുല്‍ നഫ്സല്‍ (36) ആണ് പിടിയിലായത്. 308.30 ഗ്രാം എംഡിഎംഎയാണ് ഇയാളില്‍ നിന്ന് കണ്ടെടുത്തത്. മൈസൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കര്‍ണാടക ബസ്സിലെ യാത്രക്കാരനായിരുന്നു യുവാവ്. കാസര്‍ഗോഡ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ചില്ലറ വില്‍പ്പന നടത്തുന്നതിനായി വേണ്ടി ബംഗളൂരുവില്‍ നിന്ന് കടത്തുകയായിരുന്ന മയക്കുമരുന്നിന് വിപണിയില്‍ പതിനഞ്ച് ലക്ഷത്തോളം രൂപ വില വരുമെന്ന് പൊലീസ് അറിയിച്ചു. മുത്തങ്ങ തകരപ്പാടിയിലെ പൊലീസ് ചെക്പോസ്റ്റിന് സമീപമായിരുന്നു ബത്തേരി പൊലീസിന്റെയും ജില്ല ലഹരിവിരുദ്ധ സ്‌ക്വാഡിന്റെയും സംയുക്ത പരിശോധന. ബസ്സിനുള്ളില്‍ സംശയ സാഹചര്യത്തില്‍ കണ്ട യുവാവിനെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയായിരുന്നു. വിശദമായി പരിശോധിച്ചപ്പോഴാണ് നഫ്‌സലില്‍ നിന്നും എംഡിഎംഎ കണ്ടെത്തിയത്. എവിടെ നിന്നാണ് യുവാവിന് മയക്കുമരുന്ന് കിട്ടിയതെന്നും ആര്‍ക്ക് വേണ്ടിയാണ് മയക്കുമരുന്നെത്തിച്ചതെന്നതടക്കം അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു. ക്രിസതുമസ്-പുതുവത്സരത്തോടനുബന്ധിച്ച് ലഹരിക്കടത്ത്, വില്‍പ്പന, ഉപയോഗം എന്നിവ തടയുന്നതിനായി ജില്ല പൊലീസ് മേധാവി തപോഷ് ബസുമതാരിയുടെ നിര്‍ദ്ദേശപ്രകാരം ജില്ലയിലെ എല്ലാ സ്റ്റേഷന്‍ പരിധികളിലും ജില്ല അതിര്‍ത്തികളിലും പ്രത്യേക പരിശോധന നടക്കുന്നുണ്ട്.

 

youth MDMA arrested