/kalakaumudi/media/media_files/2025/04/16/f8hKBumIxzmvuWkrstZe.jpg)
സംസ്ഥാനത്ത് വന്യജീവി ആക്രമണത്തില്‍ ഏറ്റവുമധികം മരണങ്ങള്‍ നടക്കുന്നത് കാട്ടാന ആക്രമണങ്ങളിലാണ്. ഈ വര്‍ഷം ഇതുവരെ 15 പേരാണ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആക്രമണങ്ങളില്‍ അധികവും മരിക്കുന്നത് ആദിവാസികളാണ്. ആദിവാസി സമൂഹത്തെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ കാലന്റെ രൂപത്തില്‍ എത്തുകയാണ് കാട്ടാന.രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഊരുകളില്‍ ഭീതിയും അസ്വസ്ഥതയും വിതച്ചുകൊണ്ട് തൊട്ടടുത്ത മരണം നിഴലായി നില്‍ക്കുന്ന അവസ്ഥയാണ്.
കേരളത്തില്‍ ആനയുടെ ആക്രമണത്തില്‍ ശരാശരി 25 ആളുകള്‍ ഒരു വര്‍ഷം മരിക്കുന്നുണ്ട് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത് പരിക്കേല്‍ക്കുന്നവരുടെ എണ്ണം മരണപ്പെട്ടവരെക്കാള്‍ കൂടുതലാണ്. 2016 സംസ്ഥാനത്ത് കാട്ടാനയാക്രമണത്തില്‍ പരിക്കേറ്റവര്‍ 16 ആയിരുന്നു മരണം പതിനെട്ടും. 2024 - 32 പേര്‍ പരിക്കേറ്റപ്പോള്‍ 19 പേര്‍ കൊല്ലപ്പെട്ടു.
ഏറ്റവും അധികം ജീവനുകളില്‍ നഷ്ടമായത് ഇടുക്കി ജില്ലയിലാണ്. വനം-വന്യജീവി ആക്രമണം തടയാന്‍ അഞ്ചുവര്‍ഷത്തേക്കുള്ള പദ്ധതി തയ്യാറാക്കി കേരളം കേന്ദ്രത്തിന് സമര്‍പ്പിച്ചു. എന്നാല്‍ ആ പദ്ധതിക്കായി പ്രത്യേക ധനസഹായം അനുവദിക്കാന്‍ കഴിയില്ല എന്നാണ് കേന്ദ്രം മറുപടി നല്‍കിയത്. നിലവില്‍ പ്രൊജക്ട് എലഫന്റ് ഉള്‍പ്പെടെ രണ്ടു പദ്ധതികളിലാണ് കേന്ദ്രസര്‍ക്കാര്‍ പണം അനുവദിക്കുന്നത്. അവ മനുഷ്യ-വന്യജീവി സംഘര്‍ഷം തടയാന്‍ മാത്രമായി വിനിയോഗിക്കാന്‍ സംസ്ഥാനത്തിന് അനുവാദമില്ല. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ മനുഷ്യ-വന്യജീവി സംഘര്‍ഷം തടയാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് അനുവദിച്ചത് അഞ്ചുകോടി 85 ലക്ഷം രൂപ മാത്രമാണ്.
സൗരോര്‍ജ വേലി കെട്ടാനും കിടങ്ങുകള്‍ സ്ഥാപിക്കാനുമൊക്കെ 100 കോടിയിലേറെ രൂപയാണ് സംസ്ഥാനത്ത് വേണ്ടത്. കിഫ്ബി വഴി ഈ പദ്ധതി ആരംഭിച്ചെങ്കിലും മുന്നോട്ട് നീങ്ങിയില്ല. കിഫ്ബി വായ്പ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയില്‍ ഉള്‍പ്പെടുത്തിയതോടെയാണ് അതുവഴിയുള്ള ചെലവഴിക്കല്‍ നിര്‍ത്തിയത്.
കഴിഞ്ഞ അതിരപ്പിള്ളി വാഴച്ചാല്‍ സ്വദേശികളായ ആദിവാസി വിഭാഗത്തില്‍പ്പെട്ട അംബിക, സതീഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. അതിരപ്പിള്ളിയില്‍ രണ്ട് ദിവസത്തിനിടെ മൂന്ന് പേരാണ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മൂന്ന് പേരും ആദിവാസികളാണ്. കാട്ടില്‍ തേന്‍ ശേഖരിച്ച് തിരിച്ച് വരുന്നതിനിടെയാണ് ഇവരെ കാട്ടാന ആക്രമിച്ചത്. വയനാട്ടില്‍ ഇതുവരെ മൂന്ന് പേരാണ് കാട്ടാനക്കലിയില്‍ മരിച്ചത്. ജനുവരി എട്ടിനായിരുന്നു വയനാട് പുല്‍പ്പള്ളിയില്‍ വെച്ച് കര്‍ണാടക സ്വദേശിയായ വിഷ്ണു കൊല്ലപ്പെട്ടത്. പുല്‍പ്പള്ളി കൊല്ലിവയല്‍ കോളനിയില്‍ എത്തിയ വിഷ്ണുവിനെ പാതിരി റിസര്‍വ് വനത്തില്‍ കൊല്ലിവയല്‍ ഭാഗത്തുവച്ചാണ് കാട്ടാന ആക്രമിച്ചത്.
ഫെബ്രുവരി 10 ന് വയനാട് നൂല്‍പ്പുഴയില്‍ രാത്രിയില്‍ കടയില്‍ പോയി സാധനങ്ങള്‍ വാങ്ങി മടങ്ങിവരുമ്പോഴാണ് കാപ്പാട് ഉതിയിലെ മാനു കാട്ടാനയാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഫെബ്രുവരി 12 ന് മേപ്പാടിക്കടുത്ത് അട്ടമലയില്‍ ബാലകൃഷ്ണന്‍ എന്ന 27 കാരനും മരണപ്പെട്ടു. സാധാരണ പോകുന്ന വഴിയില്‍ നിന്ന് മാറി മറ്റൊരു വഴിയേ പോയപ്പോഴാണ് ബാലകൃഷ്ണന് നേരെ കാട്ടാന ആക്രമണം ഉണ്ടായത്. ഇടുക്കിയില്‍ രണ്ടുപേരാണ് ഇതുവരെ കാട്ടാന ആക്രമണത്തില്‍ മരണപ്പെട്ടത്. ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ വനം വകുപ്പിന്റെ പാമ്പാര്‍ ലോഗ് ഹൗസിലേക്കുള്ള വഴി വെട്ടിത്തെളിക്കുന്നതിനിടെയായിരുന്നു ചെമ്പക്കാട് സ്വദേശി ബിമല്‍ കാട്ടാന ആക്രമണത്തില്‍ മരിച്ചത്.
വയനാട് സ്വദേശി മാനു കൊല്ലപ്പെട്ട അതേദിവസം തന്നെയായിരുന്നു ഇടുക്കി പെരുവന്താനത്ത് സോഫിയയും കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വീടിന് സമീപമുള്ള അരുവിയില്‍ കുളിക്കാന്‍ പോയപ്പോഴാണ് ആനയുടെ ആക്രമണം ഉണ്ടായത്.മലപ്പുറത്തും രണ്ടുപേരാണ് ഇതുവരെ മരിച്ചത്. നിലമ്പൂര്‍ സ്വദേശികളായ സരോജിനിയും മണിയും ആണ് മരിച്ചത്. ഇരുവരും ആദിവാസി വിഭാഗത്തില്‍ പെട്ടവരാണ്. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോകുന്നതിനിടെയായിരുന്നു സരോജിനിക്ക് നേരെ കാട്ടാന ആക്രമണം ഉണ്ടായത്. ചോലനായ്ക്കര്‍ വിഭാഗത്തില്‍ പെട്ട വ്യക്തിയായിരുന്നു മണി. മകളെ ഹോസ്റ്റലില്‍ ആക്കി വന്ന വഴിയാണ് ആനയുടെ ആക്രമണം ഉണ്ടായത്.
കണ്ണൂര്‍ ആറളത്ത് ഫെബ്രുവരി 23 ന് കാട്ടാന ആക്രമണത്തില്‍ ആദിവാസി ദമ്പതികളായ വെള്ളി, ഭാര്യ ലീല എന്നിവര്‍ കൊല്ലപ്പെട്ടിരുന്നു. ഇരുവരും കശുവണ്ടി ശേഖരിക്കാന്‍ പോയപ്പോഴാണ് കാട്ടാന ചവിട്ടിക്കൊന്നത്. ഇതിന് പിന്നാലെ മാര്‍ച്ച് ഒന്നിന് ആറളം ഫാമില്‍ വീണ്ടും ദമ്പതികള്‍ക്ക് നേരെ കാട്ടാന ആക്രമണം നടന്നിരുന്നു. ഇരുചക്ര വാഹനത്തില്‍ പണിക്ക് പോകുന്നതിനിടെയായിരുന്നു ആനയുടെ ആക്രമണം. എന്നാല്‍ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു.
ഇത്തരത്തില്‍ കാട്ടാനആക്രമണങ്ങളില്‍ അധികവും മരിക്കുന്നത് ആദിവാസികളാണ് എന്ന ദൗര്‍ഭാഗ്യകരമായ അവസ്ഥ നിലനില്‍ക്കുമ്പോഴും സര്‍ക്കാരുകള്‍ ഇതിനുനേരെ ഒരു നടപടിയും സ്വീകരിച്ചു കാണുന്നില്ല എന്നത് അതിലേറെ കഷ്ടമായി തുടരുന്നു.