ചിത്രകലയ്ക്ക് വേണ്ടി സ്വന്തം ജീവിതം ബലികൊടുത്ത കലാകാരന്‍

ദന്തഗോപുരത്തിലിരിക്കുന്നവന്റെ ജീവിതം ജീവിതമല്ലെന്നും സാധാരണക്കാരന്റെ ജീവിതമാണ് ജീവിതമെന്നും ആ ജീവിതംതന്നെയാണ് ഉദാത്തമായ കലയെന്നും വാന്‍ഗോഗ് തന്റെ ജീവിതം കൊണ്ടും ചിത്രംകൊണ്ടും ലോകത്തോട് പറയുന്നു

author-image
Biju
New Update
adr

'ജീവിതമെന്നാല്‍ വിത്തുവിതയ്ക്കുന്ന സമയമാണ്. വിളവെടുപ്പ് ഇവിടെയല്ല.' എന്നെഴുതിയ ദീര്‍ഘദര്‍ശിയാണ് വിന്‍സെന്റ് വാന്‍ഗോഗ്. ഈ വാചകങ്ങള്‍ വാന്‍ഗോഗിന്റെ ജീവിതത്തില്‍ അറംപറ്റി. 37-ാമത്തെ വയസ്സില്‍ ജീവനൊടുക്കിയ വാന്‍ഗോഗിന് ജീവിതവും ചിത്രരചനയും റോസാപ്പൂമെത്തയായിരുന്നില്ല. ഗ്രാമീണദൃശ്യസൗന്ദര്യത്തിന്റെ ആരാധകനായിരുന്ന വാന്‍ഗോഗ് തന്റെ വരകളിലൂടെ കൃഷിക്കാരന്റെയും ഖനിത്തൊഴിലാളിയുടെയും നെയ്ത്തുകാരന്റെയും യാതനാപൂര്‍ണ്ണമായ ജീവിതത്തിന് നിറംപകരുകയായിരുന്നു. 

ഉരുളക്കിഴങ്ങ്തീനികളും സൂര്യകാന്തിയും ഓര്‍ക്കിഡിന്‍ ബ്ലോസവും ദി സ്റ്റോറി നൈറ്റും ദി ചെയര്‍ ആന്‍ഡ് പൈപ്പും ഒക്കെ അദ്ദേഹത്തിന്റെ ജീവിതകാലത്തിന് ശേഷം ലോകചിത്രകലയെ കീഴടക്കിയ ചിത്രങ്ങളായിരുന്നു. ക്യാന്‍വാസും വര്‍ണ്ണങ്ങളും വാങ്ങുന്നതിനും മോഡലിനെ വച്ച് ചിത്രം വരയ്ക്കുന്നതിനും മതിയായ പൈസയില്ലായിരുന്നു വാന്‍ഗോഗിന്. ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടിന്റെയും തിരസ്‌കാരത്തിന്റെയും തീവ്രവേദനകള്‍ വാന്‍ഗോഗിനോളം ലോകത്ത് വേറെ കലാകാരന്‍മാര്‍ അനുഭവിച്ചിരിക്കാന്‍ ഇടയില്ല. തന്റെ കണ്ണ് മാത്രമേ കാഴ്ചയ്ക്കുപയോഗിക്കാവൂ എന്നദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. ദര്‍ശനത്തിന് മൗലികത നഷ്ടപ്പെടാതിരിക്കണമെങ്കില്‍ തനിക്ക് തന്റെ കണ്ണുകളെ മാത്രമേ വിശ്വസിക്കാന്‍ കഴിയൂ എന്നദ്ദേഹത്തിന് അറിയാമായിരുന്നു.


ദാരിദ്ര്യവുമായി ഇടപഴകുകയും സാധാരണക്കാരന്‍ എങ്ങനെ ജീവിക്കുന്നുവെന്ന് അവനോടൊപ്പം ജീവിച്ചുകൊണ്ട് മനസ്സിലാക്കുകയും ചെയ്ത കലാകാരനാണ് വാന്‍ഗോഗ്. ചിത്രകലയ്ക്ക് വേണ്ടി സ്വന്തം ജീവിതം ബലികൊടുത്ത കലാകാരന്‍. സ്വന്തം സുഖത്തിനുവേണ്ടി ലോകത്തില്‍ ജീവിക്കാന്‍ പാടില്ലെന്നും സ്വന്തം അയല്‍ക്കാരനെക്കാള്‍ നല്ല രീതിയില്‍ ജീവിക്കുന്നത് തന്നെ തെറ്റാണെന്നും അദ്ദേഹം കരുതി. 

ഉറച്ച ക്രിസ്തുമതവിശ്വാസിയായിരുന്നെങ്കിലും പലപ്പോഴും പള്ളിയെയും പള്ളിമതത്തെയും ധിക്കരിക്കേണ്ടി വന്നിട്ടുണ്ട് വാന്‍ഗോഗിന്. വാന്‍ഗോഗിനെ സംബന്ധിച്ചിടത്തോളം മനസാക്ഷിയെ അനുസരിക്കുന്ന ഒരാള്‍ക്ക് ഏറ്റവും ഉയര്‍ന്ന യുക്തി മനഃസാക്ഷിയാണ്. യുക്തിക്കപ്പുറത്തെ യുക്തി അന്തസാരശൂന്യനായ മനുഷ്യന്റെ ചിരി കേള്‍ക്കുമ്പോള്‍ താന്‍ ചെയ്തത് തെറ്റോ വിഡ്ഡിത്തമോ ആയിരുന്നെന്ന് തോന്നിപ്പോകും. 

കാരണം അന്തസാരശൂന്യന്‍മാരാണ് വലിയ വിജയികളായിട്ടുള്ളത്. പലപ്പോഴും മനസാക്ഷിയെ ഇത്രയേറെ അനുസരിക്കേണ്ടിയിരുന്നോ എന്ന് വാന്‍ഗോഗ് സംശയം പ്രകടിപ്പിച്ചിട്ടുമുണ്ട്. സാധാരണക്കാരുടെ ഇടയില്‍ ജീവിക്കുകയും താന്‍ അവരില്‍ ഒരാളാണെന്ന് തോന്നുകയും ചെയ്താല്‍ മാത്രമേ മനുഷ്യന് മാനസികമായ സ്ഥൈര്യം കൈവരികയുള്ളു. ഒരുദാത്തമായ ആത്മാവിന്റെ ശബ്ദമായി മനസാക്ഷിയെ വളര്‍ത്തിയെടുത്താലേ ആത്മാവിനെ മനസാക്ഷിയുടെ പരിചാരകനാക്കാന്‍ കഴിയുകയുള്ളു.


ഒരു നല്ല കോട്ട് പോലും വാങ്ങുന്നതിനും നല്ലരീതിയില്‍ വസ്ത്രധാരണം നടത്തുന്നതിനും വാന്‍ഗോഗിന്റെ കൈയ്യില്‍ പണമില്ലായിരുന്നു. പക്ഷേ, വരയ്ക്കാനുള്ള ആവേശം മാത്രം ഉണ്ടായിരുന്നു. ആ ആവേശത്തെ കുറിച്ച് വാന്‍ഗോഗ് പറയുന്നത് അത് ഒരു വേട്ടക്കാരന്റെ പോലെയെന്നാണ്. എത്രയെത്ര പഠനരചനകളാണ് ഒറിജിനലിന് വേണ്ടി വീണ്ടും വീണ്ടും വരച്ചുകൊണ്ടിരുന്നത്. 

800ലധികം ചിത്രങ്ങളും ഏതാണ്ടത്രത്തോളം പഠന ചിത്രങ്ങളും വാന്‍ഗോഗ് വരച്ചിട്ടുണ്ട്. ഈ ലോകത്തിന്റെ ഇരുണ്ടമുഖത്ത് ചായങ്ങള്‍ കൊണ്ട് അദ്ദേഹം ചാലിച്ചുചേര്‍ത്തത് മനുഷ്യരുടെ പരുക്കനായ ജീവിതമായിരുന്നു.
പ്രകൃതിയുടെ കടുത്ത ആരാധകനായിരുന്ന വാന്‍ഗോഗ് തന്റെ ചിത്രകലയില്‍ ചാലിച്ചുചേര്‍ത്തത് ആ പ്രകൃതിദൃശ്യങ്ങളായിരുന്നു. 

പ്രകൃതിയും മനുഷ്യനുമായിരുന്നു വാന്‍ഗോഗിന്റെ എക്കാലത്തെയും ഇഷ്ടവിഷയങ്ങള്‍. ദാരിദ്ര്യം ആ ചായക്കൂട്ടുകളുടെ ഊടും പാവുമായിരുന്നു. സ്വന്തം ചെവിയും ഹൃദയം പറിച്ച് പ്രണയത്തിന് സമ്മാനിച്ച ആളാണ് വാന്‍ഗോഗ്. സ്വന്തം കാമുകി തിരസ്‌കരിച്ചിട്ടും അവള്‍ക്കുവേണ്ടി അവസാനം ശ്വാസം ആ ഹൃദയം മിടിച്ചുകൊണ്ടിരുന്നു. വിക്ടര്‍ ഹ്യൂഗോയുടെ പാവങ്ങള്‍ അടക്കമുള്ള നിരവധി ലോക ക്ലാസിക്കുള്‍ വായിച്ചുതീര്‍ത്ത വാന്‍ഗോഗ് തന്റെ ജീവിതവും ചിത്രകലയും മാനവികതയില്‍ പടുത്തുയര്‍ത്തിയവയായിരുന്നു. വാന്‍ഗോഗിന്റെ അഭിപ്രായത്തില്‍ പാവങ്ങള്‍ പോലുള്ള കൃതികള്‍ നല്ലതാണ്. 

ചില വികാരങ്ങളും ആശയങ്ങളും പ്രത്യേകിച്ച് മനുഷ്യസ്നേഹം പോലുള്ളവ മറന്നുപോകാതിരിക്കാന്‍ അത് ഉപകരിക്കും. മനുഷ്യസ്നേഹമാണ് ഏറ്റവും വലിയ മൂല്യമെന്നും തന്റെ ജീവിതം കൊണ്ടും തന്റെ ചിത്രങ്ങള്‍ കൊണ്ടും വാന്‍ഗോഗ് പ്രഖ്യാപിക്കുന്നു. സഹജീവികളോട് താദാത്മ്യം പ്രാപിക്കാനുള്ള തന്റെ അവകാശത്തെ തടസ്സപ്പെടുത്തുന്ന യാതൊന്നും വാന്‍ഗോഗ് തന്റെ ജീവിതത്തില്‍ ചെയ്തിട്ടില്ല. 

ജനങ്ങളുടെ ഹൃദയത്തിലാണ് തന്റെ പ്രവൃത്തി കുടികൊള്ളുന്നതെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു.
തന്റെ സഹോദരന്‍ തിയോയ്ക്ക് എഴുതിയ കത്തുകളിലൂടെ ഒരു കലാകാരന്‍ എങ്ങനെയാണ് തീക്ഷ്ണമായ ദാരിദ്ര്യത്തെയും ജീവിതാനുഭവങ്ങളെയും തരണം ചെയ്തതെന്ന് വിവരിക്കുന്നുണ്ട്. എന്ന് മാത്രമല്ല ആ കത്തുകളില്‍ തന്റെ ചിത്രകലയെകുറിച്ച് അദ്ദേഹം എഴുതുന്നത് ഇങ്ങനയാണ്. 

''ഞാന്‍ ഒന്നിലും വിജയിച്ചില്ലെന്ന് നീ പറയുമായിരിക്കും. ഞാന്‍ അത് കാര്യമാക്കുന്നില്ല. മൂഢനെപ്പോലെ തുറിച്ചുനോക്കുന്ന ക്യാന്‍വാസില്‍ ചായം പുരട്ടുക മാത്രമേ ചെയ്യേണ്ടതുള്ളൂ. ശൂന്യമായ ക്യാന്‍വാസിന്റെ തുറിച്ചുനോട്ടം ചിത്രകാരനോട് പറയുന്നതെന്താണെന്ന് നിനക്ക് മനസ്സിലാകില്ല. നിനക്ക് ഒന്നും തന്നെ അറിയില്ല. പല ചിത്രകാരന്‍മാരും ശൂന്യമായ ക്യാന്‍വാസിന്റെ തുറിച്ചുനോട്ടത്തെ ഭയക്കുന്നു. പക്ഷേ ധീരനും തീവ്രവികാരങ്ങള്‍ ഉള്ളവനുമായ ചിത്രകാരനെ യഥാര്‍ത്ഥത്തില്‍ ക്യാന്‍വാസ് ഭയപ്പെടുകയാണ് ചെയ്യുന്നത്.'' ഇവിടെ ക്യാന്‍വാസിനെ സധൈര്യം അഭിസംബോധന ചെയ്യുന്ന വാന്‍ഗോഗിനെ നമുക്ക് കാണാം. തന്റെ കലയും ജീവിതവും ഒന്നാണെന്ന് അദ്ദേഹം പ്രഖ്യാപിക്കുന്നു.

ചിത്രകലയിലെ സങ്കേതങ്ങളെ കുറിച്ചും നിയമങ്ങളെ കുറിച്ചും വാന്‍ഗോഗ് എഴുതുന്നത് ഇങ്ങനെയാണ്. ഇമ്പ്രഷനിസം എന്ന സാങ്കേതിക പദ്ധതിയെപ്പറ്റി എനിക്ക് വളരെയൊന്നും അറിയില്ല. മൗലീകതയുള്ളവരെയും ഏറ്റവും പ്രധാനപ്പെട്ട ചിത്രകാരന്‍മാരെയും എനിക്കറിയാം. വ്യക്തികളെക്കാളേറെ നിയമങ്ങള്‍, അല്ലെങ്കില്‍ തത്വങ്ങള്‍ അല്ലെങ്കില്‍ അടിസ്ഥാന സത്യങ്ങളാണ് ചിത്രകലയിലുള്ളത്. യഥാര്‍ത്ഥ സത്യം കണ്ടെത്തുമ്പോഴെല്ലാം ചിത്രകാരന്‍ ചായത്തിലേക്ക് തിരിയുന്നു. പേരില്ലാത്ത നിറങ്ങള്‍ കലര്‍ത്തുന്നത് എങ്ങനെയെന്ന് പഠിക്കേണ്ടത് വളരെ പ്രധാനമാണ്. 

ഈ പരാമര്‍ശം വളരെ പ്രസക്തമുള്ളതാണ്. പേരറിയാത്ത നിറങ്ങളിലൂടെ പേരറിയാത്ത പാര്‍ശ്വവത്കരിക്കപ്പെട്ട മനുഷ്യരുടെ, കൃഷിക്കാരുടെ, ഖനിത്തൊഴിലാളികളുടെ, നെയ്ത്തുകാരുടെയൊക്കെ ജീവിതമായിരുന്നു  അവരിലൊരാളായി താദാത്മ്യം പ്രാപിച്ചുകൊണ്ട് വാന്‍ഗോഗ് വരച്ചിട്ടത്. അതിന്നും വലിയ ജീവിതയാഥാര്‍ത്ഥ്യമായി വലിയ കലയായി ലോകത്തോട് സംവദിച്ചുകൊണ്ടിരിക്കുന്നു. ചിത്രകലയിലെ പല സമകാലിക സിദ്ധാന്തങ്ങളും തനിക്കറിയില്ലെന്ന് വാന്‍ഗോഗ് തുറന്നുപറയുന്നു. മാത്രമല്ല വളരെക്കാലം കലാലോകത്തിന് വെളിയിലായിരുന്നു താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നുണ്ട്. 

പ്രണയമുണ്ടായതില്‍ പിന്നെയാണ് തന്റെ ചിത്രങ്ങള്‍ കൂടുതല്‍ യാഥാര്‍ത്ഥ്യബോധമുള്ളതായി തീര്‍ന്നതെന്ന് അദ്ദേഹം പറയും. കെയുമായുള്ള വാന്‍ഗോഗിന്റെ പ്രണയം വളരെ തീവ്രമായിരുന്നു. ബുദ്ധിയല്ല, പലപ്പോഴും തന്നെ നയിക്കുന്നത് വൈകാരികതയാണെന്നും തലച്ചോറിനെക്കാളും ഹൃദയത്തെ അനുസരിക്കാനാണ് തനിക്കിഷ്ടമെന്നും അദ്ദേഹം തന്റെ ജീവിതം കൊണ്ട് കാണിച്ചുതന്നു. താന്‍ വരയ്ക്കാത്ത ഒറ്റ ദിവസം പോലുമില്ലെന്ന് തിയോയ്ക്കെഴുതിയ കത്തുകളില്‍ അദ്ദേഹം പ്രഖ്യാപിക്കുന്നുണ്ട്. എന്നിട്ടും തനിക്ക് പുരോഗതിയുണ്ടാക്കാനാവുന്നില്ല. 

ഓരോ ഡ്രോയിംഗും ചായം തേയ്ക്കുന്ന ഓരോ പഠനചിത്രവും മുന്നോട്ടുള്ള ഓരോ കാല്‍വയ്പ്പാണ്. പള്ളിഗോപുരം ലക്ഷ്യമാക്കി നാം നടന്നുപോകുന്നുവെന്ന് കരുതുക. അവിടെയെത്തി എന്ന് ആശ്വസിക്കുമ്പോള്‍ പള്ളിഗോപുരം ഇനിയും അകലെയാണ്. അതുവരെ കാണാത്ത മറ്റൊരു നിരത്ത്.. പക്ഷേ വളരെ സമയം അങ്ങനെ നടക്കുമ്പോള്‍ നമ്മള്‍ അവിടെയെത്തും. അതുപോലെയാണ് എന്റെയും അവസ്ഥ. ചിത്രകലയെ കുറിച്ചുള്ള ഏറ്റവും പ്രസക്തമായ ഒരുദാഹരണമാണ് വാന്‍ഗോഗ് ഇവിടെ ചൂണ്ടിക്കാണിച്ചത്. ചിത്രകലയുടെ വഴി കല്ലും മുള്ളും നിറഞ്ഞ കഠിനമായ പാതയാണ്. പക്ഷേ പാരീസിലോ അമേരിക്കയിലോ  ആനന്ദം തേടിപ്പോകുന്നത് വിഡ്ഡിത്തമാണെന്ന് വാന്‍ഗോഗ് കരുതുന്നു. 

കാരണം വാന്‍ഗോഗിന്റെ ചിത്രങ്ങളുടെ ആത്മാവ് ഗ്രാമങ്ങളിലായിരുന്നു. പാരീസ് പോലുള്ള നഗരങ്ങളിലെ ആഡംബരവും കൃത്രിമവുമായ ജീവിതം വാന്‍ഗോഗിനെ ഒട്ടും സ്വാധീനിക്കുകയുണ്ടായില്ല.
വാന്‍ഗോഗ് ഗ്രാമത്തെ കുറിച്ച് ഇങ്ങനെ എഴുതി: ഗ്രാമത്തില്‍ എന്റെ മനസ് സ്വസ്ഥമാണ്. ഖനിത്തൊഴിലാളികളുടെയും പുല്ല് പറിക്കുന്നവരുടെയും കര്‍ഷകരുടെയും കൂടെ തീയ്ക്കരികില്‍ ചിന്തയില്‍ മുഴുകി എത്രയോ സായാഹ്നങ്ങള്‍ ഞാന്‍ കഴിച്ചുകൂട്ടിയിട്ടുണ്ട്. അതൊന്നും വെറുതെയായില്ല. നിത്യവും കാര്‍ഷിക ജീവിതത്തിന് സാക്ഷിനില്‍ക്കുന്നത് കൊണ്ട് ഞാന്‍ അതില്‍ തന്നെ മുഴുകുപ്പോയി. മറ്റൊന്നിനെ കുറിച്ചും ചിന്തിക്കാന്‍ എനിക്ക് സമയമില്ല. 

കൂടുതല്‍ കൂടുതല്‍ ആഴത്തില്‍ ഗ്രാമഹൃദയത്തില്‍ ജീവിക്കുകയും ഗ്രാമീണ ജീവിതം ചിത്രീകരിക്കുകയുമല്ലാതെ എനിക്ക് യഥാര്‍ത്ഥത്തില്‍ മറ്റ് ആഗ്രഹങ്ങള്‍ ഒന്നുംതന്നെയില്ല. ചുരുക്കിപ്പറഞ്ഞാല്‍ കലപ്പയില്‍ നിന്ന് കയ്യെടുക്കാതെ വാന്‍ഗോഗ് തന്റെ ബ്രഷ് ചിത്രങ്ങളില്‍ ചലിപ്പിച്ചുകൊണ്ടിരിക്കുന്നു.

 ദന്തഗോപുരത്തിലിരിക്കുന്നവന്റെ ജീവിതം ജീവിതമല്ലെന്നും സാധാരണക്കാരന്റെ ജീവിതമാണ് ജീവിതമെന്നും ആ ജീവിതംതന്നെയാണ് ഉദാത്തമായ കലയെന്നും  വാന്‍ഗോഗ് തന്റെ ജീവിതം കൊണ്ടും ചിത്രംകൊണ്ടും ലോകത്തോട് പറയുന്നു.

history painting