ന്യൂഡൽഹി ∙ ഇംഗ്ലിഷ് മീഡിയത്തിലെ പല പാഠപുസ്തകങ്ങൾക്കും ഹിന്ദിയിൽ പേരു നൽകിയിരിക്കുകയാണ് എൻസിഇആർടി. കേന്ദ്ര സർക്കാരിന്റെ ത്രിഭാഷാ നയത്തിനെതിരെ തമിഴ്നാടും മറ്റും പ്രതിഷേധിക്കുന്നതിനിടെയാണു പുസ്തകങ്ങളുടെ പേരിൽ മാറ്റം വരുത്തിയത്. പുസ്തകം പ്രസിദ്ധീകരിക്കുന്ന ഭാഷയിൽത്തന്നെ പേരു നൽകുന്ന കീഴ്‌വഴക്കം എൻസിഇആർടി മാറ്റിയെന്ന് ആക്ഷേപമുയർന്നു.
6, 7 ക്ലാസുകളിലെ ഇംഗ്ലിഷ് ഭാഷാ പാഠപുസ്തകങ്ങളുടെ പേര് ഹണിസക്കിൾ, ഹണികോംബ് എന്നിങ്ങനെ ആയിരുന്നെങ്കിൽ ഇക്കുറി ഇരുക്ലാസുകളിലെയും ഇംഗ്ലിഷ് പുസ്തകത്തിന്റെ പേര് ‘പൂർവി’ എന്നാക്കി.1, 2 ക്ലാസുകളിലെ പുതിയ ഇംഗ്ലിഷ് പുസ്തകത്തിന്റെ പേര് ‘മൃദംഗ്’ എന്നാണ്; 3, 4 ക്ലാസുകളിൽ ‘സന്തുർ’. മാത്‌സ്, സയൻസ്, സോഷ്യൽ സയൻസ് തുടങ്ങിയവയുടെ പുസ്തകങ്ങൾക്കും ഹിന്ദിയിലാണു പേര്.
ആറാം ക്ലാസിലെ കണക്ക് പാഠപുസ്തകത്തിന്റെ ഇംഗ്ലിഷ് പതിപ്പിന് ‘മാത്തമാറ്റിക്സ്’ എന്നും ഹിന്ദി, ഉറുദു പതിപ്പുകൾക്കു ‘ഗണിത്’, ‘റിയാസി’ എന്നുമാണു മുൻപു പേരു നൽകിയിരുന്നത്. എന്നാൽ, ഇത്തവണ ഹിന്ദി, ഇംഗ്ലിഷ് പതിപ്പുകൾക്കു ‘ഗണിത പ്രകാശ്’ എന്നാണു പേര്.മറ്റു പേരുകൾ: മാത്‌സ് മേള (മൂന്നാം ക്ലാസ് മാത്‌സ്), കൃതി 1 (ആറാം ക്ലാസ് ആർട്സ്), ഖേൽ യോഗ (മൂന്നാം ക്ലാസ് ഫിസിക്കൽ എജ്യുക്കേഷൻ), ഖേൽ യാത്ര (ആറാം ക്ലാസ് ഫിസിക്കൽ എജ്യുക്കേഷൻ), കൗശൽ ബോധ് (ആറാം ക്ലാസ് വൊക്കേഷനൽ എജ്യുക്കേഷൻ). എന്നിങ്ങനെയാണ് പേര് നൽകിയിരിക്കുന്നത്. അടുത്ത അധ്യയന വർഷം മുതൽ പുസ്തകങ്ങൾ പ്രാബല്യത്തിൽ വരും. അതേ സമയം തമിഴ്നാട്ടിൽ പുസ്തകങ്ങൾ ബഹിഷ്കരിക്കാൻ സാധ്യതയുണ്ട്.