/kalakaumudi/media/media_files/2025/10/09/che-2025-10-09-15-42-54.jpg)
തോല്‍ക്കാാനും തോറ്റുകൊടുക്കാനും മനസില്ലാത്തവന്റെ നെറുകയില്‍ ചുടുചോരയാല്‍ കാലം ചൂടി കൊടുത്ത ചുംബനമാണ് കമ്മ്യൂണിസം... ലോകം മുഴുവന്‍ ഇന്ന് കമ്മ്യൂണിസം പ്രചരിക്കുമ്പോള്‍ ഒരിക്കലും മറക്കാനാവാത്ത ഒരു പേരുണ്ട്. അതാണ് സഖാവ് ചെ.... ധീരവിപ്ലവകാരി രക്തസാക്ഷിയായിട്ട് 58 വര്‍ഷം.
1928 ജൂണ്‍ 14 ന് അര്‍ജന്റീനയിലെ റൊസാരിയോയില്‍, സീലിയ ദെ ലാ സെര്‍ന ലോസയുടേയും ഏണസ്റ്റോ ഗുവേര ലിഞ്ചിന്റേയും അഞ്ച് മക്കളില്‍ മൂത്തവനായി ജനിച്ച മാര്‍ക്‌സിസ്റ്റ് വിപ്ലവകാരിയും അന്തര്‍ദേശീയ ഗറില്ലകളുടെ തലവനും ക്യൂബന്‍ വിപ്ലവത്തിന്റെ പ്രധാന നേതാവുമായിരുന്നു ചെഗുവേര എന്നും ചെ എന്നു മാത്രമായും അറിയപ്പെടുന്ന ഏര്‍ണസ്റ്റോ ഗുവേര ഡി ലാ സെര്‍നസ( 1928 ജൂണ്‍ 14 - 1967 ഒക്ടോബര്‍ 9). ഔദ്യോഗിക നാമം ഏണസ്റ്റോ ചെഗുവേര എന്നാണെങ്കിലും , മാതാപിതാക്കളുടെ കുടുംബപേരായ ലാ സെര്‍നോ എന്നും , ലിഞ്ച് എന്നും തന്റെ പേരിന്റെ കൂടെ ചെഗുവേര ഉപയോഗിച്ചിരുന്നു . ചെറുപ്പകാലത്തില്‍ തന്നെ പാവപ്പെട്ട ജനങ്ങളോടുള്ള ഒരു താല്‍പര്യം ചെഗുവേരയിലുണ്ടായിരുന്നു. ഇടതുപക്ഷ ചിന്താഗതികളോടുകൂടി വളര്‍ന്നു വന്ന ചെ' ചെറിയ കുട്ടി ആയിരിക്കുമ്പോള്‍ തന്നെ ലോക രാഷ്ട്രീയത്തെക്കുറിച്ച് നല്ല ആഴത്തിലുളള അറിവു നേടിയിരുന്നു.
ചെറുപ്പത്തില്‍ തന്റെ പിതാവില്‍ നിന്നും ചെസ്സ് കളി പഠിച്ചഅദ്ദേഹം പന്ത്രണ്ടാം വയസ്സു മുതല്‍ പ്രാദേശികമത്സരങ്ങളില്‍ പങ്കെടുത്തു തുടങ്ങി. എന്നാല്‍ മുതിര്‍ന്നുവന്നതോടു കൂടി അദ്ദേഹത്തിന്റെ താല്പര്യം സാഹിത്യത്തിലേക്കു മാറി. തത്ത്വശാസ്ത്രം ,കണക്ക് , രാഷ്ട്രീയം , സമൂഹശാസ്ത്രം , ചരിത്രം എന്നിവയായിരുന്നു സ്‌കൂള്‍ ക്ലാസ്സുകളില്‍ അദ്ദേഹത്തിന്റെ ഇഷ്ട വിഷയങ്ങള്‍. 3,000 ത്തോളം പുസ്തകങ്ങള്‍ അദ്ദേഹത്തിന്റെ വീട്ടിലുണ്ടായിരുന്നു. ഇത് അദ്ദേഹത്തെ ഒരു ഉത്സാഹിയായവായനക്കാരനാക്കി. ഈ പുസ്തകങ്ങളിലൂടെ അദ്ദേഹം കാറല്‍ മാര്‍ക്‌സിനേയും , ജൂള്‍സ്വെര്‍നെയെയുമെല്ലാം മനസ്സിലാക്കി. കൂടാതെ പാബ്ലോ നെരൂദ ,ജോണ്‍ കീറ്റ്‌സ് , ഫെഡറികോ ഗാര്‍സിയ ,ഗബ്രിയേലാ മിസ്ത്രല്‍ , വാള്‍ട്ട് വിറ്റ്മാന്‍ തുടങ്ങിയവരുടെ കവിതകളും അദ്ദേഹം ഇഷ്ടപെട്ടു. റുഡ് യാര്‍ഡ് കിപ്ലിംഗിന്റേയും, ഹൊസെ ഹെര്‍ണാണ്ടസിന്റേയും കൃതികള്‍ അദ്ദേഹത്തിനു വളരെ ഇഷ്ടമായിരുന്നു. ജവഹര്‍ലാല്‍ നെഹ്രു , ആല്‍ബര്‍ട്ട് കാമു, റോബര്‍ട്ട് ഫ്രോസ്റ്റ, എച്.ജി.വെല്‍സ് തുടങ്ങിയ പ്രമുഖരുടെ പുസ്തകങ്ങളും അദ്ദേഹം ആസ്വദിച്ചു വായിച്ചു.
കുറേക്കൂടി മുതിര്‍ന്നപ്പോള്‍ ലത്തീന്‍ അമേരിക്കന്‍ സാഹിത്യത്തിലായി അദ്ദേഹത്തിന്റെ താല്പര്യം. അതിന്റെ ഫലമായി, ഹൊറാസിയോ ക്വിറോഗ , സിറോ അലെഗ്രിയാ , ജോര്‍ജെ ഇക്കാസ ,റൂബന്‍ ഡാരിയോ , മിഗല്‍ അസ്തൂരിയസ് തുടങ്ങിയവരുടെ കൃതികളും അദ്ദേഹം ഇഷ്ടപ്പെടാന്‍ തുടങ്ങി. ഈ എഴുത്തുകാരുടെ പല ആശയങ്ങളും അദ്ദേഹം തന്റെ നോട്ട്ബുക്കില്‍ കുറിച്ചു വെക്കുമായിരുന്നു. ബുദ്ധന്റേയും , അരിസ്റ്റോട്ടിലിന്റേയും ആശയങ്ങളും അദ്ദേഹത്തിന്റെ കുറിപ്പുകളില്‍ പെടുന്നു. ബെര്‍ട്രാണ്ട് റസ്സലിന്റെ സ്‌നേഹത്തേയും, ദേശപ്രേമത്തേയും സംബന്ധിച്ചുള്ള ആശയങ്ങളും അദ്ദേഹത്തെ ഇക്കാലത്ത് വളരെ ആകര്‍ഷിച്ചിരുന്നു.
1948 ല്‍ അദ്ദേഹം ബ്യുനോസ് ഐറിസ് സര്‍വ്വകലാശാലയില്‍ വൈദ്യം പഠിക്കാനായി ചേര്‍ന്നു. അവിടെവെച്ച് പഴയ സുഹൃത്തായിരുന്ന ആല്‍ബര്‍ട്ടോ ഗ്രനഡോയെ കണ്ടുമുട്ടി. ലോകത്തെ അറിയാനായി വളരെയേറെ ആഗ്രഹിച്ചിരുന്ന ഇരുവരും ചേര്‍ന്ന് 1951 ഡിസംബര്‍ 29 ന് ഒരു മോട്ടോര്‍ സൈക്കിളില്‍ യാത്രയാരംഭിച്ചു. ഈ യാത്രക്കു വേണ്ടി അവര്‍ അവരുടെ പഠനക്ലാസ്സില്‍ നിന്നും ഒരു വര്‍ഷത്തെ അവധി എടുത്തിരുന്നു. ചെ' യുടെ രണ്ടാമത്തെ യാത്ര ആയിരുന്നു ഇത്.
രണ്ടു മാസത്തിനു ശേഷം അര്‍ജന്റീന പിന്നിട്ട് അവര്‍ ചിലിയിലെത്തി . അര്‍ജന്റീനയിലെ രണ്ടു ഡോക്ടര്‍മാര്‍ ചിലിയിലെത്തിയത് അവിടുത്തെ പത്ര പ്രവര്‍ത്തകര്‍ അറിഞ്ഞു. ചെ' യുടെയും സുഹൃത്തിന്റെയും ചിത്രങ്ങള്‍ അവിടുത്തെ പത്രങ്ങളില്‍ അച്ചടിച്ചു വന്നു. ചിലിയിലൂടെയുള്ള യാത്രയില്‍ ഖനിതൊഴിലാളികളുടെ കഷ്ടപ്പാടുകള്‍ കണ്ട് അദ്ദേഹം ഒരുപാട് വിഷമിച്ചു. അത്രക്ക് ദുരിതം നിറഞ്ഞതായിരുന്നു അവരുടെ ജീവിതം. ഗ്രാമങ്ങളിലെ കഷ്ടതകളും ഭൂപ്രഭുക്കളുടെ പീഢനത്തിനിരയാകുന്ന കര്‍ഷകരെയും അദ്ദേഹം അവിടെ കണ്ടു. അവിടെ വെച്ച് അവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് കേടായി. അതവിടെ ഉപേക്ഷിച്ച് യാത്ര തുടര്‍ന്നു. ഒരാഴ്ചയോളം ഒരേ നടപ്പ്.
ഭക്ഷണവും വെള്ളവും കിട്ടാതെ അലഞ്ഞു തിരിഞ്ഞു. പലരോടും പണം ചോദിച്ചു. നാവികരും പോര്‍ട്ടറുമാരുമായി കപ്പലില്‍ ജോലി ചെയ്തു. ഹോട്ടലുകളിലെ എച്ചില്‍ പാത്രങ്ങള്‍ കഴുകിയും കുറച്ചു ദിവസം ഡോക്ടറായി രോഗികളെ ചികിത്സിക്കുകയും ചെയ്തു. തുടര്‍ന്ന് ഒരു ട്രക്കില്‍ കയറി പെറുവിലെത്തി. അവിടെ കുറച്ചു നാള്‍ ഒരു കുഷ്ഠ രോഗാശുപത്രിയില്‍ ജോലി ചെയ്തു. അവിടെ നിന്ന് കൊളംബിയയിലേക്ക് ഒരു ചെറിയ ചങ്ങാടത്തില്‍ യാത്ര തുടര്‍ന്നു. ഇടയ്ക്കുവെച്ച് യാത്ര ചെയ്യാന്‍ മതിയായ രേഖകള്‍ ഇല്ലാതതിനാല്‍ പൊലീസ് പിടിയിലായി.
അവിടെ നിന്നും രക്ഷപെട്ട ശേഷം വെനിസ്വേലയിലേക്ക് യാത്ര തിരിച്ചു. അവിടെ എത്തിയ ശേഷം ഗ്രനഡോ അവിടെ തങ്ങി. ചെ' കുതിരകളെ കൊണ്ട് പോകുന്ന ഒരു വിമാനത്തില്‍ കയറി മിയാമിയില്‍ ഇറങ്ങി. ഒരു മാസം അവിടെ താമസിച്ച ശേഷം വീട്ടിലെത്തി. ലാറ്റിനമേരിക്കയുടെ സാമ്പത്തിക അരക്ഷിതാവസ്ഥയേയും ജനങ്ങളുടെ ജീവിതത്തെയും അടുത്തറിയാന്‍ ഈ യാത്രകള്‍ അദ്ദേഹത്തെ സഹായിച്ചു. തുടര്‍ന്ന് പുനരാരംഭിച്ച പഠനം 1953- ല്‍ പൂര്‍ത്തിയാക്കിയതോടെ അദ്ദേഹം 'ഡോക്ടര്‍ ഏണസ്റ്റോ ചെ ഗുവേര' ആയി മാറി. ലാറ്റിനമേരിക്കന്‍ യാത്രകളില്‍ നിന്ന് ദാരിദ്ര്യത്തേയും , പട്ടിണിയേയും, രോഗപീഢകളേയും കുറിച്ചു ലഭിച്ച അറിവുകള്‍ ഇത്തരം ദുരനുഭവങ്ങളില്‍ നിന്നും ലോകത്തെ മോചിപ്പിക്കണം എന്ന തോന്നല്‍ അദ്ദേഹത്തില്‍ ഉളവാക്കി.
1953 ജൂലൈ ഏഴിനു അദ്ദേഹം പുതിയ ഒരു ദൗത്യവുമായി ബൊളീവിയ, പെറു ,ഇക്വഡോര്‍ , പനാമ , കോസ്റ്റാറിക്ക , നിക്കരാഗ്വ, ഹോണ്ടുറാസ് , എല്‍-സാവ്‌ദോര്‍ എന്ന രാജ്യങ്ങളെ ലക്ഷ്യമാക്കി പുറപ്പെട്ടു. ബൊളീവിയന്‍ തലസ്ഥാനമായ ലാപാസിയില്‍ ഇറങ്ങി അദ്ദേഹം പെറു , പനാമ, കോസ്റ്റാറിക, ഇക്വഡോര്‍ എന്നിവ ചുറ്റി നടന്നു കണ്ടു. ഇക്വഡോറില്‍ വെച്ച് റിക്കാര്‍ ദോ റോയോ എന്ന വക്കീലിനെ പരിജയപെട്ടു. റിക്കാര്‍ ദോ ഗ്വാട്ടിമലയെ കുറിച്ച് ചെ' യോട് പറഞ്ഞു. ചെ' ഗ്വാട്ടിമലയിലേക്ക് യാത്ര തിരിച്ചു. ഗ്വാട്ടിമാലയില്‍ അദ്ദേഹം അറിയപ്പെടുന്ന പെറുവിയന്‍ സാമ്പത്തികവിദഗ്ദയായ ഹില്‍ദ ഗദിയ അക്കോസ്റ്റയെ പരിചയപ്പെട്ടു. അവര്‍ അവിടെ ഇടതുപക്ഷപ്രസ്ഥാനങ്ങളുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഒരാളായിരുന്നു. ഗ്വാട്ടിമാലയിലെ ജനാധിപത്യസര്‍ക്കാരിലെ ചില ഉയര്‍ന്ന ഉദ്യോഗസ്ഥരെ ഹില്‍ദ ചെ ഗുവേരക്ക് പരിചയപ്പെടുത്തിക്കൊടുത്തു.
1953 ജൂലൈ ഇരുപത്താറില്‍ ക്യൂബയില്‍ നടന്ന മൊങ്കാട ബാരക്ക് ആക്രമണവുമായി ബന്ധപ്പെട്ട് , ഫിഡറല്‍ കാസ്‌ട്രോയുമായി അടുത്ത ബന്ധമുള്ള ചിലരുമായി പരിചയപ്പെടാന്‍ ചെ ഗുവേരക്ക് സാധിച്ചു. ഈ കാലഘട്ടത്തിലാണ് ചെ എന്ന തന്റെ ചുരുക്കപേര് അദ്ദേഹം സ്വീകരിക്കുന്നത്. സഹോദരന്‍ എന്നര്‍ത്ഥം വരുന്ന ഒരു വാക്കാരുന്നു ഇത്. ഒരു ജോലി കണ്ടെത്താനായുള്ള അദ്ദേഹത്തിന്റെ ശ്രമം വിജയിച്ചില്ല . അദ്ദേഹത്തിന്റെ സാമ്പത്തിക സ്ഥിതി പരുങ്ങലിലുമായി തുടങ്ങി. 1954 മെയ് പതിനഞ്ചിന് കമ്മ്യൂണിസ്റ്റ് ചെക്കോസ്ലാവാക്യയില്‍ നിന്നുള്ള ഒരു ആയുധശേഖരം ഗ്വാട്ടിമാല സര്‍ക്കാരിനായി എത്തിച്ചേര്‍ന്നു. ഇതിന്റെ ഫലമായി അമേരിക്കന്‍ സി.ഐ.എ രാജ്യം ആക്രമിക്കുകയും കാര്‍ലോസ് കാസ്റ്റിലോസ് അര്‍മാസിന്റെ നേതൃത്വത്തിലുള്ള ഒരു വിമത സര്‍ക്കാരിനെ അവിടെ പ്രതിഷ്ഠിക്കുകയും ചെയ്തു. ഇതിനെതിരെ ജനങ്ങള്‍ തെരുവില്‍ പ്രകടനം നടത്തുകയും മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ഉപരോധങ്ങള്‍ നടത്താനും തുടങ്ങി.
എന്നാല്‍ ഇത് കൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് ചെ' ക്ക് മനസ്സിലായി. ഗ്വാട്ടിമാല സര്‍ക്കാരിനോടുള്ള അമേരിക്കയുടെ സമീപനം തികച്ചും സാമ്രാജ്യത്വം ആണെന്ന് ചെ തിരിച്ചറിഞ്ഞു. വികസിത രാജ്യങ്ങളെ അടിച്ചമര്‍ത്താനുള്ള അമേരിക്കയുടെ ഈ നിലപാടിനോട് ചെ ശക്തിയുക്തം യുദ്ധം പ്രഖ്യാപിച്ചു. സാമ്രാജ്യത്വത്തിനെതിരേ പോരാടാന്‍ സായുധവിപ്ലവമാണ് വേണ്ടതെന്ന് ചെ മനസ്സിലാക്കി.ജനങ്ങളെ കൊണ്ട് ആയുധം എടുപ്പിക്കണമെന്നും അദ്ദേഹം തീരുമാനിച്ചു.
ഇതേസമയം അവിടെ കമ്മ്യൂണിസ്റ്റ് യുവത്വം ഒരു സൈന്യം രൂപീകരിക്കുകയും അമേരിക്കന്‍ സൈന്യത്തിനെതിരേ പോരാടാന്‍ തീരുമാനിക്കുകയും ചെയ്തു. ചെ ഗുവേര ഈ പ്രവൃത്തിയില്‍ ആകൃഷ്ടനാകുകയും ഇതില്‍ ചേരുകയും ചെയ്തു. എന്നാല്‍ ഇവരുടെ നിര്‍വികാരത , അദ്ദേഹത്തെ അതില്‍ നിന്ന് പിന്തിരിഞ്ഞ് വൈദ്യ സേവന രംഗത്തേക്ക് പിന്മാറാനായി ചിന്തിപ്പിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ചെ യിലുള്ള വിപ്ലവകാരി വീണ്ടു ഈ സൈനികനടപടിയിലേക്ക് സന്നദ്ധപ്രവര്‍ത്തകനായി ചേരുകയുണ്ടായി.
എന്നാല്‍ ഗ്വാട്ടിമലയിലെ നേതാവ് അര്‍ബെന്‍സ് മെക്‌സിക്കന്‍ നയതന്ത്രകാര്യാലയത്തില്‍ ഒരു അഭയാര്‍ത്ഥിയായി അഭയം തേടി , തന്റെ വിദേശ അനുഭാവികളോട് ഉടന്‍ തന്നെ രാജ്യം വിട്ടുപോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് ചെറുത്തുനില്‍ക്കുവാനുള്ള ചെ യുടെ ആവര്‍ത്തിച്ചുള്ള ആഹ്വാനങ്ങള്‍ക്ക് ആരും ചെവി കൊടുക്കാന്‍ തയ്യാറായില്ല . ഒരു വിപ്ലവ ഗ്രൂപ്പുണ്ടാക്കാനുളള ശ്രമത്തെ തുടര്‍ന്ന് ചെ ' അമേരിക്കന്‍ സൈന്യത്തിന്റെ നോട്ടപ്പുള്ളി കൂടിയായി. ഇനി ഇവിടെ നിന്നിട്ട് കാര്യമില്ലെന്ന് മനസ്സിലാക്കിയ അദ്ദേഹം അവിടെ നിന്നും രക്ഷപെടാന്‍ തീരുമാനിച്ചു. പക്ഷെ ഗില്‍ദയെ ഉപേക്ഷിക്കാന്‍ അദ്ദേഹത്തിനു പറ്റില്ലാരുന്നു. നല്ലൊരു കൂട്ടാളിയാണ് ഹില്‍ദയെന്ന് അദ്ദേഹത്തിനു തോന്നി. ചെ ഗുവേരക്ക് രക്ഷപ്പെടാനായി അര്‍ജന്റീനയുടെ കോണ്‍സുലേറ്റില്‍ അഭയം പ്രാപിക്കേണ്ടി വന്നു. മെക്‌സിക്കോയിലേക്ക് ഒരു സുരക്ഷിതമായ മാര്‍ഗ്ഗം കണ്ടെത്തുന്നതുവരെ അവിടെ തന്നെ അദ്ദേഹത്തിന് താമസിക്കേണ്ടി വന്നു. എന്നാല്‍ ചെയുടെ സുഹൃത്തായ ഹില്‍ദ അവിടെ വെച്ച് അറസ്റ്റ് ചെയ്യപ്പെട്ടു.
1954 ല്‍ ചെ മെക്‌സിക്കോ നഗരത്തില്‍ എത്തി. കയ്യില്‍ പണമുണ്ടായിരുന്നില്ല .കുറച്ചു നാള്‍ ഫോട്ടോഗ്രാഫറായി ജോലി നോക്കി. തുടര്‍ന്ന് അവിടെയുള്ള ജനറല്‍ ആശുപത്രിയില്‍ അലര്‍ജി വിഭാഗത്തില്‍ ജോലിക്കായി ചേര്‍ന്നു. ഇതു കൂടാതെ മെക്‌സിക്കോയിലെ നാഷണല്‍ ഓട്ടോണമസ് സര്‍വ്വകലാശാലയില്‍ ക്ലാസ്സുകള്‍ എടുക്കാന്‍ പോകുമായിരുന്നു. ഈ സമയത്തു തന്നെ ലാറ്റിന ന്യൂസ് ഏജന്‍സിക്കുവേണ്ടി ഛായാഗ്രാഹകന്റെ ജോലിയും ചെയ്തിരുന്നു.
ആ രാജ്യത്തെ വിപ്ലവ ഗ്രൂപ്പുകളുമായി ബന്ധപെടാന്‍ അദ്ദേഹം ശ്രമം നടത്തി. ഇതേ തുടര്‍ന്ന് ക്യൂബക്കാരായ നിക്കോലോപസും റൗള്‍കാസ്‌ട്രോയേയും അദ്ദേഹം കണ്ടുമുട്ടി. അവര്‍ ക്യൂബ ഭരിക്കുന്ന ഫുള്‍ജെന്‍സിയോ ബാത്തിസ്ത എന്ന ഏകാധിപതിക്കെതിരെ പോരാടുന്നവരായിരുന്നു.അവരുടെ കൂടെ വേറെയും ഒരുപാട് ആളുകള്‍ ഉണ്ടായിരുന്നു.അവര്‍ അഭയം തേടിയാണ് ഇവിടെ എത്തിയത്. ഫിഡല്‍ കാസ്‌ട്രോയുടെ സഹോദരനായിരുന്നു റോള്‍ കാസ്‌ട്രോ. ഇതു വഴി ചെ , ഫിഡല്‍ കാസ്‌ട്രോയുമായി അടുത്തു. ഈ സമയത്ത് ഫിഡല്‍ കാസ്‌ട്രോ , ക്യൂബയില്‍ അമേരിക്ക സൃഷ്ടിച്ച ഏകാധിപതിയായ ഫുള്‍ജെന്‍സിയോ ബാറ്റിസ്റ്റക്കെതിരേ സന്ധിയില്ലാത്ത സമരത്തിലായിരുന്നു.
അയാളെ അധികാരത്തില്‍ നിന്നും തൂത്തെറിയുകയായിരുന്നു ഫിഡലിന്റെ ലക്ഷ്യം. കണ്ടുമുട്ടിയ ആദ്യ രാത്രിയിലെ ദീര്‍ഘസംഭാഷത്തിനുശേഷം ഫിഡലിന്റെ സംഘടനയായ ജൂലൈ 26മൂവ്‌മെന്റില്‍ ചെ അംഗമായി. ഗറില്ലാ സംഘങ്ങളെ പരിശീലിപ്പിക്കാനുളള ചുമതല ഫിഡല്‍ ചെ' യ്ക്കു നല്‍കി. രഹസ്യമായി പരിശീലനം ആരംഭിച്ചു. പക്ഷേ രഹസ്യ ഏജന്‍സികള്‍ അത് കണ്ടു പിടിച്ചു.തുടര്‍ന്ന് 1956 ജൂണില്‍ ഫിഡലും ചെ യും അടങ്ങിയ സംഘം പോലീസ് പിടിയിലായി. പിന്നീട് ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പോലീസ് ഫിഡലിനെ വിട്ടയച്ചു. ചെ' യുടെ കൂടെയുണ്ടായിരുന്ന പലര്‍ക്കും 58 ദിവസം തടവുശിക്ഷ ലഭിച്ചു. ഫിഡല്‍ ചെഗുവേര യെ പുറത്തിറക്കി. അമേരിക്ക ലോകത്താകമാനം പാവ സര്‍ക്കാരുകളെ സൃഷ്ടിച്ചു കൊണ്ടിരുന്ന സമയമായിരുന്നു അത്. ബാറ്റിസ്റ്റയുടെ ഭരണവും മറ്റൊന്നായിരുന്നില്ല. ക്യൂബയിലും ബാറ്റിസ്റ്റയിലൂടെ അമേരിക്കയാണ് ഭരണം നടത്തിയിരുന്നത്. ഈ പാവ സര്‍ക്കാരിന്റെ നാഡീവ്യൂഹങ്ങള്‍ അറുത്തെടുക്കണമെന്നതില്‍ നിന്നും പിന്നോട്ട് പോവേണ്ടതില്ല എന്ന തീരുമാനത്തില്‍ അദ്ദേഹം എത്തിച്ചേര്‍ന്നു. മൂവ്‌മെന്റിന്റെ വൈദ്യവിഭാഗത്തിന്റെ ചുമതല സ്വയം ഏറ്റെടുക്കുകയും ചെയ്തു.
ചെ അംഗങ്ങളോടൊപ്പം സൈനിക പരിശീലനത്തിനു ചേര്‍ന്നു. ഗറില്ലാ യുദ്ധ തന്ത്രങ്ങള്‍ ഇവിടെ നിന്നും അദ്ദേഹം പഠിച്ചു. കുന്നുകളിലും, കാടുകളിലും, പുഴയിലും ഉള്ള അതി കഠിനമായ പരിശീലനങ്ങളായിരുന്നു പിന്നീടുണ്ടായിരുന്നത്. ഗ്രൂപ്പിന്റെ നേതാവായ ആല്‍ബര്‍ട്ടോ ബയോ യുടെ ഏറ്റവും നല്ല വിദ്യാര്‍ത്ഥി എന്ന പ്രശംസ കൂടി അദ്ദേഹം നേടിയെടുത്തു. നല്‍കിയ എല്ലാ പരീക്ഷകളിലും ഒന്നാമനായി തന്നെ വിജയിച്ചു. 1955 സെപ്തംബരില്‍ മെക്‌സിക്കോയില്‍ വെച്ച് ചെ ഹില്‍ദയെ വിവാഹം കഴിച്ചു.
മെക്‌സിക്കോയില്‍ നിന്നും , ക്യൂബയെ ആക്രമിക്കാനായിരുന്നു ഫിഡലിന്റെ പദ്ധതി. 1956 നവംബര്‍ 25 ന് 82 പേരടങ്ങുന്ന സംഘം പുലര്‍ച്ചെ രണ്ടു മണിക്ക് ടക്‌സ്പാന്‍ തുറമുഖത്തു നിന്നും ഗ്രാന്മ എന്ന പഴയ ബോട്ടില്‍ യാത്ര ആരംഭിച്ചു. ഗ്രാന്മയിലെ വിളക്ക് കൊളുത്തിയിരുന്നില്ല, അതീവ രഹസ്യമായിട്ടായിരുന്നു യാത്ര. യാത്രയില്‍ പലര്‍ക്കും കടല്‍ച്ചൊരുക്ക് പിടിപെട്ടു, മരുന്നുകള്‍ ഒന്നും ഫലവത്തായില്ല. ജൂലൈ 26 ഗീതവും ക്യൂബന്‍ ദേശീയ ഗാനവും ആലപിച്ച് അവര്‍ മുന്നോട്ടു നീങ്ങി. നാലഞ്ചു നാളുകള്‍ക്കു ശേഷം നില മെച്ചപ്പെട്ടു. പ്രോവിന്‍സിലെ നിക്വറൊ ഗ്രാമത്തില്‍ ഇറങ്ങാനായിരുന്നു അവരുടെ തീരുമാനം പക്ഷെ ഒരു കോസ്റ്റ് ഗാര്‍ഡ് ബോട്ട് അവരെ കണ്ടു പിടിച്ചു, അവര്‍ അത് ബാത്തിസ്തയുടെ പട്ടാളത്തെ അറിയിച്ചു. ഒടുവില്‍ അത്യാവശ്യമായതു മാത്രം കൈയിലെടുത്ത് കരയിലിറങ്ങി. അവര്‍ യാത്ര തുടങ്ങും മുമ്പ് ബാത്തിസ്തയുടെ പട്ടാള വിമാനങ്ങള്‍ അവരുടെ നേര്‍ക്ക് ആക്രമണം തുടങ്ങി.
ചെ', യും സംഘവും കാടിനുള്ളില്‍ അഭയം പ്രാപിച്ചു. അവരെ കണ്ടു പിടിക്കാന്‍ ശത്രുവിമാനങ്ങള്‍ക്ക് സാധിച്ചില്ല. നാലു ദിവസം അലഞ്ഞു തിരിഞ്ഞ് ഒടുവില്‍ അലഗ്രിയ ദെ പിയൊ എന്ന സ്ഥലത്തെത്തി. അവിടെ അടുത്ത് കണ്ട കരിമ്പിന്‍ പാടത്ത് വിശ്രമിച്ചു. കരിമ്പ് കടിച്ചു തിന്നു ദാഹവും വിശപ്പും ശമിപ്പിച്ചു.പിന്നീട് രാത്രി യാത്ര തുടര്‍ന്നു, കുറച്ചു ദൂരം നടന്ന ശേഷം പുലര്‍ച്ചെ ഒരു കരിമ്പിന്‍ പാടത്തിനടുത്തുളള കുറ്റിക്കാട്ടില്‍ വിശ്രമിച്ചു. ഭക്ഷണവും വെള്ളവും ഇല്ലാതെ നടന്നു ക്ഷീണിച്ച പലരും ഉറങ്ങാന്‍ തുടങ്ങി. ഉച്ചയായപ്പോള്‍ സൈനിക വിമാനങ്ങള്‍ അവരുടെ തലയ്ക്കു മുകളിലൂടെ വട്ടമിട്ടു പറക്കാന്‍ തുടങ്ങി. ചെ ', യ്ക്കായിരുന്നു സംഘത്തിനു വൈദ്യസേവനം നള്‍കേണ്ട ചുമതല, അദ്ദേഹം അവര്‍ക്കു വേണ്ട സഹായങ്ങള്‍ ചെയ്തു കൊണ്ടിരുന്നു. പെട്ടെന്ന് വെടി മുഴങ്ങി.
പോരാളികള്‍ തിരിച്ചടിച്ചു, പിടിച്ചു നില്‍ക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഒരു ചെറിയ വഴിയിലൂടെ ഓടി എല്ലാവരും അടുത്തുള്ള കരിമ്പിന്‍ പാടത്തില്‍ ഒളിച്ചു. ഒരു പോരാളി ഒരു പെട്ടി വെടിക്കോപ്പ് ചെ', യുടെ അടുക്കലേക്ക് വലിച്ചെറിഞ്ഞിട്ട് കരിമ്പിന്‍ പാടത്തിലേക്ക് ഓടി മറഞ്ഞു. ചെ', യുടെ മുന്നില്‍ ഒരു മരുന്നുകെട്ടും ഒരു വെടിക്കോപ്പു പെട്ടിയും.നല്ല ഭാരമുള്ളതിനാല്‍ രണ്ടുംകൂടി കൊണ്ടു പോകാന്‍ പറ്റില്ലാരുന്നു അദ്ദേഹത്തിനു.ഒടുവില്‍ വെടിക്കോപ്പു പെട്ടിയും എടുത്തു ചെ', കരിമ്പിന്‍ പാടത്തിലേക്ക് ഓടി. ചെ ', യ്ക്കു വെടിയേറ്റു, അദ്ദേഹം നിലത്തു കിടന്നു നിലവിളിച്ചു.കൂടെ ഉണ്ടായിരുന്നവര്‍ രക്ഷപെട്ടു കരിമ്പിന്‍ പാടവും കടന്നു കാട്ടില്‍ ഒളിച്ചു.
ചെ ', യും അവരുടെ പുറകെ ഓടി. മുറിവുകളില്‍ മരുന്ന് വെച്ച് കുറച്ചു നേരം വിശ്രമിച്ച ശേഷം അവര്‍ യാത്ര തുടര്‍ന്നു. ഈ സംഘത്തിലെ 22 പേരാണ് പിന്നീട് ജീവനോടെ അവശേഷിച്ചത് , സിയറ മയിസ്ത്ര മലനിരകളില്‍ തമ്പടിച്ച് അവര്‍ ആക്രമണം തുടര്‍ന്നു. ഫ്രാങ്ക് പയസിന്റെ , ഗറില്ലാ സംഘങ്ങളില്‍ നിന്നും അവര്‍ക്ക് സഹായം ലഭിച്ചുകൊണ്ടിരുന്നു. സംഘത്തിലെ അംഗങ്ങളെല്ലാം തന്നെ മാനസികമായും ശാരീരികമായും തളര്‍ന്നിരുന്നു. കൂടാതെ കാട്ടിലുള്ള ചില കൊതുകുകളുടെ ആക്രമണം മൂലം ശരീരത്തിനുണ്ടായ അസുഖവും അവരെ തളര്‍ത്തി. സിയറ മയിസ്ത്ര മലനിരകളില്‍ ഒളിച്ചു താമസിക്കുമ്പോള്‍ അദ്ദേഹം ഒരു കാര്യം മനസ്സിലാക്കി. ഈ മലനിരകളില്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍ എന്നൊന്നില്ല, ആരോഗ്യസംരക്ഷണം പരിമിതമായേ ഉള്ളു. 40% ത്തോളം ആളുകള്‍ നിരക്ഷരരാണ്. യുദ്ധം തുടരുമ്പോള്‍ തന്നെ, അദ്ദേഹം ഈ വിമതസൈന്യത്തിന്റെ ഒഴിവാക്കാന്‍ വയ്യാത്ത ഒരു ഘടകമായി മാറി. ക്ഷമയും, നയതന്ത്രവും കൊണ്ട് ഫിഡലിന്റെ വിശ്വാസം നേടിയെടുത്തു. അദ്ദേഹം ഇവിടെ ഗ്രനേഡുകള്‍ നിര്‍മ്മിക്കാന്‍ പണിശാലകള്‍ നിര്‍മ്മിച്ചു , ബ്രഡ്ഡുകള്‍ ഉണ്ടാക്കാനായി അടുപ്പുകള്‍ പണിതു.
പുതിയതായി സൈന്യത്തിലേക്കു വരുന്നവരെ ആക്രമണമുറകള്‍ പഠിപ്പിച്ചു. എല്ലാത്തിലുമുപരിയായി, നിരക്ഷരരായ ജനങ്ങളെ എഴുതാനും വായിക്കാനും പഠിപ്പിച്ചു. ആരോഗ്യസംരക്ഷണത്തിനായി ചെറിയ ആശുപത്രികള്‍ സ്ഥാപിച്ചു. മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം , ചെ ഫിഡലിന്റെ തലച്ചോറ് എന്ന് വിശേഷിപ്പിക്കപ്പെട്ടു. സെക്കന്റ് ആര്‍മി കോളത്തിന്റെ കമ്മാണ്ടര്‍ ആയി ചെ ഗുവേരയെ ഫിഡല്‍ അവരോധിച്ചു. അദ്ദേഹത്തിന്റെ പദവി സൂചിപ്പിക്കുന്ന നക്ഷത്ര ചിഹ്നം സീലിയാ സാഞ്ചസ് ചെ ', യ്ക്കു നല്‍കി. സൈന്യത്തിലെ രണ്ടാം കമ്മാണ്ടര്‍ ആയി ചെ നിയോഗിക്കപ്പെട്ടതിനുശേഷം , അദ്ദേഹം തികഞ്ഞ ഒരു സൈന്യാധിപനായി മാറി.
സൈന്യത്തില്‍ നിന്നും മറ്റു കാരണങ്ങള്‍ കൊണ്ട് ഒളിച്ചോടിയവരേയും , പിന്തിരിഞ്ഞവരെയും യാതൊരു ദാക്ഷിണ്യവും കൂടാതെ വെടിവെച്ചു കൊന്നുകളയാന്‍ അദ്ദേഹം മടിച്ചില്ല. സംശയംതോന്നുന്നവരെ പിന്തുടരുവാന്‍ അദ്ദേഹം തന്റെ വിശ്വസ്തരെ അയച്ചു. ചുരുങ്ങിയ കാലം കൊണ്ടുതന്നെ ക്രൂരനായ ഒരു കമ്മാണ്ടര്‍ എന്ന ഒരു പേര് ചെയില്‍ അവരോധിക്കപ്പെട്ടു. ഒറ്റുകാരെയും, ഒളിച്ചോടിയവരെയും, രഹസ്യങ്ങള്‍ ചോര്‍ത്തുന്നവരെയും നിഷ്‌ക്കരുണം അദ്ദേഹം വധിച്ചിട്ടുണ്ട്. കിട്ടുന്ന ഇടവേളകളില്‍ തന്റെ സൈനികര്‍ക്ക് പുസ്തകങ്ങളെ പരിചയപ്പെടുത്തിക്കൊടുക്കുന്നതില്‍ അദ്ദേഹം ശ്രദ്ധാലുവായിരുന്നു. റോബര്‍ട്ട് ലൂയീസ് സ്റ്റീവന്‍സന്റേയും , സെര്‍വാന്റസിന്റേയും , ചില സ്പാനിഷ് എഴുത്തുകാരുടേയും മറ്റും കവിതകളും എല്ലാം തന്റെ സൈനികര്‍ക്ക് വായിക്കാനായി ചെ നല്‍കിയിരുന്നു . ഹൊസെ മാര്‍ട്ടിയുടെ അതിരുകളില്ലാത്ത സാക്ഷരത എന്ന ആശയത്തില്‍ അദ്ദേഹം ആകൃഷ്ടനായിരുന്നു. നിരക്ഷരരായ ജനങ്ങളെ അത്യാവശ്യം എഴുതാനും വായിക്കാനും പഠിപ്പിക്കാനായി തന്റെ സൈനികാംഗങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടു. ഇതിലൂടെ അജ്ഞതയ്‌ക്കെതിരേ ഒരു യുദ്ധം കൂടി ചെ തുടങ്ങിവെച്ചു. ഫിഡല്‍ കാസ്‌ട്രോയ്ക്ക് വളരെ പ്രിയപ്പെട്ട ഒരു കമ്മാണ്ടര്‍ ആയിരുന്നു ചെ. ബുദ്ധിമാനും , കഴിവുള്ളവനും ആയ ഒരു നേതാവ് എന്നാണ് ഫിഡല്‍ ചെ ഗുവേരയെ വിശേഷിപ്പിച്ചിരുന്നത്.
1958 ന്റെ അവസാനത്തില്‍ ലാ മെര്‍സിഡസ് യുദ്ധത്തില്‍ ചെ വളരെ പ്രധാനപ്പെട്ട പങ്കുവഹിച്ചിരുന്നു. ഫിഡലിന്റെ സൈന്യത്തെ തകര്‍ക്കാനുള്ള ബാറ്റിസ്റ്റയുടേയും , അമേരിക്കയുടേയും ശ്രമത്തെ അദ്ദേഹം പരാജയപ്പെടുത്തിക്കളഞ്ഞു.അപ്പോഴേക്കും ചെ ഗറില്ല യുദ്ധമുറയില്‍ ഒരു നിപുണനായി മാറിയിരുന്നു. പെട്ടെന്നുള്ള ആക്രമണങ്ങള്‍ക്കു ശേഷം , കാട്ടില്‍ ഓടിമറയാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. പ്രത്യാക്രമണം നടത്താന്‍ സൈന്യത്തിനു സമയം ലഭിക്കുന്നതിനു മുമ്പ് അദ്ദേഹം കാടുകളില്‍ അഭയം പ്രാപിച്ചിരിക്കും. യുദ്ധം മുറുകിയതോടെ , ചെ ഒരു പ്രത്യേക സൈന്യവുമായി ഹവാന ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി. ഏതാണ്ട് ഏഴു ആഴ്ചയോളം നീണ്ട, കാല്‍നടയായി മാത്രമുള്ള ഒരു യാത്രയായിരുന്നു അത്.
ശത്രുക്കളുടെ കണ്ണില്‍ പെടാതിരിക്കാനായി രാത്രിമാത്രമാണ് ആ സംഘം സഞ്ചരിച്ചിരുന്നത്. ആ യാത്രയില്‍ പലപ്പോഴും ഭക്ഷണം പോലുമില്ലായിരുന്നു. 1958 ഡിസംബര്‍ അവസാന നാളുകളില്‍ , ലാസ് വില്ലാസ് പ്രദേശം കീഴടക്കുക വഴി ദ്വീപിനെ രണ്ടാക്കി വിഭജിക്കാം എന്നുള്ളതായിരുന്നു സൈന്യത്തിന്റെ ലക്ഷ്യം. ഈ യാത്രയില്‍ വളരെ പ്രധാനപ്പെട്ട പല വിജയങ്ങളും നേടിയെങ്കിലും , സാന്താ ക്ലാര എന്ന ലക്ഷ്യത്തിലേക്കെത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ അവരുടെ അവസാന ലക്ഷ്യം സാന്താ ക്ലാര ആയിരുന്നു., അവസാനം ചെ സാന്താ ക്ലാര ആക്രമിക്കാനായി തന്റെ ആത്മഹത്യാ സംഘത്തെ തയ്യാറാക്കി. ഇത് തന്റെ ലക്ഷ്യത്തിലേക്കുള്ള അവസാന തയ്യാറെടുപ്പാണെന്ന് അദ്ദേഹത്തിനു അറിയാമായിരുന്നു. ഈ അവസാന യുദ്ധത്തില്‍ ചെ യുടെ സൈന്യം പല തവണ ശത്രുസൈന്യത്താല്‍ വളയപ്പെട്ടു. ഈ യുദ്ധത്തില്‍ ചെ ഗുവേരയുടെ വിജയസാദ്ധ്യത 10:1 ആയി കണക്കാക്കപ്പെട്ടു.
1958 പുതുവത്സര സായാഹ്നത്തില്‍ ചെ യുടെ സൈന്യം സാന്താ ക്ലാര പിടിച്ചടക്കി. 1959 ജനുവരി 1 ന് ബാറ്റിസ്റ്റ ഡൊമിനിക്കന്‍ റിപബ്ലിക്കിലേക്ക് വിമാനമാര്‍ഗ്ഗം കടന്നു കളഞ്ഞു. ഈ സമയത്ത് ബാറ്റിസ്റ്റയുടെ പട്ടാള ഉദ്യോഗസ്ഥര്‍ ചെ ഗുവേരയുമായി ഒരു സമാധാന ചര്‍ച്ച നടത്തുകയായിരുന്നു. ജനുവരി രണ്ടാം തീയതി ചെ , ഹവാന നഗരത്തില്‍ കടന്നു , തലസ്ഥാനത്തിന്റെ പൂര്‍ണ്ണനിയന്ത്രണം ഏറ്റെടുത്തു. ജനുവരി പകുതിയോടെ , തരാരായിലുള്ള ഒരു വിശ്രമ കേന്ദ്രത്തിലേക്ക് ചെ പോയി , ആ സമയത്തുണ്ടായ ഒരു ആസ്തമ രോഗത്തില്‍ നിന്നുണ്ടായ ക്ഷീണത്തില്‍ നിന്നും മുക്തി നേടാനായിരുന്നു ഇത്. തരാരായില്‍ വിശ്രമ ജീവിതം നയിക്കുമ്പോഴും , ക്യൂബയുടെ സാമ്പത്തിക, സാമൂഹിക, ഭാവിയെപ്പറ്റിയുള്ള പദ്ധതികള്‍ തയ്യാറാക്കാനുള്ള ചര്‍ച്ചകളിലും മറ്റും ചെ പങ്കെടുക്കുമായിരുന്നു. ഈ സമയത്താണ് ചെ തന്റെ പ്രസിദ്ധമായ ഗറില്ലാ യുദ്ധ തന്ത്രങ്ങള്‍ എന്ന പുസ്തകം രചിക്കുന്നത്.
ഫെബ്രുവരിയില്‍ , വിജയത്തിലുള്ള അദ്ദേഹത്തിന്റെ പങ്ക് കണക്കിലെടുത്ത് ജന്മം കൊണ്ടുള്ള ക്യൂബന്‍ പൗരന്‍ എന്ന പദവി നല്കി ആദരിച്ചു. അദ്ദേഹത്തിന്റെ ഭാര്യ , ജനുവരി അവസാനം ക്യൂബയിലെത്തിച്ചേര്‍ന്നു. ചെ ഹില്‍ദയോടു പറഞ്ഞു താന്‍ മറ്റൊരു സ്ത്രീയുമായി സ്‌നേഹത്തിലാണ് എന്ന് , അതോടൊപ്പം തന്നെ ഇരുവരും വിവാഹമോചന തീരുമാനത്തിലെത്തിച്ചേര്‍ന്നു. മെയ് 22ന് ഇവര്‍ രണ്ടുപേരും ഔദ്യോഗികമായി പിരിഞ്ഞു. 1959 ജൂണ്‍ 2 ന് ക്യൂബന്‍ പൗരത്വമുള്ള , ജൂലൈ 26 മൂവ്‌മെന്റ് പ്രവര്‍ത്തകയായിരുന്ന അലൈഡാ മാര്‍ച്ചിനെ ചെ വിവാഹം ചെയ്തു. 1958 കളുടെ അവസാനം മുതല്‍ ഇരുവരും ഒരുമിച്ചു ജീവിച്ചു വരുകയായിരുന്നു. തരാരയിലെ കടല്‍ക്കരയിലുള്ള ഗ്രാമത്തിലേക്ക് അലൈഡയുമായി ചെ തിരിച്ചു പോയിരണ്ട് വിവാഹങ്ങളിലും ചെ ഗുവേരക്ക് കുട്ടികളുണ്ടായിരുന്നു. ഹില്‍ദ ഗദിയ യിലുണ്ടായ മക്കള്‍ , ഹില്‍ദ ബിയാട്രിസ് ഗുവേര ഗദിയ (ജനനം 1956 ഫെബ്രുവരി 15 മെക്‌സിക്കോഃ മരണം 1995 ഓഗസ്റ്റ് 21 ക്യൂബ) അലൈഡ മാര്‍ച്ചിലുണ്ടായ മക്കള്‍, അലൈഡാ ഗുവേര മാര്‍ച്ച് (ജനനം 1960 നവംബര്‍ 24 ഹവാന) , കാമിലോ ഗുവേര മാര്‍ച്ച് (ജനനം 1962 മെയ് 20 ക്യൂബ), സെലിയ ഗുവേര മാര്‍ച്ച് (ജനനം 1963 ജൂണ്‍ 14 ക്യൂബ), ഏണസ്റ്റോ ഗുവേര മാര്‍ച്ച് (ജനനം 1965 ഫെബ്രുവരി 24 ഹവാന). ഇതു കൂടാതെ ലിലിയ റോസ ലോപസ് എന്ന സ്ത്രീയിലും ഒരു കുട്ടിയുണ്ടായി. എന്നാല്‍ ചെ ഇവരെ വിവാഹം കഴിച്ചിരുന്നില്ല. ഒമര്‍ പെരസ്. (1964 മാര്‍ച്ച് 19 , ഹവാന) വിമതസൈന്യത്തിന്റെ അടിച്ചമര്‍ത്തലിനു നേതൃത്വം നല്‍കിയ ബാറ്റിസ്റ്റയുടെ സര്‍ക്കാരിലെ ഉദ്യോഗസ്ഥരെ എന്തു ചെയ്യണം എന്നതായിരുന്നു , പുതിയതായി അവരോധിക്കപ്പെട്ട സര്‍ക്കാരിന്റെ ഏറ്റവും കുഴപ്പം പിടിച്ച രാഷ്ട്രീയ പ്രശ്‌നം. ഇവര്‍ യുദ്ധ തടവുകാരായതുകൊണ്ട് , രണ്ടാം ലോകമഹായുദ്ധത്തിലെ യുദ്ധ കുറ്റവാളികളെ ചെയ്തതുപോലെ തന്നെ വിചാരണ നടത്തണം എന്നതായിരുന്നു ഭൂരിപക്ഷത്തിന്റേയും അഭിപ്രായം. നാസികള്‍ക്കെതിരേ നടത്തിയ ന്യൂറംബര്‍ഗ് വിചാരണ തന്നെ വേണമെന്നതായിരുന്നു റിപ്പബ്ലിക്കിന്റെ തീരുമാനം. ഈ പദ്ധതിയുടെ ഒരു ഭാഗം നടപ്പാക്കാനായി , ഫിഡല്‍ , ചെ ഗുവേരയെ നിയമിച്ചു. അഞ്ചു മാസത്തേക്കായിരുന്നു നിയമനം(ജനുവരി 2 മുതല്‍ ജൂണ്‍ 12, 1959 വരെ).
ചെ ഗുവേരയുടെ ആദ്യത്തെ ലക്ഷ്യം തന്നെ പണം ഒരിടത്തു കുമിഞ്ഞുകൂടുന്നത് തടയുകയും, അതിനെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുകയും ചെയ്യുക എന്നതായിരുന്നു. ക്യാപിറ്റലിസം എന്നതിനെ , ഒരു കൂട്ടം ചെന്നായ്ക്കള്‍ തമ്മിലുള്ള യുദ്ധം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. അതില്‍ മറ്റൊരാളുടെ ചിലവില്‍ വേറൊരാള്‍ വിജയിക്കുന്നു. ഇത് ഒഴിവാക്കി പുതിയ ഒരു മനുഷ്യനെ സൃഷ്ടിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. സന്നദ്ധപ്രവര്‍ത്തനത്തിലൂടെയും , മനസ്സിലെടുക്കുന്ന ഉറച്ച തീരുമാനത്തിലൂടെയും മാത്രമേ, വ്യക്തിയും സമൂഹവും തമ്മിലുള്ള ഐക്യം കെട്ടിപ്പടുക്കാനാവു എന്നു ചെ വിശ്വസിച്ചു. ഇത് സമൂഹത്തില്‍ നടപ്പാക്കാനായി അദ്ദേഹം തന്നെ മുന്നിട്ടിറങ്ങി.
മന്ത്രിമന്ദിരത്തിലുള്ള ഉദ്യോഗം കൂടാതെ, അദ്ദേഹത്തിന്റെ ഒഴിവു സമയങ്ങളില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങളിലും, കരിമ്പിന്‍ ചെടികള്‍ വെട്ടാന്‍ പോലും അദ്ദേഹം തയ്യാറായി. മുപ്പത്താറു മണിക്കൂര്‍ വരെ ഒറ്റയടിക്ക് അദ്ദേഹം ജോലികള്‍ ചെയ്തു, അര്‍ദ്ധരാത്രിയില്‍ കൂടിയാലോചനകളും, യാത്രയ്ക്കിടയില്‍ ഭക്ഷണവും എല്ലാം ഇതിന്റെ ഭാഗമായിരുന്നു. ഓരോ തൊഴിലാളിയും ഒരു മിനിമം ഉല്പാദനം നടത്തിയിരിക്കണം എന്ന് ചെ ഒരു നിബന്ധന വെച്ചു. ഇതില്‍ കൂടുതല്‍ സംഭാവന ചെയ്യുന്നവര്‍ക്ക് ശമ്പളക്കൂടുതലിനു പകരം ഒരു യോഗ്യതാ സര്‍ട്ടിഫിക്കറ്റ് ആണ് അദ്ദേഹം നല്കിയിരുന്നത്. എന്നാല്‍ നിശ്ചിത അളവ് ഉല്പാദിപ്പിക്കാന്‍ കഴിയാത്ത തൊഴിലാളിയുടെ വേതനം, കുറക്കുകയും ചെയ്തു. പുതിയ ഒരു തൊഴില്‍ സംസ്‌ക്കാരം തന്നെ വളര്‍ത്തിയെടുക്കുകയായിരുന്നു അദ്ദേഹം.
ചെ ഗുവേരയുടെ പുതിയ നയങ്ങള്‍ പ്രകാരം പാശ്ചാത്യ രാജ്യങ്ങളുമായുള്ള വാണിജ്യ ബന്ധങ്ങള്‍ ക്യൂബക്ക് കുറഞ്ഞു വന്നു. പക്ഷെ ചെ, അതിനു പകരമായി കമ്മ്യൂണിസ്റ്റ് രാജ്യങ്ങളുമായി വാണിജ്യബന്ധങ്ങള്‍ സ്ഥാപിച്ചെടുത്തു. 1960കളുടെ അവസാനത്തില്‍ ചെ , ചെക്കോസ്ലാവാക്യ, സോവിയറ്റ് യൂണിയന്‍, നോര്‍ത്ത് കൊറിയ, ഹംഗറി, കിഴക്കന്‍ ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ഇത്തരം കരാറുകള്‍ ക്യൂബയുടെ സാമ്പത്തികസ്ഥിതിയെ കുറച്ചെങ്കിലും ഉയര്‍ത്തി. എങ്കിലും, പാശ്ചാത്യരാജ്യങ്ങളെ ഒഴിവാക്കി ഒരു സാമ്പത്തിക ഉയര്‍ച്ച ക്യൂബയെപോലൊരു രാജ്യത്തിനു കഴിയുമായിരുന്നില്ല.
1965 ഫെബ്രുവരി 24 നാണ് ചെ ഗുവേര അവസാനമായി ഒരു അന്താരാഷ്ട്രവേദിയില്‍ പ്രത്യക്ഷപ്പെട്ടത്. അള്‍ജീരിയയില്‍ വെച്ചു നടന്ന ആഫ്രോ ഏഷ്യന്‍ സമ്മേളനത്തില്‍ പങ്കെടുത്തതായിരുന്നു അത്. സാമ്രാജ്യത്വ ശക്തികളുടെ ചൂഷണത്തിനെതിരേ മൂകമായി നിലകൊള്ളുന്ന ജനാധിപത്യരാജ്യങ്ങളുടെ നിലപാടിനെതിരേ ചെ ഗുവേ ആ വേദിയില്‍ തുറന്നടിച്ചു. സാമ്രാജ്യത്ത്വശക്തികളെ എതിര്‍ക്കാനായി കമ്മ്യൂണിസ്റ്റുരാജ്യങ്ങള്‍ക്കുള്ള വ്യക്തമായ നയങ്ങളും ചെ അവതരിപ്പിച്ചു. ക്യൂബയുടെ പ്രധാന സാമ്പത്തികഉറവിടമായ സോവിയറ്റ് റഷ്യയുടെ ചില നയങ്ങളെയും ചെ പൊതുവേദിയില്‍ എതിര്‍ത്തു. മാര്‍ച്ച് പതിനാലിന് തിരിച്ച് ക്യൂബയിലെത്തിയ ചെ ഗുവേരക്ക് ഫിഡലിന്റെ നേതൃത്വത്തില്‍ ശാന്തഗംഭീരമായ വരവേല്പാണ് ഹവാന വിമാനത്താവളത്തില്‍ വെച്ചു നല്‍കിയത്. ഭൂമിയെ രണ്ടാക്കി ഭാഗിച്ചു ചൂഷണം ചെയ്യുന്ന രണ്ട് ശക്തിളെന്നാണ് അമേരിക്കയേയും, സോവിയറ്റ് റഷ്യയേയും ചെ വിശേഷിപ്പിച്ചത്.
വിയറ്റ്‌നാം യുദ്ധത്തില്‍ ചെ ഉത്തര വിയറ്റ്‌നാമിനെ പിന്തുണച്ചു. വികസ്വരരാജ്യങ്ങളോട് മറ്റൊരു വിയറ്റ്‌നാമാകാന്‍ ആഹ്വാനം ചെയ്യുകയും ഉണ്ടായി. മാവോ സെ തൂംഗിന്റെ ശക്തനായ ഒരു പിന്തുടര്‍ച്ചക്കാരനായിരുന്നു ചെ. ക്യൂബയുടെ പുരോഗതി റഷ്യയുടെ സാമ്പത്തിക സഹായത്തെ ആശ്രയിച്ചിരിക്കുന്ന അവസരത്തില്‍ ചെ ഗുവേരയുടെ ഈ റഷ്യ വിരുദ്ധ നിലപാടുകള്‍ ക്യൂബക്ക് ഒരു പാട് പ്രശ്‌നങ്ങളുണ്ടാക്കി. മാവോയുടെ നേതൃത്വത്തില്‍ ചൈനനേടിയെടുത്ത വന്‍ വ്യവസായ പുരോഗതി ചെ ഗുവേരയെ ആകര്‍ഷിച്ചിരുന്നു. അത്തരമൊരു മാറ്റം ആണ് ക്യൂബയില്‍ നടപ്പാക്കാന്‍ ചെ സ്വപ്നം കണ്ടിരുന്നത്. ചെ ഗുവേരയുടെ റഷ്യന്‍ വിരുദ്ധ നിലപാടുകള്‍ കൊണ്ട് വിഷമത്തിലായത് ഫിഡല്‍ ആയിരുന്നു.
റഷ്യന്‍ നിലപാടുകളെയും നയങ്ങളെയും ഫിഡല്‍ സ്വാഗതം ചെയ്തുിരുന്നുവെങ്കിലും, അഴിമതിനിറഞ്ഞത് എന്നു പറഞ്ഞ് ചെ നിഷ്‌ക്കരുണം തള്ളിക്കളയുകയായിരുന്നു. റഷ്യയുടെ സാമ്പത്തിക, രാഷ്ട്രീയ നിലപാടുകളോടുള്ള ചെ ഗുവേരയുടെ വിമര്‍ശനം അദ്ദേഹത്തിന്റെ അക്കാലത്തുള്ള കുറിപ്പുകളില്‍ കാണാമായിരുന്നു. സോവിയറ്റുകള്‍ മാര്‍ക്‌സിനെ മറന്നു എന്നദ്ദേഹം വിശ്വസിച്ചു. മുതലാളിത്ത്വത്തില്‍ നിന്നും ജനാധിപത്യത്തിലേക്കുള്ള മാറ്റത്തിന്റെ ഭാഗമായ വര്‍ഗ്ഗസമരത്തെ തുടച്ചു നീക്കാനുള്ള സോവിയറ്റ് യൂണിയന്റെ താല്പര്യവും അമേരിക്കയോടുള്ള സമാധാന നിലപാടുമെല്ലാം ചെ ഗുവേരഎതിര്‍ത്തിരുന്നു. പണം , ഉല്പന്നങ്ങള്‍, വിപണി , വ്യാപാരം എന്നിവ ഇല്ലാതായി കാണാനാണ് ചെ ആഗ്രഹിച്ചത്. എന്നാല്‍ റഷ്യ ഇതിനു വേണ്ടിയാണ് പരിശ്രമിച്ചത്. സോവിയറ്റുകാര്‍ മാറാനായി തയ്യാറായില്ലെങ്കില്‍ അവര്‍ തിരിച്ച് മുതലാളിത്ത്വത്തിലേക്കു തന്നെയാണ് പോകുന്നത് എന്ന് ചെ ഉറക്കെ പ്രഖ്യാപിച്ചു. അള്‍ജീരിയന്‍ പ്രസംഗത്തിനുശേഷം, ഏവരെയും അമ്പരപ്പിച്ചുകൊണ്ട് അദ്ദേഹം അപ്രത്യക്ഷനായി.
നിഗൂഢമായ ഒരു താവളത്തിലേക്കാണ് അദ്ദേഹം പോയത്. അതിനെക്കുറിച്ച്, യാതൊരാള്‍ക്കും അറിവുണ്ടായിരുന്നില്ല. ക്യൂബയുടെ വ്യവസായ മന്ത്രി കൂടിയായിരുന്ന ചെ ഗുവേരയുടെ ഈ നടപടി നടപ്പിലായിക്കൊണ്ടിരുന്ന ക്യൂബന്‍ വ്യാവസായിക പുരോഗതിയെ പിന്നോട്ടടിച്ചു. ചെ ഗുവേരയുടെ ചൈനീസ് രീതി റദ്ദാക്കാന്‍ ഫിഡലിന്റെ മുകളില്‍ സോവിയറ്റ് സമ്മര്‍ദ്ദം കൂടി വന്നു. ചെ ഗുവേര, തനിക്കു തോന്നുമ്പോള്‍ മാത്രം പൊതുജനമധ്യത്തില്‍ വരുമെന്ന് ഫിഡല്‍ ഒരു പൊതുയോഗത്തില്‍ പ്രഖ്യാപിച്ചു. ചെഗുവേരയുടെ അപ്രത്യക്ഷമാകലിനെ തുടര്‍ന്നുണ്ടായ നിഗൂഢത നീക്കുവാനാണ് ഫിഡല്‍ ഇങ്ങനെയൊരു പ്രഖ്യാപനം നടത്തിയത്.
1965 ഒക്ടോബര്‍ 3 ന് തീയതി വെക്കാത്ത ഒരു കത്ത് ചെ ഗുവേര ഫിഡലിന് അയച്ചു. ആ കത്ത് ഫിഡല്‍ പൊതുജനമധ്യത്തില്‍ വായിക്കുകയുണ്ടായി. അതില്‍ ഇങ്ങിനെ പറഞ്ഞിരുന്നു. ക്യൂബന്‍ വിപ്ലവത്തോട് ഐക്യം പ്രഖ്യാപിച്ചുകൊണ്ട് തന്നെ, ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ വിപ്ലവം നയിക്കാനായി താന്‍ പോകുകയാണ്. ക്യൂബയിലെ സര്‍ക്കാരിലും, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലുമുള്ള എല്ലാ ഔദ്യോഗി സ്ഥാനങ്ങളും രാജിവെക്കുകയാണ്. ഇതോടൊപ്പം ക്യൂബന്‍ വിപ്ലവത്തിന്റെ ഭാഗമായി ലഭിച്ച ക്യൂബന്‍ പൗരന്‍ എന്ന പദവിയും ഉപേക്ഷിക്കുകയാണ്.
1966 നവംബറില്‍ ചെ ലാപാസില്‍ എത്തി, ബൊളീവിയയില്‍ വിപ്ലവം നടത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ബൊളീവിയയിലേക്ക് തിരിക്കുന്നതിനുമുമ്പ് അദ്ദേഹം ശാരീരികമായി മാറി. തന്റെ താടി
വടിച്ചു കളഞ്ഞു. കൂടാെത തലമുടിയില്‍ കുറച്ചു ഭാഗവും. തലമുടി ചാരനിറത്തിലുള്ള ചായംപൂശി. ഇത്തരത്തില്‍ താന്‍ ചെ ഗുവേരയാണെന്ന് ലോകം അറിയാതിരിക്കാനുള്ള എല്ലാ കരുതലും അദ്ദേഹം
എടുത്തു. ചെ ഗുവേരയുടെ ആദ്യത്തെ താവളം, നങ്കാഹുവാ എന്ന വിദൂര ഗ്രാമത്തിലുള്ള മൊണ്ടേന്‍ ഡ്രൈ ഫോറസ്റ്റ് ആയിരുന്നു. ഒരു ഗറില്ലാ സൈന്യം വാര്‍ത്തെടുക്കാനുള്ള യാതൊരു സാഹചര്യവും ആ താഴ്വരയിലുണ്ടായിരുന്നില്ല.
തുടക്കം മുതല്‍ തന്നെ ആ ദൗത്യം ഒരു വിഷമമേറിയതായിരുന്നു. അര്‍ജന്റീനയില്‍ ജനിച്ച ജര്‍മ്മനിക്കാരിയായ ടാമര ബങ്കെ എന്ന യുവതിയായിരുന്നു ലാ പാസിലെ ചെ യുടെ പ്രധാന സഹചാരി. ഏതാണ്ട് അമ്പത് പേരടങ്ങുന്ന ഒരു ചെറിയ സൈന്യമായിരുന്നു ചെ ഗുവേരക്ക് അവിടെയുണ്ടായിരുന്നത്. നാഷണല്‍ ലിബറേഷന്‍ ആര്‍മി ഓഫ് ബൊളീവിയ എന്ന പേരിലാണ് ഈ ഗറില്ലാ സൈന്യം അറിയപ്പെട്ടത്. കാമിറി പ്രദേശത്ത് ഈ സൈന്യം വളരെ വിലപ്പെട്ട ചില വിജയങ്ങള്‍ നേടുകയുണ്ടായി.
1967 ലെ വിവിധ കാലങ്ങളില്‍ ചെ യുടെ സൈന്യം ബൊളീവിയന്‍ സേനക്കെതിരേ കടുത്ത ആക്രമണങ്ങള്‍ നടത്തി വിജയിച്ചു. ഇത്തരം തുടരെയുള്ള വിജയങ്ങള്‍ കണ്ട് ബൊളീവിയന്‍സര്‍ക്കാര്‍ ഈ സൈന്യത്തിന്റെ വലുപ്പം വളരെ വലുതായിരിക്കുമെന്നുള്ള തെറ്റിദ്ധാരണക്കടിമപ്പെട്ടു. എന്നാല്‍ ആ സെപ്തംബറില്‍ സേന, രണ്ട് ഗറില്ലാ ഗ്രൂപ്പുകളെ പൂര്‍ണ്ണമായും നശിപ്പിച്ചു. അവരുടെ നേതാക്കളെ ക്രൂരമായി വധിച്ചു.
ചെ ഗുവേര പ്രതീക്ഷിച്ചിരുന്നത് യാതൊരു പരിശീലനവുമില്ലാത്ത, കഴിവുകള്‍ കുറഞ്ഞ ബൊളീവിയന്‍ പട്ടാളത്തെ മാത്രമേ ഏതിരിട്ടാല്‍ മതി എന്നാണ്. എന്നാല്‍ അമേരിക്ക ബൊളീവിയയിലെ പുതിയ വിപ്ലവത്തെ തകര്‍ക്കാനായി പ്രത്യേക പരിശീലനം നേടിയ ഒരു സൈനിക സംഘത്തെ അയച്ചിരുന്നത് ചെ ഗുവേരക്ക് അറിയാമായിരുന്നില്ല. ഈ സേന, ഗറില്ലാ യുദ്ധ മുറകളില്‍ പ്രാവീണ്യം ലഭിച്ചിരുന്നവരായിരുന്നെന്ന്. ഇവര്‍ ബൊളീവിയന്‍ സൈന്യത്തെയും ഇത്തരം യുദ്ധമുറകള്‍ പരിശീലിപ്പിച്ചു. ചെ ഗുവേര പ്രാദേശിക ഗ്രൂപ്പുകളില്‍ നിന്നും സഹകരണം പ്രതീക്ഷിച്ചിരുന്നുവെങ്കിലും അത് അദ്ദേഹത്തിനു ലഭിച്ചില്ല. ബൊളീവിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും സഹകരിച്ചില്ല. അവര്‍ക്ക് ഹവാനയേക്കാള്‍, മോസ്‌ക്കോയോടായിരുന്നു അടുപ്പം.
ഹവാനയുമായി വേണ്ട സമയത്ത് റേഡിയോ ബന്ധം പുലര്‍ത്താന്‍ ചെ ഗുവേരയുടെ സൈന്യത്തിനു കഴിഞ്ഞില്ല. ക്യൂബയില്‍ നിന്നും അവര്‍ക്കു കൊടുത്തിരുന്ന രണ്ട് ഷോര്‍ട്ട് വേവ് റേഡിയോകളും തകരാറുള്ളവയായിരുന്നു. ഗറില്ലകള്‍, കാട്ടിനുള്ളില്‍ വേണ്ട ആവശ്യവസ്തുക്കള്‍ കിട്ടാതെ ഒറ്റപ്പെട്ടു. ഇതു കൂടാതെ പ്രാദേശികനേതാക്കളും, സംഘങ്ങളുമായി ഒരു സമവായത്തിനു ശ്രമിക്കാതെ, അവരുമായി ഏറ്റുമുട്ടാനാണ് ചെ ഗുവേര പലപ്പോഴും ശ്രമിച്ചത്. ഇത് അദ്ദേഹം പ്രതീക്ഷിച്ച സഹകരണം കിട്ടാതിരിക്കാന്‍ ഇടയാക്കി. ചെ' യും കൂട്ടാളികളും ബൊളീവിയന്‍ കാടുകളില്‍ ഒളിച്ചു കഴിഞ്ഞു. അവര്‍ താവളങ്ങള്‍ മാറി മാറി യാത്ര തുടര്‍ന്നു.
ഈ യാത്രയില്‍ പ്രായം ചെന്ന എപിഫിനയ എന്ന സ്ത്രിയെ കണ്ടുമുട്ടി. ഹിഗ്വേറയില് നിന്ന് ഒറ്റകൂട്ടമായി തന്റെഅടുകളുമായി വരികയായിരുന്നു അവര്. അവര്ക്കും പെണ്മക്കള്ക്കും അമ്പത് പെസോ നല്കി. ''ഒരുവാക്കും മിണ്ടരുതെന്ന നര്‌ദേശത്തോടെയായിരുന്നു അത്. പക്ഷേ അവര് തന്െറ വാഗ്ദാനത്തില് ഉറച്ചുനില്ക്കുമെന്ന ഒരു പ്രതീക്ഷയും അദ്ദേഹത്തനുണ്ടായിരുന്നില്ല. ''. ആ പ്രായം ചെന്ന സ്ത്രീ ഒരിക്കലും അവരെ വഞ്ചിച്ചതുമില്ല. സൈന്യത്തെ ഭയന്ന് തന്റെരണ്ടു പെണ്മക്കളുമായി അവര് മലയിലേക്ക് പോയി. 1967 ഒക്ടോബര്‍ 7ന്, ഒരു ഒറ്റുകാരന്‍ ബൊളീവിയന്‍ പ്രത്യേക സേനയെ ചെ ഗുവേരയുടെ ഒളിത്താവളത്തിലേക്കു നയിച്ചു .
ഒക്ടോബര്‍ 8ന് ഏതാണ്ട് 1,800 ഓളം വരുന്ന പട്ടാളക്കാര്‍ ചെ ഗുവേരയുടെ ഒളിസങ്കേതം വളഞ്ഞു. മുറിവേറ്റു തോക്കുപയോഗിക്കാന്‍ കഴിയാതെയായ ചെ പട്ടാളക്കാരെ കണ്ട് ഉച്ചത്തില്‍ പറഞ്ഞു ഞാന്‍ ചെ ഗുവേരയാണ്, എന്നെ കൊല്ലാതെ ജീവനോടെ പിടിക്കുന്നതാണ് നിങ്ങള്‍ കൂടുതല്‍ വിലപ്പെട്ടത് . അന്നു രാത്രിതന്നെ അവര്‍ ചെ ഗുവേരയെ ബന്ധിച്ച് തൊട്ടടുത്ത ഗ്രാമമായ ലാ ഹിഗ്വേരയിലെ ഒരു പൊളിഞ്ഞ മണ്ണു കൊണ്ടുണ്ടാക്കിയ സ്‌കൂളിലേക്ക് എത്തിച്ചു. അടുത്ത ദിവസം, ബൊളീവിയന്‍ മേധാവികളുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയാന്‍ ചെ തയ്യാറായില്ല. എന്നാല്‍ സൈനികാംഗങ്ങളോട് പതിഞ്ഞ ഭാഷയില്‍ അദ്ദേഹം സംസാരിച്ചു. ചെ , യെ പിടിക്കുമ്പോള്‍ , അദ്ദേഹത്തിന്റെ വലതു കാല്‍വെണ്ണയില്‍ വെടിയേറ്റ മുറിവുണ്ടാിരുന്നു, മുടി പൊടികൊണ്ട് കട്ടപിടിച്ചിരുന്നു, വസ്ത്രങ്ങള്‍ കീറിപറിഞ്ഞിരുന്നു, ഒരു പഴയ പാദരക്ഷകളാണ് കാലില്‍ ധരിച്ചിരുന്നത്. എങ്കിലും അദ്ദേഹം, തല ഉയര്‍ത്തിപിടിച്ച് എല്ലാവരുടേയും കണ്ണുകളില്‍ നോക്കി ആണ് സംസാരിച്ചിരുന്നത്.
ദയ തോന്നിയ ഒരു പട്ടാളക്കാരന്‍ അദ്ദേഹത്തിന് പുകയില നല്‍കി. അതു സ്വീകരിച്ച ചെ , ഒരു പുഞ്ചിരിയോടെ നന്ദി പറഞ്ഞു. ചെ ഗുവേര പുകവലിച്ചുകൊണ്ടിരുന്ന പൈപ്പ് വായില്‍ നിന്നെടുക്കാന്‍ ശ്രമിച്ച എസ്പിനോസ എന്ന ബൊളീവിയന്‍ പട്ടാളക്കാരനെ ചെ ചവിട്ടിത്തെറിപ്പിച്ചു. അദ്ദേഹത്തിന്റെ കൈയും കാലും കെട്ടിയിരുന്നിട്ടുപോലും.
വെടിവെച്ചുകൊല്ലുന്നതിനു തൊട്ടുമുമ്പ്, അഡ്മിറല്‍ ഉഗാര്‍ത്തെയുടെ മുഖത്ത് ചെ ധിക്കാരത്തോടെ തുപ്പുകയുണ്ടായി. പിറ്റേ ദിവസം രാവിലെ , ചെ ആ ഗ്രാമത്തിലെ സ്‌കൂള്‍ അദ്ധ്യാപികയെ കാണണമെന്ന് ആവശ്യപ്പെട്ടു. 22 കാരിയായ ജൂലിയ കോര്‍ട്ടസ് ഈ സംഭവത്തെ പിന്നീട് ഇങ്ങനെ വിവരിക്കുന്നു. അദ്ദേഹത്തിന്റെ കണ്ണുകളില്‍ നോക്കാന്‍എനിക്കാവുമായിരുന്നില്ല, തുളച്ചു കയറുന്ന ഒരു തീക്ഷ്ണമായ ഒരു നോട്ടമായിരുന്നു.
ഇമകള്‍ അനങ്ങാതെ നിന്ന പ്രശാന്തമായ നോട്ടം. സ്‌കൂളിന്റെ ശോചനീയാവസ്ഥയെക്കുറിച്ച് ചെ ജൂലിയയോട് സംസാരിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആഢംബര കാറുകളില്‍ സഞ്ചരിക്കുമ്പോള്‍ ഈ സ്‌കള്‍ ഇങ്ങനെ കിടക്കുന്ന ഒരു ശരിയായ രീതി അല്ലെന്ന് ചെ പറയുകയുണ്ടായി. ഇതുകൊണ്ടാണ് ഞങ്ങള്‍ ഈ വ്യവസ്ഥിതിക്കെതിരായി യുദ്ധം ചെയ്യുന്നതെന്നും കൂടി കൂട്ടിച്ചേര്‍ത്തു.
ഒക്ടോബര്‍ 9ന്റെ പ്രഭാതത്തില്‍ ബൊളീവിയന്‍ പ്രസിഡന്റ് റെനെ ചെഗുവേരയെ വധിക്കാന്‍ ഉത്തരവിട്ടു. മാരിയോ തെരാന്‍ എന്ന പട്ടാളക്കാരനാണ് ചെ ഗുവേരയെ വധിക്കാനായി മുന്നോട്ടു വന്നത്. ചെ ഗുവേരയെ കൊല്ലാനുള്ള അധികാരം അയാള്‍ ചോദിച്ചു വാങ്ങുകയായിരുന്നു. അയാളുടെ മൂന്നു സുഹൃത്തുക്കുള്‍ മുമ്പ് ചെ ഗുവേരയുടെ ഗറില്ലാസംഘവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. അതുകൊണ്ടുള്ള വിരോധമായിരുന്നു, ഈ തീരുമാനമെടുക്കാന്‍ കാരണം.
ചെ ഗുവേര കൊല്ലപ്പെട്ടത് ഒരു ഏറ്റുമുട്ടലിലൂടെയാണെന്ന് ലോകത്തോടു വെളിവാക്കാനായി മുറിവുകളുടെ എണ്ണം പൊരുത്തമുള്ളവയായിരിക്കണമെന്ന് ഫെലിക്‌സ് റോഡ്രിഗ്‌സ് ആ പട്ടാളക്കാരനോട് പറഞ്ഞിരുന്നു. യാതൊരുവിധേനെയും ചെ രക്ഷപ്പെടാതിരിക്കാനായാണ് ബൊളീവിയന്‍ പ്രസിഡന്റ് ആ കൃത്യം വളരെ പെട്ടെന്ന് തന്നെയാക്കിയത്.
കൂടാതെ വിചാരണ എന്ന നാടകത്തെയും ഒഴിവാക്കാന്‍ ഈ തീരുമാനം കൊണ്ട് അവര്‍ക്ക് കഴിഞ്ഞു. വധിക്കപ്പെടുന്നതിനു തൊട്ടുമുമ്പ് നിന്റെ അറിവില്ലായ്മയെക്കുറിച്ചു നീ ചിന്തിക്കുന്നുവോ എന്ന് പട്ടാളക്കാരന്‍ ചെ ഗുവേരയോട് ചോദിച്ചു. ഉറച്ച മറുപടി വന്നു ഇല്ല , ഞാന്‍ ചിന്തിക്കുന്നത് വിപ്ലവത്തിന്റെ അമരത്വത്തെക്കുറിച്ചാണ് തെരാന്‍ തന്നെ വധിക്കുവാന്‍ കുടിലിലേക്ക് കടന്നപ്പോള്‍ ചെ അയാളോട് പറഞ്ഞു എനിക്കറിയാം നീ എന്നെ കൊല്ലാനാണ് വന്നിരിക്കുന്നതെന്ന്, നിറയൊഴിക്കൂ, ഭീരു. നീ ഒരു മനുഷ്യനെമാത്രമാണ് കൊല്ലാന്‍ പോകുന്നത്. തെരാന്‍ ഒന്നു പതറിയെങ്കിലും തന്റെ യന്ത്രത്തോക്കുകൊണ്ട് ചെ ഗുവേരക്കു നേരെ നിറയൊഴിച്ചു.
കൈകളിലും കാലിലും വെടിവെച്ചു. ചെ നിലത്തു വീണു പിടഞ്ഞു. കരയാതിരിക്കാനായി തന്റെ കൈയ്യില്‍ ചെ കടിച്ചു പിടിച്ചു. തെരാന്‍ പിന്നീട് തുരുതുരാ നിറയൊഴിച്ചു. നെഞ്ചിലുള്‍പ്പടെ ഒമ്പതുപ്രാവശ്യം തെരാന്‍ ചെ ഗുവേരക്കു നേരെ നിറയൊഴിച്ചു. അഞ്ചു പ്രാവശ്യം കാലുകളിലായിരുന്നു. രണ്ടെണ്ണം യഥാക്രമം വലതുതോളിലും കൈയ്യിലും. ഒരെണ്ണം നെഞ്ചിലും, അവസാനത്തേത് കണ്ഠനാളത്തിലുമായിരുന്നു വെടിയേറ്റത്. മരണശേഷം ചെ ഗുവേരയുടെ ശവശരീരം ഒരു ഹെലികോപ്ടറിന്റെ വശത്ത് കെട്ടിവച്ച നിലയിലാണ് കൊണ്ടുപോയത്.
വല്ലൈഗ്രാന്‍ഡയിലുള്ള ഒരു ആശുപത്രിയിലെ അലക്കുമുറിയില്‍ ആണ് ചെ ഗുവേരയുടെ മൃതശരീരം കിടത്തിയിരുന്നത്. മരിച്ചത് ചെ ഗുവേര തന്നെയെന്ന് ഉറപ്പിക്കാനായി ധാരാളം ദൃക്‌സാക്ഷികളെ കൊണ്ടുവന്ന് ശരീരം കാണിച്ചിരുന്നു. അതില്‍ പ്രധാനിയായിരുന്നു ബ്രിട്ടീഷ് പത്രലേഖകനായിരുന്ന റിച്ചാര്‍ഡ് ഗോട്ട്, ഇദ്ദേഹമാണ് ജീവനോടെ ചെ ഗുവേരയെ കണ്ട ഏക സാക്ഷി. മരിച്ചു കിടന്ന ചെ ഗുവേരയെ അവിടുത്തെ ആളുകള്‍ ഒരു വിശുദ്ധനെപ്പോലെയാണ് നോക്കിക്കണ്ടത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
