/kalakaumudi/media/media_files/2025/08/09/muhammad-yasin-2025-08-09-12-53-45.jpg)
കോഴിക്കോട് : കോഴിക്കോട് ജില്ലയിലേക്ക് ബെംഗളൂരുവില്‍ നിന്ന് മയക്കുമരുന്ന് എത്തിച്ച് നല്‍കിയിരുന്ന ലഹരി സംഘത്തിലെ പ്രധാന കണ്ണിയെ പൊലീസ് പിടികൂടി. കോഴിക്കോട് എലത്തൂര്‍ വെങ്ങളം സ്വദേശി ഖുല്‍ഫി യാസിനെ(മുഹമ്മദ് യാസിന്‍)യാണ് എലത്തൂര്‍ പൊലീസ് മടിവാളയില്‍ നിന്നും കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് ജില്ലയില്‍ എംഡിഎംഎ, മെത്താഫിറ്റമിന്‍, ബ്രൗണ്‍ഷുഗര്‍ എന്നിവ എത്തിച്ചു നല്‍കിയിരുന്ന പ്രധാനിയാണ് പ്രതി.
കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്ത അത്തോളി സ്വദേശി മുഹമ്മദ് നുഫൈലിനെ ചോദ്യം ചെയ്തതാണ് ഇയാളിലേക്ക് അന്വേഷണം നീളുന്നതില്‍ നിര്‍ണായകമായത്. നുഫൈല്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എലത്തൂര്‍ ഇന്‍സ്പെക്ടര്‍ കെആര്‍ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മടിവാളയില്‍ എത്തിയത്. ബെംഗളൂരുവില്‍ മലയാളികള്‍ കൂടുതല്‍ താമസിക്കുന്ന പ്രദേശമാണിത്. ഏഴ് വര്‍ഷമായി ഇവിടെ കഴിയുന്ന ഇയാള്‍, ഇവിടം കേന്ദ്രീകരിച്ച് ലഹരി കച്ചവടം നടത്തിവരികയായിരുന്നു.
ബെംഗളൂരുവില്‍ എത്തുന്ന നഴ്സിംഗ് ഐടി വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടാണ് ഇയാള്‍ പ്രധാനമായും കച്ചവടം നടത്തിയത്. ജോലിക്കായി ബംഗ്ലൂരില്‍ എത്തുന്ന സ്ത്രീകളെ അടക്കം ലഹരി ഉല്‍പ്പന്നങ്ങളുടെ ചില്ലറ വില്‍പനക്കായി പ്രതി ഉപയോഗപ്പെടുത്തിയിരുന്നു. ബെംഗളൂരുവില്‍ മയക്കുമരുന്ന് മാഫിയ്ക്ക് പിന്നിലുള്ള നൈജീരിയന്‍ സംഘങ്ങളാണ് പ്രതിക്ക് ലഹരി വസ്തുക്കള്‍ മൊത്തമായി നല്‍കിയിരുന്നതെന്ന് പൊലീസ് കരുതുന്നു. കോഴിക്കോട് എത്തിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.