/kalakaumudi/media/media_files/2025/03/02/fsVhGoPHRa1e30OWBnP9.jpg)
ചണ്ഡിഗഡ് : ഹരിയാനയില്‍ 23കാരിയായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകയെ കൊന്ന് മൃതദേഹം ട്രോളി ബാഗില്‍ ഉപേക്ഷിച്ച നിലയില്‍. ഹരിയാന സോനെപട്ടിലെ കഥുര ഗ്രാമത്തില്‍ നിന്നുള്ള ഹിമാനി നര്‍വാള്‍ ആണ് മരിച്ചത്. റോഹ്തക്-ഡല്‍ഹി ഹൈവേയിലെ സാംപ്ല ബസ് സ്റ്റാന്‍ഡിന് 200 മീറ്റര്‍ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. സംസ്ഥാനത്ത് മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് സംഭവം.
കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം. കഴുത്തില്‍ മുറിവുകളുണ്ടെന്നു പൊലീസ് അറിയിച്ചു. ഫൊറന്‍സിക് ടീം സ്ഥലത്തെത്തി പരിശോധന നടത്തും. മൃതദേഹം ഉപേക്ഷിച്ച സമയം മനസ്സിലാക്കാന്‍ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്നു സാംപ്ല എസ്എച്ച്ഒ ബിജേന്ദര്‍ സിങ് പറഞ്ഞു.
മരിച്ച ഹിമാനി നര്‍വാള്‍ റോഹ്തക് ജില്ലയിലെ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റാണ്. ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ഹിമാനി പങ്കെടുത്തിരുന്നു. ഭൂപീന്ദര്‍ ഹൂഡയുടെയും ദീപീന്ദര്‍ ഹൂഡയുടെയും തിരഞ്ഞെടുപ്പ് പ്രചാരണത്തിലും സജീവസാന്നിധ്യമായിരുന്നു ഹിമാനി.
ഹിമാനി നര്‍വാളിന്റെ മരണത്തില്‍ ഭൂപീന്ദര്‍ ഹൂഡ അനുശോചനം അറിയിച്ചു. ''ഒരു പെണ്‍കുട്ടിയെ ഈ രീതിയില്‍ കൊലപ്പെടുത്തുകയും അവളുടെ മൃതദേഹം സ്യൂട്ട്‌കേസില്‍ കണ്ടെത്തുകയും ചെയ്തത് അങ്ങേയറ്റം ദുഃഖകരവും ഞെട്ടിപ്പിക്കുന്നതുമാണ്. ഇത് സംസ്ഥാനത്തെ ക്രമസമാധാന നിലയുടെ തകര്‍ച്ചയാണ്'' ഹൂഡ എക്സില്‍ കുറിച്ചു.
അന്വേഷണം വേഗത്തിത്തിലാക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് റോഹ്തക് എംഎല്‍എ ഭരത് ഭൂഷണ്‍ ബത്ര ആവശ്യപ്പെട്ടു. പ്രതിക്ക് ഏറ്റവും കഠിനമായ ശിക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.