/kalakaumudi/media/media_files/2025/03/03/a8FvsyhAo94UjXbbYFJQ.jpg)
ചണ്ഡിഗഡ്: ഹരിയാനയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക ഹിമാനി നര്‍വാളിന്റെ മൃതദേഹം സ്യൂട്ട് കേസില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഹിമാനിയുടെ മൊബൈല്‍ ഫോണും ആഭരണങ്ങളും ഇയാളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
ബഹാദുര്‍ഗഡ് സ്വദേശിയും ഹിമാനി നര്‍വാളിന്റെ സുഹൃത്തുമായിരുന്ന യുവാവാണ് അറസ്റ്റിലായതെന്ന് പ്രാഥമിക വിവരം. ഇയാളുടെ മറ്റ് വിശദാംശങ്ങളോ എന്തിനാണ് കൊലപ്പെടുത്തിയതെന്നോ പൊലീസ് പുറത്തുവിട്ടിട്ടില്ല.
റോഹ്തക് ജില്ലയിലെ ബസ് സ്റ്റാന്‍ഡിന് സമീപമാണ് കഴിഞ്ഞ ദിവസം മൃതദേഹം കണ്ടെത്തിയത്. റോഹ്തക് - ദില്ലി ഹൈവേയിലെ സാംപ്ല ബസ് സ്റ്റാന്‍ഡിന് 200 മീറ്റര്‍ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. യൂത്ത് കോണ്‍ഗ്രസ് റോഹ്തക് ജില്ലാ വൈസ് പ്രസിഡന്റായിരുന്നു ഹിമാനി നര്‍വാള്‍. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് നിഗമനം.
ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ഹിമാനി പങ്കെടുത്തിരുന്നു. ഭൂപീന്ദര്‍ ഹൂഡയുടെയും ദീപീന്ദര്‍ ഹൂഡയുടെയും തെരഞ്ഞെടുപ്പ് പ്രചാരണത്തിലും സജീവ സാന്നിധ്യമായിരുന്നു ഹിമാനി. മകളുടെ കൊലപാതകിയെ പിടികൂടും വരെ മൃതദേഹം സംസ്‌കരിക്കില്ലെന്ന് അമ്മ സവിത ഇന്നലെ അറിയിച്ചു. ചുരുങ്ങിയ സമയത്തിനുള്ളിലെ ഹിമാനിയുടെ രാഷ്ട്രീയ വളര്‍ച്ചയില്‍ ചിലര്‍ക്ക് അസൂയയുണ്ടായിരുന്നുവെന്ന് അമ്മ പറഞ്ഞു. പാര്‍ട്ടിക്കുള്ളിലുള്ളവരോ പുറത്തുള്ളവരോ ആകാം ആകാം മകളെ കൊലപ്പെടുത്തിയതെന്നും അമ്മ പറഞ്ഞു.