/kalakaumudi/media/media_files/2025/04/17/8hjrweym8out4mh6Qxqe.jpg)
ഏറെനാളത്തെ ആവശ്യത്തിനു ശേഷം മുതലപ്പൊഴിയില്‍ മത്സ്യബന്ധനതുറമുഖനിര്‍മ്മാണം ഞായറാഴ്ച ആരംഭിക്കുകയാണ്. മൂന്നുവര്‍ഷംകൊണ്ട് പണിപൂര്‍ത്തിയാക്കും എന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.അതിനു മുന്നോടിയായി അഴിമുഖത്ത് അടിഞ്ഞുകൂടിയ മണല്‍ നീക്കം ചെയ്യാനുള്ള നടപടികള്‍ ഇന്ന് ആരംഭിക്കുകയും ചെയ്യും. മുതലപ്പൊഴിയെ സംബന്ധിച്ചിടത്തോളം സംസ്ഥാനത്തെ. ഏറ്റവും അപകടം പിടിച്ച മത്സ്യബന്ധന മേഖലയായി കണക്കാക്കപ്പെടുന്ന ഭാഗമാണ്.
അശാസ്ത്രീയമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കാരണം പലപ്പോഴും അപകടത്തിന്റെ തോത് ഇവിടെ കൂടിയിട്ടുമുണ്ട് ശാസ്ത്രീയമായ തുറമുഖ നിര്‍മ്മാണം ആവശ്യപ്പെട്ടുകൊണ്ട് വര്‍ഷങ്ങളായി തൊഴിലാളികള്‍ സമരം ചെയ്തിട്ടുള്ള ഒരു ചരിത്രം മുതലപ്പൊഴിക്കുണ്ട്. അഴിമുഖ മുനമ്പില്‍ മണല്‍ അടിഞ്ഞതിനെ തുടര്‍ന്ന് നാലുദിവസമായി ബോട്ടുകള്‍ക്ക് പുറംകടലില്‍ പോകാന്‍ കഴിയുന്നില്ല. പുറംകടലിലേക്ക് എത്താന്‍ ട്രാക്ടര്‍ ഉപയോഗിച്ച് ബോട്ടുകള്‍ വലിച്ചുകയറ്റി തീരത്തേക്ക് എത്തിച്ചാണ്ഇവിടുത്തെ മത്സ്യത്തൊഴിലാളികള്‍ ഇപ്പോള്‍ മീന്‍ പിടിക്കാന്‍ പോകുന്നത്. മുതലപ്പൊഴി തുറമുഖ കേന്ദ്രത്തില്‍ കോണ്‍ഗ്രസ് സിപിഎം ബിജെപി നേതൃത്വത്തിലുള്ള സംഘടനകള്‍ ഇതുമായി ബന്ധപ്പെട്ട് സമരം തുടരുകയും ആണ്.
എന്തായാലും ഒടുവില്‍ വകുപ്പ് മന്ത്രി ഇടപെട്ട് ഇന്ന് മുതല്‍ കണ്ണൂരില്‍നിന്ന് ഡ്രഡ്ജ് എത്തിച്ച് മണല്‍ നീക്കം ചെയ്യാനുള്ള ജോലികള്‍ ആരംഭിക്കുകയാണ്. സാധാരണഗതിയില്‍ 10 മണിക്കൂര്‍ ഡ്രൈവിംഗ് നടത്തുന്നത് ഇനി 20 മണിക്കൂര്‍ നീട്ടാനാണ് ശ്രമം. എന്തായാലും ദീര്‍ഘനാളായി മുതലപ്പൊഴിയിലെ മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്ന ഒരു കാര്യം നടപ്പാക്കാനുള്ള ആര്‍ജ്ജവം സര്‍ക്കാര്‍ കാണിച്ചിരിക്കുന്നു. ഏറ്റവും പ്രധാന പ്രശ്‌നം ഇവിടെ മത്സ്യബന്ധന മേഖലയില്‍ സംഭവിക്കുന്ന അപകടങ്ങള്‍ പ്രത്യേകിച്ച് ജീവഹാനികള്‍ ഇനി ഉണ്ടാകില്ല എന്ന ഉറപ്പാണ് തൊഴിലാളികള്‍ക്ക് ഈ തുറമുഖ നിര്‍മ്മാണത്തിലൂടെ ലഭിക്കേണ്ടത്.
കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ മാത്രമായി 48 ഓളം മരണങ്ങള്‍ സംഭവിച്ച മേഖലയാണിത്. ബോട്ടുകള്‍ പാറകളില്‍ ഇടിച്ചും മണല്‍ത്തിട്ടകളില്‍ അപ്രതീക്ഷിതമായി ഇടിച്ചുകയറിയും ഉണ്ടാകുന്ന അപകടങ്ങളില്‍ തൊഴിലാളികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട സംഭവങ്ങള്‍ നിരവധിയാണ്. അതിന് ഒരു അറുതിയുണ്ടായാല്‍ തന്നെ അത് വളരെയധികം ആശ്വാസം നല്‍കും. ഏതായാലും ആയിരത്തോളം കുടുംബങ്ങള്‍ മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുന്ന ഈ മേഖലയില്‍ നടക്കുന്ന തുറമുഖ നിര്‍മ്മാണ പ്രവര്‍ത്തനം വലിയ പ്രതീക്ഷക്ക് തന്നെയാണ് വക നല്‍കുന്നത്.
ജീവ ഭയം കൂടാതെ കടലില്‍ പോയി തൊഴില്‍ ചെയ്ത് മടങ്ങി വരാനുള്ള ഒരു സംവിധാനം ഉണ്ടാകുന്നത് വളരെ ആശ്വാസകരമായ കാര്യം തന്നെയാണ്. സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും അപകടകരമായ ഒരു തൊഴില്‍ മേഖലയാണ് കടലില്‍ പോയി ജോലി ചെയ്യുക എന്നത്. തീരെ നിര്‍ധനരായ വലിയൊരു വിഭാഗം തൊഴിലാളികളാണ് ഈ മേഖലയില്‍ പണിയെടുക്കുന്നത്. അവര്‍ക്ക് തൊഴില്‍ സുരക്ഷാ ഉറപ്പാക്കി കൊടുക്കാനുള്ള ബാധ്യത സര്‍ക്കാരിന് ഉണ്ട്. അവരുടെ ജീവനോപാധിയെ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ എല്ലാ ഭാഗത്തുനിന്നും ഉണ്ടാവുകയും വേണം.
ഏറ്റവും ശാസ്ത്രീയമായ രീതിയില്‍ ഇവിടെ തുറമുഖ നിര്‍മ്മാണം പൂര്‍ത്തിയാവും എന്ന കാര്യം ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ പ്രാഥമികമായ കടമയാണ്. നിലവില്‍ തന്നെ അന്യം നിന്നുപോകുന്ന ഒരു തൊഴിലായി മത്സ്യബന്ധന മേഖല മാറിയിട്ടുണ്ട്. ഈ മേഖല നിലനിര്‍ത്തിക്കൊണ്ടു പോകണമെങ്കില്‍ ജീവന് ആപത്ത് ഉണ്ടാകില്ല എന്ന ഉറപ്പ് കിട്ടി ഈ തൊഴില്‍ മേഖലയിലേക്ക് ഇറങ്ങാന്‍ തൊഴിലാളികള്‍ തയ്യാറാകേണ്ടതുണ്ട്. അതുകൊണ്ടുതന്നെ മുതലപ്പൊഴി ഹാര്‍ബര്‍ ശാസ്ത്രീയമായി നിര്‍മ്മാണം പൂര്‍ത്തിയാക്കണം.