/kalakaumudi/media/media_files/2025/07/10/edit-2025-07-10-17-51-18.jpg)
തുടര്‍ച്ചയായി പ്രകോപനങ്ങള്‍ സൃഷ്ടിച്ച് കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വത്തെ കൊണ്ട് തന്നെ പാര്‍ട്ടിയില്‍ നിന്ന് തള്ളി പുറത്താക്കാന്‍ ശ്രമിക്കുന്ന തരൂര്‍ വളരെ പരിഹാസ്യമായ ഒരു കാഴ്ചയായി മാറുകയാണ്. തനിക്കെതിരെ അച്ചടക്കം നടപടികള്‍ സ്വീകരിക്കാന്‍ ഹൈക്കമാന്‍ഡിനെ പരസ്യമായി വെല്ലുവിളിക്കുകയും ചെയ്യുന്നുഅദ്ദേഹം.
കോണ്‍ഗ്രസ് നേതൃത്വം ആകട്ടെ വളരെ ദയനീയമായ ഒരു അവസ്ഥയിലാണ് തരൂരിനെ നേരിടുന്നത് എന്നാണ് പലരും ധരിച്ച് വച്ചിരിക്കുന്നത്. ഇത്രയും ഒക്കെ പരസ്യപ്രകോപനങ്ങള്‍ ഉണ്ടാക്കുന്ന ഒരാളെ നോക്കി വെറുതെ ഇളിഭ്യചിരി ചിരിക്കാന്‍ അവര്‍ക്ക് ആകുന്നുള്ളൂ എന്ന വിമര്‍ശനമാണ് ഉയരുന്നതും. എന്നാല്‍ തരൂരിനെ പ്രതിരോധിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് എടുത്തിട്ടുള്ളത് വളരെ തന്ത്രപരമായ ഒരു സമീപനം തന്നെയാണ് എന്ന് പറയാതിരിക്കാന്‍ നിവൃത്തിയില്ല.ഇത് അറിയുന്ന തരൂര്‍ രോക്ഷാകുലനാവുകയും കൂടുതല്‍ ചൊറിഞ്ഞുകൊണ്ട് പാര്‍ട്ടിയെ കൂടുതല്‍ വെട്ടിലാക്കാന്‍ നോക്കുകയും ചെയ്യുന്നു.
മുഖ്യമന്ത്രി സ്ഥാനാര്‍ഥി യഥാര്‍ത്ഥത്തില്‍ താനാണെന്ന് തെളിയിക്കുന്ന എക്‌സ് ട്വീറ്റ് വഴി കഴിഞ്ഞ ദിവസം തരൂര്‍ ഒരു പുതിയ വിവാദം തുറന്നുവിട്ടിരുന്നു. അത് പാര്‍ട്ടിയിലെ മുഖ്യമന്ത്രി സ്ഥാനമോഹികളെ വിറപ്പിക്കുമെന്നും വലിയ കലാപത്തിന് വഴി വയ്ക്കുമെന്നും തരൂര്‍ കരുതി. എന്നാല്‍ അത് ഏശിയില്ല.അതോടെ ഇന്നലെ ഇന്ദിരാഗാന്ധിയെയും സജ്ജയ് ഗാന്ധിയെയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് തരൂര്‍ ഒരു ലേഖനം വഴി രംഗത്തെത്തി. അടിയന്തരാവസ്ഥ എന്ന ഭീകരാവസ്ഥയില്‍ നിന്ന് ഇന്നത്തെ ജനാധിപത്യ പ്രക്രിയയിലേക്ക് രാജ്യം തിരികെ വന്നതിന്റെ വിശേഷങ്ങള്‍ ആണ് തരൂര്‍ ലേഖനത്തില്‍ പങ്കുവക്കുന്നതെങ്കിലും ലക്ഷ്യമിടുന്നത് കോണ്‍ഗ്രസിന്റെ ഐക്കണ്‍ ബിംബങ്ങളായ ഗാന്ധി കുടുംബത്തിന് നേരെയുള്ള അറ്റാക്ക് തന്നെയാണ്.
തുടര്‍ച്ചയായ ഈ പ്രവര്‍ത്തികളിലൂടെ തരൂര്‍ പരസ്യമായി തന്നെ പാര്‍ട്ടി നേതൃത്വത്തെ വെല്ലുവിളിക്കുകയാണ്. താനായി സ്വയം പുറത്തു പോകില്ല എന്നാല്‍ തന്നെ പുറത്താക്കി കോണ്‍ഗ്രസ് തനിക്ക് ബിജെപിയിലേക്കുള്ള വഴിയൊരുക്കണം എന്നതാണ് തരൂരിന്റെ ലളിതമായ ആവശ്യം. അതിനു തയ്യാറാകാതെ കോണ്‍ഗ്രസ് മുഖം തിരിച്ചു നില്‍ക്കുമ്പോള്‍ മറ്റൊരര്‍ത്ഥത്തില്‍ തരൂര്‍ വിഡ്ഢിയായി മാറുന്നുണ്ട് ഇവിടെ.
എത്ര കേറി മാന്തിയിട്ടും പ്രതികരിക്കാതിരിക്കുന്ന നേതൃത്വം തരൂരിനെ അവഗണിക്കുന്നതിലൂടെ ഇദ്ദേഹം അത്ര അടിയന്തര പ്രാധാന്യമര്‍ഹിക്കുന്ന ഒരു വ്യക്തിയല്ല എന്ന സന്ദേശവും നല്‍കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസിന്റെ ഈ നിസ്സംഗഭാവമാണ് തരൂരിനെ വല്ലാതെ ക്ഷോഭിപ്പിക്കുന്നത്. മുഖ്യമന്ത്രി അവകാശവാദത്തിന് വലിയ പ്രതികരണമൊന്നും പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് വരാത്തത് കണ്ടപ്പോള്‍ ഒരുപക്ഷേ തരൂര്‍ നിരാശനായിട്ടുണ്ടാകാം. സാധാരണഗതിയില്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ എതിര്‍വാദങ്ങള്‍ ഉയര്‍ന്ന് അന്തരീക്ഷം കലുഷിതമാകും എന്ന് തന്നെയാണ് തരൂര്‍ എന്ന ചാണക്യന്‍ പ്രതീക്ഷിച്ചത് എന്നാല്‍ അതൊന്നും ഉണ്ടായില്ല എന്ന് മാത്രമല്ല മിടുക്കനായ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് യുഡിഎഫ് ശക്തമായി അധികാരത്തിലേക്ക് തിരിച്ചെത്തുമെന്ന സന്ദേശമാണ് തരൂര്‍ ഇതിലൂടെ നല്‍കുന്നത് എന്ന രീതിയില്‍ വ്യാഖ്യാനിക്കുകയും ചെയ്തു. അവിടെയാണ് യഥാര്‍ത്ഥത്തില്‍ തരൂരിന് അപ്രതീക്ഷിതമായ ഒരു തിരിച്ചടി ലഭിച്ചത്.
അതിന്റെ ചൊരുക്ക് കൂടി കണക്കിലെടുത്ത് ആവാം കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ തന്നെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് തരൂര്‍ ലേഖനനാടകവുമായി രംഗത്തുവന്നത്. യഥാര്‍ത്ഥത്തില്‍ തരൂരിന്റെ രാഷ്ട്രീയം തികഞ്ഞ മാന്യമായ ഒന്നാണെങ്കില്‍,തനിക്ക് മോഡി സര്‍ക്കാരിന്റെ ആശയങ്ങളോട് വലിയ യോജിപ്പാണെന്നും രാജ്യ പുരോഗതിക്ക് അത് വലിയ സംഭാവനകള്‍ കാഴ്ചവയ്ക്കുന്നുവെന്നും പരസ്യമായി തുറന്നു പറഞ്ഞു തന്നെ ആ ചേരിയിലേക്ക് നിഷ്പ്രയാസം പോകാവുന്നതാണ്.
തരൂര്‍ അത്തരമൊരു തീരുമാനമെടുത്താല്‍ അതിനെ എതിര്‍ക്കാന്‍ ആര്‍ക്കും അവകാശവുമില്ല. ഒരുപക്ഷേ അത് മാന്യമായ ഒരു നിലപാടായി പരിഗണിക്കപ്പെടുക പോലും ചെയ്യും.അതിനുപകരം സ്വന്തം പാളയത്തില്‍ നിന്ന് കൊണ്ട് തന്നെ പ്രതിലോമ പ്രവര്‍ത്തനങ്ങള്‍ കാട്ടി അസ്വസ്ഥതകള്‍ സൃഷ്ടിക്കുക വഴി വളരെ മോശം ഒരു മാതൃകയാണ് തരൂര്‍ മുന്നോട്ടുവയ്ക്കുന്നത്. സ്വയം പുറത്തുപോകാതെ തന്നെ തള്ളി പുറത്താക്കട്ടെ അപ്പോള്‍ ഒരു അഗതിയുടെ വേഷം അണിഞ്ഞ് എതിര്‍ച്ചേരിയിലേക്ക് പോകാം എന്ന തിരൂരിന്റെ തന്ത്രം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വളരെക്കാലം മുമ്പ് തന്നെ പലരും എടുത്ത പ്രയോഗിച്ചിട്ടുള്ളതാണ്.
പലപ്പോഴും ഇത്തരത്തില്‍ പുറത്തു പോകുന്നവര്‍ എതിര്‍വശത്ത് പോയി വിജയിച്ച ചരിത്രം വളരെ കുറവാണ് താനും. എന്തായാലും തരൂരിന്റെ നീക്കങ്ങള്‍ വളരെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ് ബിജെപി നേതൃത്വം. ഒരുപക്ഷേ തരൂരിന് അവിടെ മാന്യമായ ഒരു കസേര ലഭിച്ചേക്കാം എന്ന കാര്യവും നിലവിലുള്ള രാഷ്ട്രീയ സ്ഥിതിഗതികള്‍ വച്ച് നോക്കുമ്പോള്‍ ഉറപ്പാണ്. അങ്ങനെയൊക്കെ ഒരു അനുകൂല സ്ഥിതിവിശേഷം നിലനില്‍ക്കുമ്പോള്‍ എന്തിനാണ് വെറുതെ സ്വന്തം പാളയത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കി പുറത്ത് ചാടാന്‍ ശ്രമിക്കുന്നത്.
എന്തായാലും ഇപ്പോള്‍ തരൂര്‍ സ്വന്തം പാര്‍ട്ടിയോട് കാണിക്കുന്ന ഈ ധാര്‍ഷ്ട്യം-തീര്‍ച്ചയായും മികച്ച ധാര്‍മിക രാഷ്ട്രീയ കീഴ്‌വഴക്കമാണ് എന്ന് പറയാനാവില്ല. അത് പുറത്തേക്ക് പോകാനുള്ള മാന്യമായ ഒരു വഴിയും അല്ല. ഇത്തരത്തില്‍ പുറത്തേക്ക് ചെന്ന് എതിര്‍ച്ചേരിയില്‍ ചേര്‍ന്നാലും ഈ സ്വഭാവ സവിശേഷത അവിടെ പോലും ബാഡ് മാര്‍ക്കായി പരിഗണിക്കപ്പട്ടും എന്നും തരൂര്‍ അറിയണം.