/kalakaumudi/media/media_files/2025/02/12/WZys5kX6vdVEMuzKtuiG.jpg)
Rep. Img.
It is not the strongest of the species that survives, nor the most intelligent that survives. It is the one that is most adaptable to change. മാറ്റങ്ങള്‍ക്ക് വിധേയമാകുന്നത് മാത്രമേ അതിജീവിക്കൂ എന്ന് ലോകത്തെ പറഞ്ഞു പഠിപ്പിച്ച ഡാര്‍വിന്‍. സിദ്ധാന്തങ്ങളുടെ തലച്ചുമടില്ലാതെ survaival of the fitest എന്ന് ചുരുക്കത്തിലും തഴക്കത്തിലും ലോകം പറഞ്ഞു പഠിച്ച സത്യത്തിന്റെ കര്‍ത്താവായ ശാസ്ത്രജ്ഞന്‍ ചാള്‍സ് ഡാര്‍വിന്റെ ജന്മദിനമാണ് ഫെബ്രുവരി 12.
ലോകത്തിന്റെ നാളതുവരെയുള്ള ചിന്താമണ്ഡലത്തെ മാറ്റിമറിച്ച ശാസ്ത്രജ്ഞനാണ് ചാള്‍സ് ഡാര്‍വിന്‍. ജീവികള്‍ക്ക് ഒരു പൊതുപൂര്‍വികനുണ്ടെന്നും അനുയോജ്യമായവ മാത്രമാണ് അതിജീവിക്കുന്നത് എന്നുമുള്ള സിദ്ധാന്തം വിശ്വസിക്കാന്‍ ലോകം പൂര്‍ണമായും പാകപ്പെട്ടിട്ടില്ല. പക്ഷേ, ശാസ്ത്രം ഡാര്‍വിന്‍ കണ്ടെത്തിയത് സാധൂകരിച്ചുകൊണ്ട് കൂടുതല്‍ തെളിവുകളുമായി മുന്നേറുകയാണ്. 1809 ഫെബ്രുവരി 12നാണ് ചാള്‍സ് റോബര്‍ട്ട് ഡാര്‍വിന്റെ ജനനം. പിതാവ് ഡോ. റോബര്‍ട്ട് വാര്‍ണിങ് ഡാര്‍വിന്‍ മകനെ ഒരു ഡോക്ടറാക്കാനാണ് ആഗ്രഹിച്ചതെങ്കിലും നിയോഗം മറ്റൊന്നായിരുന്നു. ആദ്യം വൈദ്യശാസ്ത്രവും പിന്നീട് ദൈവശാസ്ത്രവും പഠിക്കാന്‍ മുതിര്‍ന്നെങ്കിലും പ്രകൃതിയോടും ഭൂമിശാസ്ത്രത്തോടും ആയിരുന്നു താത്പര്യം.
ഭൂപടനിര്‍മാണത്തിനായി ബ്രിട്ടീഷ് സര്‍ക്കാര്‍ നിയോഗിച്ച യാത്രാസംഘത്തോടൊപ്പം 'എച്ച്.എം.എസ്. ബീഗിള്‍' എന്ന കപ്പലില്‍ സയന്റിഫിക് ഒബ്സെര്‍വറായി ഡാര്‍വിന്‍ ശമ്പളമില്ലാതെ ജോലിചെയ്തു. 22 വയസ്സായിരുന്നു പ്രായം. 1831മുതല്‍ 1836വരെയുള്ള അഞ്ചുവര്‍ഷം ഈ കപ്പല്‍ തീരങ്ങളോട് ചേര്‍ന്ന് പര്യടനം നടത്തി. അവിടെയുള്ള പാറകളിലും ജീവജാലങ്ങളിലും ആയിരുന്നു ഡാര്‍വിന്റെ ശ്രദ്ധ.
പാന്റഗോണിയ, ഗലാപ്പഗസ് ദ്വീപസമൂഹങ്ങളിലാണ് ജീവിവര്‍ഗത്തിന്റെ വൈവിധ്യം കൂടുതല്‍ ശ്രദ്ധയില്‍പ്പെട്ടത്. തെക്കേ അമേരിക്കയിലെ എക്വഡോറില്‍നിന്ന് 600 കിലോമീറ്റര്‍ മാറി പടിഞ്ഞാറുഭാഗത്തുള്ള 13 ചെറിയ ദ്വീപുകളും ധാരാളം കുഞ്ഞുദ്വീപുകളും അടങ്ങിയതാണ് ഗലാപ്പഗസ്. അവിടെ ഒരേ ജനുസ്സില്‍പ്പെട്ടവയില്‍ത്തന്നെ പ്രകടമായ വ്യത്യാസങ്ങള്‍ ഡാര്‍വിന്‍ നിരീക്ഷിച്ചു. ഇവിടത്തെ കുരുവികളുടെ കൊക്കിന്റെ വൈവിധ്യവും ആമകളുടെ തോടിന്റെയും കഴുത്തിന്റെയും വ്യത്യസ്തതയും ഡാര്‍വിന്റെ ശ്രദ്ധയാകര്‍ഷിച്ചു.
ഷഡ്പദഭോജികളായ കുരുവികള്‍ക്ക് ചെറിയ കൊക്കുകളും കള്ളിമുള്‍ച്ചെടികള്‍ ഭക്ഷിക്കുന്നവയ്ക്ക് നീണ്ട മൂര്‍ച്ചയുള്ള കൊക്കുകളും ആയിരുന്നു. കൂര്‍ത്ത കൊക്കുകള്‍കൊണ്ട് ചില്ലകള്‍ കൊത്തിയൊടിച്ച് മരപ്പൊത്തുകളില്‍നിന്ന് പുഴുക്കളെ കൊത്തിയെടുത്ത് ഭക്ഷിക്കുന്ന മരംകൊത്തി കുരുവികളും വിത്തുകള്‍ ആഹാരമാക്കിയിരുന്ന വലിയ കൊക്കുകളുള്ള നീലക്കുരുവികളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. 1837ല്‍ ഇംഗ്ലണ്ടില്‍ തിരിച്ചെത്തിയ ഡാര്‍വിന്‍ പക്ഷിനിരീക്ഷകനായ ജോണ്‍ ഗൗഡിനൊപ്പം പ്രവര്‍ത്തിച്ചു.
ഗലാപ്പഗസിലെ കുരുവികള്‍ ലോകത്തിന്റെ മറ്റുഭാഗങ്ങളില്‍ ജീവിക്കുന്ന അതേവര്‍ഗത്തിലുള്ള പക്ഷികളില്‍നിന്ന് കാഴ്ചയില്‍ വ്യത്യസ്തങ്ങളാണെന്ന് മനസ്സിലാക്കി. ഇവ ഒരേ ജനുസ്സിലെ വെവ്വേറെ സ്പീഷീസുകളാകാമെന്ന് ഉറപ്പിച്ചു. ഇത്തരം അന്വേഷണങ്ങള്‍ക്കൊടുവിലാണ് ഡാര്‍വിന്‍ പ്രകൃതിനിര്‍ധാരണ സിദ്ധാന്തം ആവിഷ്‌കരിച്ചത്.
പത്തൊന്‍പതാം നൂറ്റാണ്ടിലെ ശാസ്ത്രജ്ഞന്മാരില്‍ ഔദ്യോഗിക ശവസംസ്‌കാരം നല്‍കി ബഹുമാനിക്കപ്പെട്ട അഞ്ചു പേരില്‍ ഒരാളായിരുന്നു ഡാര്‍വിന്‍ എന്നത് അദ്ദേഹത്തിന്റെ സംഭാവനകള്‍ക്ക് ലഭിച്ച അംഗീകാരത്തിന് തെളിവാണ്. പ്രമുഖ മാത്തമാറ്റിഷ്യനായിരുന്ന ജോണ്‍ ഹെര്‍ഷലിനും ഭൗതിക ശാസ്ത്രജ്ഞനായ ഐസക് ന്യൂട്ടണും സമീപത്തായാണ് വെസ്റ്റ്മിനിസ്റ്റര്‍ ആബേയില്‍ അദ്ദേഹത്തിന്റെ അന്ത്യനിദ്ര. എഡിന്‍ബറോ സര്‍വകലാശാലയില്‍ നിന്ന് വൈദ്യപഠനവും കേംബ്രിഡ്ജില്‍ ദൈവശാസ്ത്രവും പഠിച്ച ശേഷമാണ് ഡാര്‍വിന്‍ പ്രകൃതി ശാസ്ത്രത്തിലേക്ക് തിരിഞ്ഞത്.
1882-ല്‍ അദ്ദേഹത്തിന്റെ മരണശേഷമാണ് ഡാര്‍വിന്‍ ദിനം ആചരിച്ചു തുടങ്ങിയത്. പക്ഷേ അത് ഉടനടി ആരും അത് സ്വീകരിച്ചില്ല. പിന്നീട് 2015-ല്‍ മാത്രമാണ് ഡാര്‍വിന്‍ ദിനത്തില്‍ അവധിനല്‍കാനുള്ള പ്രമേയം യു എസില്‍ പാസാക്കിയത്. ചാള്‍സ് ഡാര്‍വിന്‍ തന്റെ ജീവിതം ശാസ്ത്രത്തിനായി സമര്‍പ്പിച്ച വ്യക്തിയാണ്. ആ ജീവിതത്തില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളാനും ശാസ്ത്ര ലോകത്തേക്ക് കൂടുതല്‍പേരെ അടുപ്പിക്കാനുമാണ് ഈ ദിനം ആചരിക്കുന്നത്.
ലോകമെമ്പാടും ദിവസങ്ങള്‍ക്കു മുമ്പേ തന്നെ സെമിനാറുകളായും പ്രഭാഷണങ്ങളായും മറ്റും പരിപാടികള്‍ ആരംഭിച്ചിട്ടുണ്ട്. കോവിഡ് കാലമായതുകൊണ്ട് ഇത്തവണ എല്ലാം ഇന്റര്‍നെറ്റ് വഴിയാണ്. പ്രമുഖരുടെ ബോധവത്കരണപരിപാടികളും വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ ഈ ദിവസം നടന്നുവരുന്നു.
എന്നും മാറ്റങ്ങള്‍ വരുന്ന ലോകമാണ് ശാസ്ത്രത്തിന്റേത്. ഇന്നത്തെ ശരി അവിടെ നാളത്തെ തെറ്റും ഇന്നത്തെ തെറ്റ് നാളത്തെ ശരിയുമാണ്. ആ ലോകത്ത് മാറാതെ നില്‍ക്കുന്ന ഒന്നാണ് പരിണാമ സി?ദ്ധാന്തം. അതുകൊണ്ടുതന്നെ ഇത് ആഘോഷിക്കപ്പെടേണ്ട ഒന്നുതന്നെയാണ്. ഒപ്പം അത് കണ്ടെത്താന്‍ അധ്വാനിച്ച വ്യക്തിയും ഓര്‍മ്മിക്കപ്പെടണം.